Feb 9, 2011

ബെഞ്ചാലി മനസ്സിലാക്കിയ ‘സാഹിത്യം‘സാഹിത്യ അക്കാഡമി, സാഹിത്യ പുരസ്കാരം, സാഹിത്യോത്സവം, സാഹിത്യസമാജം അങ്ങിനെ സാഹിത്യങ്ങളുടെ ലോകം നീണ്ടതാണ്. അതിനെ കുറിച്ചൊന്നുമല്ല, ഞാനിവിടെ പറയുന്നത് എഴുത്തുകളിലെ സാഹിത്യത്തെ കുറിച്ചാണ്. എന്തിനാണ് സാഹിത്യമെന്ന് അറിഞ്ഞാൽ എന്താണ് സാഹിത്യമെന്ന് അറിയും. ആശയങ്ങളില്ലാതെ ഒരേ പോലുള്ള വാക്കുകളൊരുമിച്ചെഴുതിയാൽ കാണാനൊരുപക്ഷെ നല്ല ചേലുണ്ടാകുമെങ്കിലും സാഹിത്യമെന്ന അർത്ഥതലങ്ങളിലത് ഉൾകൊള്ളില്ല.  സാഹിത്യകാരന്റെ കഴിവ് ആശയങ്ങളെ എളുപ്പത്തിൽ മനസ്സിൽ തട്ടുന്ന രീതിയിൽ അവതരിപ്പിക്കുന്നതിലാണ്. എളുപത്തിലെന്നാൽ രണ്ട് വരികളിലൊതുക്കാം, എന്നാൽ മനസ്സിനെ തൊട്ടുണർത്തുന്നതാവണമെങ്കിൽ രണ്ട് വരികൾ കൊണ്ടാവണമെന്നില്ല. അത് കൊണ്ട് തന്നെ ലളിതമായ വിവരണങ്ങളിലൂടെ വ്യക്തമാക്കിയാൽ ലക്ഷ്യത്തിലെത്തും, വിവരണങ്ങളിൽ വർണ്ണം ചാലിച്ചെഴുതിയാൽ വർണ്ണങ്ങളിലൂടെ ആശയം മനസ്സിലേക്കെത്തും. അപ്പോൾ ആശയങ്ങൾക്ക് വർണ്ണം കൊടുത്ത് കൈമാറ്റം ചെയ്യാൻ കഴിയുന്ന എഴുത്ത് സാഹിത്യത്തിന്റെതാവും.

ചിത്രകാരൻ മനുഷ്യമനസ്സുകൾക്ക് ഉൾക്കൊള്ളാനാവാത്ത, ആശയമില്ലാത്ത കളറുകൾ ഘടനയോടെ വിതറിയാലും ഒരുപക്ഷെ കണ്ണിന് നിമിഷങ്ങളുടെ കുളിർമ്മ കിട്ടുമെങ്കിലും ആശയമില്ലാത്തവക്ക് ജീവനില്ല, നിലനില്പുമില്ല. ഇനി ആശയങ്ങളെ ആവശ്യത്തിലേറെ, അനർത്ഥകമായ ആകാരവും നിറങ്ങളും കൊണ്ട്  ചിത്രീകരിക്കുകയാണെങ്കിൽ മുഴച്ച് നിൽക്കുക അനർത്ഥങ്ങളാവുകയും അങ്ങിനെ ശരിയായ രീതിയിൽ ആശയകൈമാറ്റം പ്രാപ്യസ്ഥാനത്തെത്തുകയുമില്ല. ഏച്ചുകെട്ടിയത് മുഴച്ച് നിൽക്കും.

