Feb 15, 2012

ഫിനിക്സ് പക്ഷി


പുരാണേതിഹാസങ്ങളി കാണാവുന്ന ഒരു പക്ഷിയുണ്ട്, ഐതിഹ്യവുമായി ബന്ധപെട്ട പക്ഷി, വർണ്ണക്കൂട്ടുള്ള തൂവൽ‌പ്പൂടയും കനകം പോലെ വാൽഭാഗവുമുള്ള ഈ പക്ഷിയുടെ പ്രത്യേകത സെഞ്ച്വറികൾ ജീവിക്കും, പ്രായമാകുന്നതോടെ സ്വന്തമായി കൂട് നിർമ്മിച്ച് അതിനു തീപിടിപ്പിക്കും. കൂടും പക്ഷിയും ചാരമായിതീർന്നാൽ ചാരം ഒരു പുതിയ പക്ഷിയുടെ മുട്ടയായിമാറുകയും യൌവ്വനത്തോടെ പക്ഷി പുനർജനിക്കുകയും ചെയ്യും. ഈ പൌരാണിക പ്രതീകാത്മകപക്ഷിയെ പോലെ സ്വന്തമായി നശിക്കുന്നതല്ലെങ്കിലും നാശനഷ്ടങ്ങളുണ്ടായാൽ അതിന്റെ ചാരങ്ങളിൽ നിന്നും ഉയർത്തെഴുന്നേൽക്കുന്ന ഫിനിക്സ് പക്ഷിയെപോലെയാണ് ജപ്പാനെന്നു ചരിത്രത്തിൽ അവർ സ്വപ്രയത്നങ്ങൾകൊണ്ട് വീണ്ടും രേഖപെടുത്തി കഴിഞ്ഞു. ആറ്റൊമിക് ബോംബിന്റെ നാശനഷ്ടങ്ങളെ തരണം ചെയ്തു ജപ്പാനെന്ന രാഷ്ട്രം ഉയർത്തെഴുന്നേൽപ്പിന്റെ രാഷ്ട്രമാണെന്നു തെളിയിച്ചിരുന്നു. കഴിഞ്ഞ വർഷം ഭൂകമ്പവും സുനാമിയും ജപ്പാന്റെ ഒരു ഭാഗം വിഴുങ്ങിയപ്പോൾ ലോകം പ്രാർത്ഥിച്ചു, ഫിനിക്സ് പക്ഷിയെപോലെ വീണ്ടും ഉയർന്നുവരട്ടെ എന്ന്. ലോകത്തിനു പ്രതീക്ഷയുണ്ട്, പ്രതീക്ഷകൾക്കനുസരിച്ച് ജപ്പാൻ കുതിച്ചുയർന്നിരിക്കുന്നു.

കഴിഞ്ഞ മാർച്ചിലാണ് ജപ്പാന്റെ വടക്ക് കിഴക്കൻ മേഖലയിൽ പ്രകൃതിദുരന്തമുണ്ടായത്. അത് തീരപ്രദേശങ്ങളിൽ കനത്ത നാശമുണ്ടാക്കി. ഫുകുഷിമ ന്യൂക് റിയാക്ടറിന്റെ തകർച്ചയും ന്യൂക്ലിയർ റേഡിയേഷനും വലിയ പ്രശ്നമായി ലോകത്തിനെ ഭീതിയിൽ നിറുത്തി. പ്രകൃതി ദുരന്തത്തിൽ ഇരുപതിനായിരത്തിൽ പരം മരിക്കുകയോ മിസ്സാവുകയോ ചെയ്തു. റേഡിയേഷൻ ഭയപെട്ട് ഒരു ലക്ഷത്തിൽ പരം ആളുകൾ എല്ലാം ത്യജിച്ചു ജീവനുംകൊണ്ട് രക്ഷപെട്ടു. ലോകത്തിന്റെ പല ഭാഗത്തുനിന്നും സഹായാനുഭൂതികളുണർന്നു. കുടുംബകാര്യങ്ങളേക്കാൾ പ്രധാന്യത്തോടെ ഈ പ്രശ്നം കൈകാര്യം ചെയ്യും, ദുരന്തസ്ഥലം പുനർനിർമ്മിക്കുമെന്നും ഭരണാധികാരികൾ പറഞ്ഞു. കണ്ടറിഞ്ഞ വേദനയിൽ നിന്നുണ്ടായ ഉൾപ്രേരണയുടെ വെറും വാക്കുകളായിരുന്നില്ല, അത് തികഞ്ഞ നിശ്ചയ ദാർഢ്യമായിരുന്നു എന്ന് കാലത്തെ സാക്ഷിയാക്കി ലോകത്തിന് പ്രവർത്തിയിലൂടെ കാണിച്ചു തന്നു, എന്നിട്ട് രാജ്യാന്തര സമൂഹത്തേ നോക്കി മൂല്യമുള്ളൊരൂ പ്രഖ്യാപനവും അവർ നടത്തി. ലോകമേ, നിങ്ങൾക്കും ഇത് പോലുള്ള ദുരന്ത പരിതസ്ഥിതിയുണ്ടായാൽ കഠിന പരിശ്രമത്തിലൂടെ നഷ്ടപെട്ടവയെ നിങ്ങളുടെ കാൽക്കീഴിൽ കൊണ്ടുവരാം.., ജീവനൊഴികെ. തേജസുറ്റ പ്രഖ്യാപനമായിരുന്നു അത്. അധികാരികൾ ബൃഹത്തായ പദ്ധതികൾ നടപ്പിൽ വരുത്തി, ഒലിച്ചുപോയതും തകർന്നതുമായ വീടുകളും റോഡുകളും സ്ഥാപനങ്ങളും പുനർനിർമ്മിച്ചു, അതേ സ്ഥലത്ത് അതേ രൂപത്തിൽ. ഒരു വലിയ പ്രദേശത്തെ ദുരന്ത അവശിഷ്ടങ്ങളെല്ലാം മാറ്റി വൃത്തിയാക്കി. തകർന്നുപോയ വാഹനങ്ങളും വിമാനങ്ങളും ബോട്ടുകളുമായി 23 മില്ല്യൻ ടൺ അവശിഷ്ടങ്ങളുണ്ടായിരുന്നു. പ്രധാനപെട്ട റോഡുകൾ ദിവസങ്ങൾക്കുള്ളിൽ തന്നെ പുനർ നിർമ്മിച്ചത് വാർത്തയായിരുന്നു.