പറഞ്ഞുവരുന്നത്, സാഹിത്യകാരന്റെ ലക്ഷ്യം പരിപൂർണ്ണ ആശയ കൈമാറ്റമാണ്. നല്ലൊരൂ രചന വായിക്കുന്നവർ രചനയിൽ അലിഞ്ഞുചേരും. സാഹിത്യം തന്റെ വായനക്കാരനെന്ന ഇണയിലേക്ക് പ്രവേശിക്കുന്നത് പോലെയാവണം ശരിയായ സാഹിത്യാവതരണം. ലക്ഷ്യം ഓർഗാസമാണെങ്കിലും അതിലേക്കുള്ളപ്രയാണം ഭംഗിയോടെ അവതരിപ്പിക്കാൻ കഴിഞ്ഞാൽ അത് വിജയകരമായി. സാഹിത്യമില്ലാത്ത ഭാഷ ലക്ഷ്യത്തിലെത്തിയാലും ആത്മനിർവൃതിയുണ്ടാകില്ല, അതിനാൽ തന്നെ നല്ല കരുത്തുള്ള വാക്കുകളാണെങ്കിലും ഉൾകൊള്ളാൻ കഴിയാതെ തള്ളപെടും. അനാവശ്യ മോഹവാക്കുകളിലൂടേയും സാഹിത്യത്തെ മാനഭംഗപെടുത്തിയും ലക്ഷ്യത്തിലെത്താം പക്ഷെ വായിക്കുന്നവൻ പൂർത്തിയാക്കാൻ സമ്മതിക്കില്ല, പൂർത്തിയാക്കിയാൽ തന്നെ അത്മാവിൽനിന്നതിനെ അവജ്ഞയോടെ വലിച്ചെറിഞ്ഞിട്ടുണ്ടാവും. 

***

ബ്ളോഗ്

സാഹിത്യത്തിൽ ഏറ്റവും സജീവമായ ശാഖയാണ് ചെറുകഥകൾ അവ ഹരിതാഭയോടെ എവിടെയും പന്തലിച്ച് നിൽക്കുന്നു. അത് പോലെതന്നെയാണ് ബ്ളോഗുകളും. നെറ്റീസൺഷിപ്പുള്ള അക്ഷരസ്നേഹിയുടെ സ്വത്താണ് ബ്ളോഗ്. വ്യത്യസ്ത പൂക്കൾ വിരിയിക്കുന്ന വള്ളികൾകൊണ്ടുണ്ടാക്കിയ പൂമരമാണത്. മണമുള്ള പൂക്കളുണ്ട്, കാഴ്ച്ചയുള്ള പൂക്കളുണ്ട്, രണ്ടുമില്ലാത്ത കരിവണ്ട് പോലും അടുക്കാത്തവയുമുണ്ട്. കോപ്പിയടിച്ച ചൈനീസ് പൂക്കളുമുണ്ട്. അങ്ങിനെ എല്ലാ തരം കല കൊലകളെയും ഉൾകൊള്ളാനുള്ള കരുത്ത് ലോകത്ത് ബ്ളോഗിന് മാത്രമെയുള്ളൂ.


ആർക്കും ബ്ളോഗറാകാം.

എന്ത് കുറിച്ചിട്ടാൽ വായിച്ചും വായിക്കാതെയും അനുമോദിക്കുന്നവരുടെ ലോകമാണ് ബ്ളോഗ്. പോസ്റ്റിൽ വായിച്ചതൊന്നും മനസ്സിലായില്ലെങ്കിൽ തന്നെ അഭിനന്ദനങ്ങൾ ചൊരിഞ്ഞ് കൊടുക്കാൻ ആളുകൾ ക്യൂവിലാണ്. ചിലരെങ്കിലും ബ്ളോഗ് പോസ്റ്റുകളെ ‘അഭിനന്ദനം കൈമാറാനു‘ള്ളതായി കാണുന്നത് പോലെയാണ്. ഉഗ്രൻ, ജോറ്, അടിപൊളി, തുടങ്ങി ഏറ്റിയാൽ പൊന്താത്ത കമന്റുകൾ നിറച്ചിടും, തിരിച്ചും അത് പോലെ ലഭിക്കാൻ!!. കൊടുക്കലും വാങ്ങലുമായി ബ്ളോഗ് ലോകത്തെ നശിപ്പിക്കുന്നത് ഇത്തരം കൂട്ടരാണ്.  പോസ്റ്റുകൾ ആശയ സംവാദത്തിനാവണം. മനസ്സിലായില്ലെങ്കിൽ തുറന്ന് ചോദിക്കണം. എന്താണ് പോസ്റ്റുകളിലെ വാക്കുകൾകൊണ്ട് ഉദ്ദേശിച്ചതെങ്കിലും മനസ്സിലാക്കണം. അങ്ങിനെയാകുമ്പൊൾ ആശയങ്ങൾ പങ്കുവെക്കലും രണ്ടുപേരുടെയും അറിവ് വർദ്ധിക്കാനും കാരണമാകും. അതിന് പകരം അനർഹമായ കമന്റുകൾ നൽകി ആകാശത്തോളം ഉയർത്തി അവസാനം കാര്യത്തോട് അടുക്കുമ്പോൾ അടിത്തറയില്ലാതെ പൊളിഞ്ഞ് വീണ് നശിക്കുന്നവരാരുത് ബ്ളോഗറ്.


ആളെ നോക്കാതെ കോള്  നോക്കുക

ആശയ ദാരിദ്ര്യമാണ് ബ്ളോഗറെ അനാവശ്യ പോസ്റ്റുകളിലെത്തിക്കുന്നത്. അവ പഴന്തുണികൾ വലിച്ച് കീറുമ്പോഴുണ്ടാകുന്ന ‘ഗ്യാസ്ട്രബിളിന്റെ‘ ഒച്ചയല്ലാതെ ചലനങ്ങളൊന്നും സൃഷ്ടിക്കില്ല. നന്മ ഉദ്ദേശിച്ച് നിങ്ങളിലേക്കെത്തിയവർ മൂക്ക് പൊത്തി തിരിഞ്ഞോടുകയും ചെയ്യും. അതിനാൽ  പഴയതാണെങ്കിലും പുതിയതാണെങ്കിലും കഥയാണെങ്കിലും കവിതയാണെങ്കിലും നല്ല ആശയങ്ങളുള്ളതാക്കാൻ ശ്രമിക്കുക. നല്ല ആശയങ്ങളുണ്ടായാലും ചിലർക്ക് സ്വന്തം പോസ്റ്റിനെ ഉൾകൊള്ളാനുള്ള മാനസ്സിക ശക്തിയുണ്ടാകില്ല. അത്തരക്കാരാണ്, എന്നെ വന്ന് ചീത്ത പറയൂ.. കളിയാക്കൂ എന്നിങ്ങനെ എഴുതിവിടുന്നത്. ചിലർ തമാശക്ക് വേണ്ടി അളുകളെ കൂട്ടാനും ഇത്തരം രീതികൾ ഉപയോഗിക്കാറുണ്ട്. അത് ശരിയായ രീതിയല്ല. രചനകൾ നെഞ്ചിലേറ്റി നടക്കുന്നവയാണെങ്കിൽ അവയെ സ്വയം അപ്രധാനമായി കാണാതെ ആത്മാഭിമാനത്തോടെ അവതരിപ്പിക്കുക.

പോസ്റ്റിടുന്ന വിഷയത്തിൽ ഗുണകരമായ മാറ്റത്തിരുത്തലുകൾക്ക് എഡിറ്റോറിയൽ ബോർഡ് ബ്ളോഗ് ലോകത്തില്ല. അതിനാൽ പോസ്റ്റിടുന്ന വിഷയത്തിലെ എഡിറ്റോറിയൽ ബോർഡുകളുടെ ജോലി കമന്റ് ബോക്‌സുകളാവണം.  അഭിപ്രായങ്ങൾ പലരീതിയിലുണ്ടാവും, ഞാൻ എഴുതിയത് ശരി, എന്റെ മുയലിന് രണ്ട് കൊമ്പ് എന്നരീതിയിലുള്ള  അനാവശ്യവാദങ്ങളൊഴിവാക്കി അഭിപ്രായങ്ങളെ അനലൈസ് ചെയ്യുത് പഠിക്കുകയാണെങ്കിൽ നമ്മുടെ അറിവ് വർദ്ധിക്കുകയും നാം നല്ലൊരൂ ബ്ളോഗറാവുകയും ചെയ്യും. അതിനാൽ കമന്റിടുന്നവർ നന്മ ഉദ്ദേശിക്കുന്നു എങ്കിൽ എഴുതിയ വ്യക്തികളെ നോക്കാതെ ആശയങ്ങളെ നോക്കി കമന്റിടുക.