രാജ്യത്തെ മന്ത്രിസഭ 50 ബില്ല്യൺ യു,എസ്. ഡോളറിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്കുള്ള ഫണ്ട് അനുവദിച്ചു. ഹിരോഷിമയേയും നാഗസാക്കിയേയും അറ്റോമിക് ബോംബ് തകർത്തപ്പോൾ പുനർ നിർമ്മാണത്തിനു നൽകിയതിനു ശേഷം ഇപ്പോഴാണ് ഇത്രയും വലിയ ഒരു പ്രൊജക്റ്റിനു മന്ത്രിസഭ അംഗീകാരം നൽകുന്നത്. കഴിഞ്ഞ ദുരന്തത്തെ മൂല്ല്യനിർണ്ണയം നടത്തിയത് 3000 ബില്ല്യണിന്റെ പൂർണ്ണമായ നാശമാണ്.

പറഞ്ഞുവരുന്നത്, ഒരു ജനതയുടെ ഇച്ഛാശക്തിയെ പ്രകൃതി ദുരന്തങ്ങൾകൊണ്ട് കീഴടക്കാനായില്ല എന്നതാണ്. ആകെ ഉണ്ടായിരുന്ന പ്രശ്നം വിദേശ മാധ്യമങ്ങളുടെ ഇടപെടൽ മാത്രമായിരുന്നു. ന്യൂക്ക് വിഷയം കുത്തിനിറച്ചു ഊഹ കഥകളുമായി ചർച്ചകളും വാർത്തകളുമായി നീങ്ങിയപ്പോൾ ദുരന്ത കഥാപാത്രം ഉറക്കമൊഴിച്ച് തങ്ങൾക്ക് നഷ്ടപെട്ടവ തിരിച്ചുപിടിക്കാനുള്ള കഠിന പ്രയത്നത്തിലേർപെട്ടു കഴിയാവുന്നതൊക്കെ തിരിച്ചുപിടിച്ചു.

കുറച്ചു സംസാരിക്കുക, കൂടുതൽ പ്രവർത്തിക്കുക ലക്ഷ്യം കാണുക എന്നതായിരുന്നു ജപ്പാനികളുടെ പോളിസി എങ്കിൽ നമ്മുടെ പോളിസി തിരിച്ചാണ്. നമുക്ക് ചർച്ചകൾക്കും സെമിനാറുകൾക്കും മാത്രമെ സമയമുള്ളൂമുല്ലപെരിയാറിനെ പോലുള്ള ജനങ്ങളെ നേരിട്ടുബാധിക്കുന്ന അധിക വിഷയങ്ങളും അങ്ങിനെയാണല്ലൊ. സാധാരണക്കാരെനെ ബാധിക്കുന്ന വിഷയങ്ങളിൽ അത്രയൊക്കെ മതി. നമ്മുടെ നാട്ടിലുണ്ടായ ഭൂകമ്പങ്ങളിലും സുനാമികളിലും തകർന്നടിഞ്ഞിരുന്നത് കോർപ്പറേറ്റ് ആസ്ഥാനങ്ങളായിരുന്നെങ്കിൽ സർക്കാർ ഖജനാവിൽ നിന്നും മന്ത്രിമാർ സഹായം നൽകിയേനെ, എന്നാൽ പുനർനിമ്മിക്കേണ്ടത് പാവപെട്ടവരുടേതായതിനാൽ സർക്കാർ ഖജനാവിൽ കാശില്ലാതെയാവുന്നു. ബദൽ സംവിധാനമായി ആൾ ദൈവങ്ങളും മാധ്യമ രാജാക്കന്മാരുമാണിന്ന് പുനർനിർമ്മാണം കൈകാര്യം ചെയ്യുന്നത്.