എങ്ങിനെ ആശയങ്ങളുണ്ടാക്കി എടുക്കാം?

മോണിറ്ററിൽ അക്ഷരങ്ങൾ വന്നാൽ കുറച്ച് നിമിഷം ഒരു മൂന്നാം കണ്ണ് കൊണ്ട് നോക്കിയാൽ മനസ്സിലാവും എന്താണ് നമുക്ക് മുമ്പിലുള്ളതെന്ന്. എഴുതുക എന്നാൽ നമ്മിലടങ്ങിയ ആശയം ആനന്ദത്തോടെ പ്രകടിപ്പിക്കൽ മാത്രമല്ലജ്ഞാനം നേടുയുമാണ്. നമ്മിലെ സങ്കീർണ്ണമായ ചിന്തകളും വികാരങ്ങളും ഒരിക്കലും എഴുതി തീരില്ല. തുടക്കത്തിൽ പ്രതീക്ഷകളോടെയുള്ള മുന്നേറ്റം ബുദ്ധിമുട്ടുള്ളതാണെങ്കിലും ശരിയായ രീതിയിലെഴുതിയാൽ ലഭിക്കുന്ന പ്രതികരണം ആശ്വസവും ആത്മനിർവൃതിയും നൽകും.

ആരും പ്രാസംഗികനോ എഴുത്തുകാരനോ ആയിട്ടല്ല ജനിച്ച് വീഴുന്നത്. ലോകത്ത് തീരെ സർഗ്ഗശക്തിയില്ലാത്ത വ്യക്തികൾ കുറവാണ്. ക്രിയേറ്റിവിറ്റി കൂടിയും കുറഞ്ഞുമിരിക്കും. ക്രിയേറ്റിവിറ്റിയുള്ളവർക്ക് ആശയരൂപീകരണം എളുപ്പത്തിലാകുമെന്ന് മാത്രം. പരിശ്രമങ്ങളാണ് നമ്മളിൽ പദവികളുണ്ടാക്കുന്നത്. നമ്മളിലടങ്ങിയ ആശയങ്ങളെ മറ്റുള്ളവർക്ക് പറഞ്ഞ് കൊടുക്കാൻ പറ്റിയ ഏറ്റവും ശക്തമായ മീഡിയ പ്രസംഗവും എഴുത്തുമാണ്. ഇവരണ്ടും പരിശീലനത്തിലൂടേ നേടിയെടുക്കാനെ സാധിക്കുകയുള്ളൂ.  

റോബെർട്ട് ഫ്രോസ്റ്റ് പറഞ്ഞു, ഒരു ആശയം എഴുതാൻ പഠിക്കുക എന്നത് തന്നെ ഒരു ആശയം ഉണ്ടാക്കിയെടുക്കലാണ്. എങ്ങിനെ ഒരാൾ എഴുതാനുള്ള ആശയങ്ങൾ ഉണ്ടാക്കി എടുക്കും? ചില രീതികൾ പരീക്ഷിക്കുകയാണെങ്കിൽ താല്പര്യമുള്ളവർക്ക് സാധിച്ചെടുക്കാവുന്നതാണിത്.  ഏത് എഴുത്തിനും  വായന അത്യാവശ്യമാണ്. ഒരു പെൻസിൽ ഉപയോഗിച്ച് വായിച്ച വാക്കുകളെ വ്യാഖ്യാനിക്കുക. ഒരു ആനുകാലിക പ്രസിദ്ധീകരണമാണ് വായിക്കുന്നതെങ്കിൽ മനസ്സിലേക്ക് വരുന്ന പ്രതിഫലനത്തിന്റെ ഒരു ശകലം നോട്ടിൽ കുറിച്ചിടുക. ഉരുത്തിഞ്ഞുകിട്ടിയ ആശയത്തെ അറിവുള്ളവരുമായി സംവദിക്കുക, അങ്ങിനെ അവരുമായി ആശയം പങ്കുവെക്കുമ്പോൾ  ആ വിഷയത്തിൽ വ്യത്യസ്തരീതിയിൽ ആശയ രൂപികരണം സാധ്യമാക്കാം. അതുവഴി ലഭിക്കുന്ന ആശയങ്ങളെ എഴുതിതുടങ്ങിയാൽ നല്ലൊരൂ ഔട്ട്പുട്ട് ലഭിക്കും.


***

ചില ബൂലോക ബ്ളോഗർമാരുടെ സാഹിത്യകൊതി കണ്ടപ്പോൾ തോന്നിയതാണ് ഈ വിഷയം എഴുതണമെന്ന്. എനിക്ക് മനസ്സിലായത് എഴുതി.. നിങ്ങളുടെ അഭിപ്രായവും നിർവചനങ്ങളും കൂടി ലഭിച്ചാൽ ഇതൊന്ന്  സൈഡാക്കാമായിരുന്നു.

21 comments:

Arun Kumar Pillai said...

vayichu...!

Sabu Hariharan said...

ധാരാളം വായിക്കൂ.
ആശംസകൾ

ഷാജു അത്താണിക്കല്‍ said...

ബ്ലോഗ് മീറ്റില്‍ ഇരിങ്ങാടിരി മാഷ് പറഞ്ഞു : മാസത്തില്‍ ഒരു പോസ്റ്റ് അല്ലെങ്കില്‍ ര്‍ണ്ട് ആഴ്ച്ക്ക് ഒന്ന് എന്ന നിലയില്‍ പോസ്റ്റുക , എഴുതിയ പോസ്റ്റ് മാറ്റം വരുത്താനുള്ള സമയം എടുക്കുക..അതായിരിക്കും നല്ലത് എന്ന് ഞാനും കരുതുന്നു

ആചാര്യന്‍ said...

പോസ്റ്റുകൾ ആശയ സംവാദത്തിനാവണം. മനസ്സിലായില്ലെങ്കിൽ തുറന്ന് ചോദിക്കണം. എന്താണ് പോസ്റ്റുകളിലെ വാക്കുകൾകൊണ്ട് ഉദ്ദേശിച്ചതെങ്കിലും മനസ്സിലാക്കണം. അങ്ങിനെയാകുമ്പൊൾ ആശയങ്ങൾ പങ്കുവെക്കലും രണ്ടുപേരുടെയും അറിവ് വർദ്ധിക്കാനും കാരണമാകും. അതിന് പകരം അനർഹമായ കമന്റുകൾ നൽകി ആകാശത്തോളം ഉയർത്തി അവസാനം കാര്യത്തോട് അടുക്കുമ്പോൾ അടിത്തറയില്ലാതെ പൊളിഞ്ഞ് വീണ് നാശിക്കുന്നവരാരുത് ബ്ളോഗറ്.

അതെന്നെ..വളരെ നന്നായി..കമന്റുകള്‍ അത് കമന്ടിനാകരുത്...അല്ലെ...

Kalavallabhan said...

വസ്തുനിഷ്ഠമായ ഒരു പഠനമാണീ ലേഖനം.
ഒരു നല്ല അഭിപ്രായം ഒരെഡിറ്ററുടെ ജോലി മാത്രമല്ല ചെയ്യുന്നത് മറിച്ച് പിന്നീടെഴുതുന്ന പലതിലും അതിന്റെ എഫക്ട് ഉണ്ടാക്കുവാൻ കൂടി സാധിക്കും.

Akbar said...