ജനങ്ങളിൽ നിന്നും പിരിച്ചെടുക്കുന്ന ദുരിതാശ്വാസനിധികൾ തങ്ങളുടെ പല പ്രൊജക്റ്റുകളിലും ഉപയോഗപെടുത്തി റോട്ടേഷൻ ബിസിനസ്സ് നടത്തുന്നു. കോടികൾ മാസങ്ങളോളം ബേങ്കിലിട്ടാൽ കിട്ടുന്ന പലിശ, അതല്ലെങ്കിൽ ബിസിനസ്സിലിറക്കി കാശുണ്ടാക്കിയതിനു ശേഷം കുറച്ച് നിർമ്മാണപ്രവർത്തനങ്ങളും നടത്തിയിട്ട് നാലനുഭാവികളെ കൂട്ടി ഫോട്ടൊയും നല്ല ഹെഡിങ്ങും വെച്ചൊരൂ ന്യൂസ് വിട്ടാൽ ജനങ്ങൾക്ക് നൽകേണ്ട ബാധ്യതയും കണക്കും തീർന്നു. ഉദ്ഘാടനത്തിനു ഭരണാധികാരികളേ കൂട്ടിയാൽ രാഷ്ട്രീയ ശിങ്കിടികളുടെ വായക്കും ലോക്ക് വീഴും. പ്രശ്നങ്ങൾ വേണ്ടവിധം ഉപയോഗപെടുത്താൻനമ്മുടെ സർക്കാറിനെ പോലെ മാധ്യമങ്ങൾക്കും കഴിയുമെന്ന് തെളിയിക്കപെടുന്നു. കോട്ടയം മുത്തശ്ശി മുതൽ വഴിത്തിരിവ് വാഗ്ദാനം ചെയ്തവർ പോലും കോടികളുടെ ദുരിതാശ്വാസനിധി പല ബിസിനസ്സിലും ഉപയോഗപെടുത്തുന്നു എന്നത് അനൌദ്യോഗികമായി ലഭിച്ച വിവരമാണ്. സത്യമായിട്ടാണെനിക്ക് തോന്നിയതും. കിട്ടുന്ന ലാഭങ്ങളുടെ കണക്കുകൾ കൊണ്ട് മറ്റു പല പ്രൊജക്ടുകളും നടത്തി അവസാനം പേരിനു നാല് ഇഷ്ടിക കട്ടകൾ കൊണ്ട് പാവപെട്ടവന് ‘മണിമന്ദിര‘മുണ്ടാക്കി കണക്ക് നിരത്തും. ഇതല്ലെ നമ്മുക്കിടയിൽ കാണുന്ന ദുരിതാശ്വാസ പ്രവർത്തനം? അതൊക്കെ ശ്രദ്ധിക്കാൻ ആരുണ്ട്? അധികാരികളുടെ അശ്രദ്ധയാണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് കാരണം.

മനുഷ്യ സമൂഹത്തെ ബാധിക്കുന്ന അതി ഗൌരവ വിഷയങ്ങളെ അശ്രദ്ധയോടെ കൈകാര്യം ചെയ്തതായിരുന്നല്ലൊ ഭോപ്പാൽ ദുരന്തത്തിനു കാരണം. പ്രതിസ്ഥാനത്ത് നഷ്ടപരിഹാരം നൽകേണ്ടത് കുത്തക കമ്പനികളായതിനാൽ നഷ്ടപരിഹാരങ്ങൾ മരീചികയായി. ഗവൺമെന്റ് നൽകേണ്ട സഹായത്തെ കുറിച്ച് പറയുമ്പോൾ കുത്തക കമ്പനികളിലേക്ക് വിഷയം ഡൈവേർട്ട് ചെയ്യപെടുന്നു. കുത്തക കമ്പനികളോട് മൃദുസമീപനവും സ്വീകരിക്കുന്നു. നമ്മുടെ ‘പാവം‘(!) ഭരണകൂടം സ്വന്തം ജനതക്ക് വേണ്ടി ഇങ്ങിനെ കഷ്ടപെടുന്നത് കണ്ടാൽ എല്ലാം നഷ്ടപെട്ടവർ പോലും ഒന്നും വേണ്ടെന്ന് തീറെഴുതികൊടുക്കും.