സാഹിത്യമെന്നാല്‍ അതു സാധാരണക്കാര്‍ക്ക് മനസ്സിലാകാത്ത ഭാഷയില്‍ എന്തെങ്കിലുമൊക്കെ എഴുതിവെക്കലാണെന്നു ചിലര്‍ തെറ്റിദ്ധരിച്ചപോലെ തോന്നും ചില ബ്ലോഗ്‌പോസ്റ്റുകള്‍ കണ്ടാല്‍. ഭാഷ ലാളിത്യ സുന്ദരവും സംവേദനക്ഷമവുമാവണം. പറയാന്‍ ഉദ്ദേശിച്ചതു വായനക്കാര്‍ക്ക് മനസ്സിലാവില്ലെങ്കില്‍ പിന്നെ ഈ വൃതാവ്യായാമം കൊണ്ട് ആര്‍ക്കു ഗുണം. വരികളുടെ സൌന്ദര്യം വായനയുടെ മുഖ്യ ആകര്‍ഷണമാണ്. അതുകൊണ്ട് തന്നെയാണ് സാഹിത്യങ്ങള്‍ വായിക്കപ്പെടുന്നത്. എന്നാല്‍ ഒന്നിലേക്ക് വായനക്കാരുടെ ശ്രദ്ധ തിരിച്ചു ഞാന്‍ പറയാന്‍ ശ്രമിച്ചത്‌ മറ്റൊന്നായിരുന്നു എന്ന് പറയുന്നതു സൌമ്യമായി പറഞ്ഞാല്‍ വായനക്കാരെ വിഡ്ഢികളാക്കലാണ്.

പ്രസക്തമായ വിഷയം തിരഞ്ഞെടുത്തു എഴുതിയതിനു അഭിനന്ദനം.

MT Manaf said...

സാഹിത്യം ഇരുമ്പുലക്കയാകുമ്പോള്‍
വായനക്കാരന്‍ അതൊന്നു വളക്കാള്‍
കഴിയാതെ കീഴടങ്ങുന്നു !

Unknown said...

പ്രസക്തമായ വിഷയം..... ഭാഷ മികച്ച ഒരു സംവേദന. ഉപാധിയാകുന്നത് . ഉപയോഗിക്കുന്നവരുടെ . വരുതിയില്‍. അത് നില്‍കുകയും
ആശയത്തിനു അനുസരിച്ച് അത് വിന്യസിക്കാന്‍ കഴിയുകയും ചെയ്യുമ്പോഴാണ്. മറ്റു എഴുത്തിന്‍റെ. മേഖലകളില്‍ അത് നിയന്ത്രിക്കുവാന്‍
സംവിധാനങ്ങള്‍ ( editors ) ഉള്ളപ്പോള്‍ ബ്ലോഗ്‌ രംഗത്ത് അത് നിലവില്‍ ഇല്ല... ഇതൊരു പോരായ്മയാണ്.. ഞാന്‍ എഴുതുന്നത്‌ ശരിയല്ല. എന്ന് ആരും
പറയുന്നില്ലയെങ്കില്‍ വീണ്ടും ഞാനത് തുടരും... ഭാഷയും, അതിന്‍റെ മൂര്‍ത്ത രൂപങ്ങളായ പദങ്ങളും, ശൈലികളും, മറ്റു അടിസ്ഥാന കാര്യങ്ങളും തകിടം
മറിയും ...ഒരു സങ്കര( ബ്ലോഗ്‌) ഭാഷ തന്നെ രൂപപ്പെടും ... .........കൂടുതല്‍ ചര്‍ച്ച ആവശ്യം ഉള്ള വിഷയവും ആണിത്. ......ഒന്ന് പറയാം ..
എഴുത്തിനു തുനിയുന്നതിനു മുന്‍പ് വായന യുടെ വാതായനങ്ങള്‍ ആവുന്നത്ര തുറന്നിടുക. അല്ലെങ്കില്‍ വായനക്കാരനില്‍ നിന്നും " എഴുത്തോ നിന്‍റെ കഴുത്തോ" എന്ന
ചോദ്യം സാഹിത്യം ചമയ്ക്കുന്നവര്‍ നേരിടേണ്ടിവരും.

ANSAR NILMBUR said...

അനായാസമായ വായനാനുഭവം ....അതാണ്‌ ഏതു രചനയുടെയും ആകര്‍ഷണീയത. ...ഇല്ലെങ്കില്‍ വായനക്കാരന്‍ ഇട്ടെറിഞ്ഞു തടി തപ്പും .പറയുന്നത് എന്തോ ആകട്ടെ വായനയുടെ ഒഴുക്ക് അത് വളരെ പ്രധാനം ....ചിന്തകള്‍ക്ക് തിരി കൊളുത്തിയതില്‍ നന്ദി ...ആ കാര്യം വളരെ കുറവാന്നേ

riyaas said...

സാഹിത്യം അത് എല്ലാവര്‍ക്കും മനസ്സിലാവണം..അല്ലാതെ മലയാള പദാവലികളുടെ കസര്‍ത്തുകള്‍ വായിക്കാന്‍ തീരെ താല്പര്യമില്ല.

Anonymous said...

ബെഞ്ചാലി പറഞ്ഞത് ശരിയാണ്...

Anonymous said...

ഇവിടേക്കും വരാം
http://priyamkd.blogspot.com/
മഴനൂലില്‍ കൊരുത്ത മഞ്ഞുതുള്ളികള്‍

Abduljaleel (A J Farooqi) said...

ഹി,ബെന്ച്ചാലി (ബെഞ്ചാലി)

താങ്കള്‍ ഇവിടെ പറഞ്ഞത് വളരെ നല്ല നിര്‍ദ്ദേശങ്ങള്‍ എന്ന് തന്നെ എനിക്ക് തോന്നിയത്. സാഹിത്യം എന്തെന്ന് കൂടുതല്‍ അറിയാന്‍ കഴിയട്ടെ,
ഒപ്പം ഇതൊക്കെ പറയുന്ന ആളെപറ്റി എന്തെങ്കിലും അറിഞ്ഞിരിക്കുന്നതും നല്ലതല്ലേ. മുന്‍പ് ഇവിടെ വന്നുപോയിട്ടുണ്ടെങ്കിലും താങ്കളെ പറ്റി ഒന്നും ഇവിടെ പറഞ്ഞു കണ്ടില്ല. എല്ലാ പോസ്റ്റും വായിക്കാത്തതിനാല്‍ അവിടെങ്ങാനും പറഞ്ഞോ എന്നും അറിയില്ല!!!
ഒന്ന് പരിചയപ്പെടുത്തുന്നതില്‍ എന്താണ് തെറ്റ്.

നീര്‍വിളാകന്‍ said...

ഈയിടെ ശ്രദ്ധേയന്‍ എന്ന ബ്ലോഗര്‍ ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു... ബഞ്ചാലി പറഞ്ഞ കാര്യങ്ങാളില്‍ ചിലവ അതിനോട് ചേര്‍ത്തു വായിച്ചാല്‍ ശരിയാണ്.... പിന്നെ മൂടുതാങ്ങല്‍ മാത്രമല്ല ബ്ലോഗില്‍ നടക്കുന്നത്.... സത്യസന്ധമായി ബ്ലോഗുകളെ വിലയിരുത്തുന്നവരും ഉണ്ട്....

ബെഞ്ചാലി said...

എത്രയോ നല്ല ബ്ലോഗുകളും പോസിറ്റീവായി അഭിപ്രായം രേഖപെടുത്തുന്നവരുമുണ്ട്. ബ്ലോഗിനെ നാശത്തിലാക്കുന്ന തരത്തിലുള്ളവ പെരുകുന്നുണ്ടോ എന്നൊരൂ സംശയം.

പ്രോത്സാഹനം നൽകണം പക്ഷെ തെറ്റുകൾ ചൂണ്ടികാണിക്കാതെയുള്ള പ്രോത്സാഹനം ഗുണം ചെയ്യില്ല എന്ന് സൂചിപ്പിച്ചു. എന്റെ അടുത്ത് വരുന്ന പിശക് ചൂണ്ടിക്കാണിക്കുന്നവർ എനിക്കൊരൂ അറിവ് പകരുന്നു എന്ന് മനസ്സിലാക്കിയാൽ പരസ്പര സഹായത്തോടെ വിജയത്തിലെത്താം.

Unknown said...