പതിറ്റാണ്ടുകൾ കഴിഞ്ഞു, നഷ്ടപരിഹാരം കൊടുക്കേണ്ടവരെ രക്ഷപെടുത്തി അവർക്ക് വേണ്ട എല്ലാ സഹായങ്ങളും നൽകി രക്ഷപെടുത്തിയതിനു ശേഷം വീണ്ടും ഇറങ്ങിയിരിക്കുന്നു ലണ്ടൻ ഒളിമ്പിക്സിനിടയിൽ ഭോപ്പാൽ ബോംബുമായി. ജനശ്രദ്ധ തെറ്റിക്കേണ്ട വല്ല പദ്ധതികളും ഉണ്ടാവും, അപ്പഴാണല്ലൊ ഇത്തരം വാർത്തകൾ വിഷയമാകുന്നത്. അതിൽ ജനങ്ങളെ കെട്ടിയിടാൻ മാധ്യമങ്ങളും വരും. ലോകത്തെ എറ്റവും വലിയ ധനാഢ്യന്മാരുള്ള ഇന്ത്യക്കാർക്കിടയിലാണ് 60 ശതമാനം ദരിദ്രരുള്ളത്. സാമ്പത്തിക ദുർവിനിയോഗവും അഴിമതികളുമാണ് കുറച്ചു ധനികരെയും കുറേ ദരിദ്രന്മാരെയും സൃഷ്ടിക്കുന്നത്. ഈ ഒരു അവസ്ഥ ലോകത്തിന്റെ പല ഭാഗങ്ങളിലും കാണാവുന്നതാണ്. ലോകത്തിലെ വമ്പന്മാരായ അമേരിക്കയിൽ 99 ശതമാനം ആളുകളേക്കാൾ കാശ് കിടക്കുന്നത് ഒരു ശതമാനം വരുന്ന ഭരണ കോർപറേറ്റുകളിലാണ്.

ദുരന്തങ്ങൾ ലോകത്തിന്റെ പല ഭാഗത്തും സംഭവിക്കാറുണ്ട്. സാമ്പത്തിക കാര്യക്ഷമതയല്ല ഫിനിക്സ് പക്ഷികളെ സൃഷ്ടിക്കുന്നത്, മാനസ്സികമായ ഇച്ഛാശക്തിയും സമൂഹത്തോടുള്ള ബാധ്യത മനസ്സിലാക്കിയ ഭരണകൂടവും നന്മനിറഞ്ഞ മനസ്സുമാണ് വേണ്ടത്. ലോകപോലീസായ അമേരിക്കയിൽ കത്രീന ബഹാമസിൽ നിന്നും തുടങ്ങി ഗൾഫ് മെക്സികൊ വരെ തകർത്താടിയപ്പോൾ ന്യൂ ഓർല്യൻ, ലൂസിയാന തുടങ്ങിയ സ്റ്റേറ്റുകളിൽ ജനങ്ങളുടെ പരിതാപകരമായ അവസ്ഥ ലോകം കണ്ടതാണ്. മുമ്പ് ബെലാറുസ്, റഷ്യൻ ഫെഡറേഷൻ, ഉക്രൈൻ തുടങ്ങിയവയെ കാര്യമായി ബാധിച്ച ചെർണോബിൽ ദുരന്തത്തിന്റെ അലയടികൾ വർഷങ്ങളോളം നിറഞ്ഞുനിന്നു. ലോകത്ത് പല ഭാഗത്തും അത്യാഹിതങ്ങളുണ്ടാകാറുണ്ട്. എന്നാൾ പ്രകൃതി ദുരന്തങ്ങൾകൊണ്ട് വേട്ടയാടപെടുന്ന ജപ്പാനെ പോലെ മനക്കരുത്തോടെ അവയെ നേരിടുകയും ജനങ്ങളുടെ പ്രശ്നം പരിഹരിക്കുകയും ചെയ്യുന്നവർ വളരെ കുറവാണ്.

ഗ്രീക്ക്, നൈൽ, പേർഷ്യ, റോമൻ, അറബ്, മങ്കോളിയ തുടങ്ങിയ ദേശങ്ങളിലെ ഐതിഹ്യങ്ങളിൽ ഫിനിക്സ് പക്ഷികളുണ്ടായിരുന്നു എങ്കിൽ യഥാർത്ഥ്യ ലോകത്ത് ഇങ്ങിനെ ഒറ്റപെട്ട ഫിനിക്സ് പക്ഷികളെ ഉള്ളൂ.

****
20112012

****
2011
 
2012

****
2011
2012

****
2011
2012

****


2011
2012

****


2011
2012

 END




Related Posts Plugin for WordPress, Blogger...