വസ്തുനിഷ്ഠമായ് അഭിപ്രായം പ്രകടിപ്പിക്കുന്നവരും, കുറവെങ്കിലും, ബ്ലോഗിലുണ്ട്.

കമന്റ് ബോക്സിനെ പൂര്‍ണ്ണമായും എഡിറ്ററുടെ ജോലി കൊടുക്കേണ്ട കാര്യമില്ല, ആ രചന രചയിതാവിന് പൂര്‍ണ്ണസംതൃപ്തി നല്‍കിയെങ്കില്‍. കമന്റിന്ന് പിറകെ പോയി എഡിറ്റാന്‍ നിന്നാല്‍ കുരുടന്മാര്‍ കണ്ട ആനയെപ്പോലെയാകും സ്വന്തം സൃഷ്ടി.

പിന്നീട് വരുന്ന സൃഷ്ടികളെ മിനുക്കാന്‍ കമന്റ് ബോക്സ് സഹായകരമാകണമെന്നാണ് എന്റെ അഭിപ്രായം, കാരണം എഴുത്ത് വായനക്കാര്‍ക്ക് വേണ്ടിയാണല്ലൊ. (അല്ലാത്തതുമുണ്ട്.)

khader patteppadam said...

വിമര്‍ശിച്ചാല്‍ കെറുവിച്ചാലോ എന്നാണെല്ലാവര്‍ക്കും പേടി. അതുകൊണ്ട്‌ ' അങ്ങനെതന്നെ അങ്ങനെതന്നെ..' എന്നു കമണ്റ്റിടുന്നു. തീര്‍ച്ചയായും അത്‌ എഴുത്തുകാരന്‌ സഹയകമല്ല. മെഴുക്കു പുരട്ടിയ അഭിപ്രായങ്ങളല്ല വേണ്ടത്‌ നിശിതമായ വിമര്‍ശനങ്ങളാണ്‌. ശരങ്ങളെ കരുത്താക്കിമാറ്റാന്‍ എഴുത്തുകാരനു്‌ കഴിയണം.

റോസാപ്പൂക്കള്‍ said...

വളരെ കാര്യ പ്രസക്താണ് ഈ പോസ്റ്റ്.
ഇവിടെ നമുക്ക്‌ ഒരു എഡിറ്റോറിയല്‍ ബോര്ടില്ല.അപ്പോള്‍ വായിക്കുനവന്റെ സത്യസന്ധമായ ഒരു കമന്റാണ് ഒരു ബ്ലോഗര്‍ക്ക് വേണ്ടത്‌.
"കഴിഞ്ഞപോസ്റ്റിനോളം വന്നില്ല.കുറച്ചു കൂടെ നന്നാക്കണം" എന്നൊക്കെ പറയുമ്പോള്‍ കാദര്‍ പറഞ്ഞപോലെ കെറുവിച്ചിട്ടോന്നും കാര്യമില്ല.
പിന്നെ മനസ്സിലാകാത്ത ഭാഷയില്‍ എഴുതുന്നത് ആര്‍ക്കു വായിക്കാനാണ്.സ്വയം വായിച്ചു സംതൃപ്തി അടയാണോ..?
വായനക്കാരന് മനസ്സിലാകാത്ത ഭാഷ എങ്ങനെ സാഹിത്യമാകും...?

Raman said...

pala postukalum adichelppikkalaakaarundu. Neelathilum chilar vaashi pidikkum. Entho vazhipadullapole.

കൂതറHashimܓ said...

ബ്ലോഗിലെ കാര്യമെ എനിക്കറിയൂ.
അതിനാല്‍ ഇതേ പറയാനുള്ളൂ
........ആളെ നോക്കാതെ കോള് നോക്കുക........

അലി said...

ഒരു ബ്ലോഗ്/ബ്ലോഗർ എങ്ങിനെയായിരിക്കണം എങ്ങിനെയാകരുത് എന്ന ചർച്ചക്ക് എന്നും പ്രസക്തിയുണ്ട്.

പ്രസക്തമായ വിഷയം.
ആശംസകൾ.

Related Posts Plugin for WordPress, Blogger...