Mar 21, 2011

അലറുന്ന അലകൾ.



ഒരിക്കൽ സൌദിയിലെ കോർണിച്ചിൽ നിന്നും മക്കളോട് വിളമ്പി, ഇതൊന്നും കടലല്ല.. കടല് കാണണമെങ്കിൽ നാട്ടിലെ കടല് കാണണം.. എന്താ തിരകള്.. ഇത് പാടത്തെ ഓളം, പാടത്ത് ഇതിനേക്കാൾ വലിയ ഓളം കാണും.

അതിനു ശേഷം ഒരിക്കൽ വെക്കേഷനിൽ കടല് കാണിക്കാൻ കുട്ടികളെയും കൊണ്ടു പോയി, അടുത്തുള്ള പരപ്പനങ്ങാടി കടപ്പുറം.. സാധാരണ റെയിൽവേ ഗേറ്റ് കഴിഞ്ഞു പ്രധാന റോഡ്  ക്രോസ് ചെയ്താൽ കേൾക്കാം തിരയടി ശബ്ദം.. ഇത് അടുത്തെത്താനായിട്ട് പോലും ഒന്നു കേൾക്കുന്നില്ല.., അവസാനം വെള്ളവും കണ്ടു! തിരയില്ല. ചെറിയ ഓളങ്ങൾ പോലുമില്ല...!! കേരളത്തിന്റെ പല ഭാഗത്തും കടൽ തീരങ്ങൾ കാണുകയും തിരകൾക്കിടയിൽ മറിഞ്ഞു കുളിക്കുകയും ചെയ്തിട്ടുണ്ട്, പക്ഷെ ആദ്യമായിട്ടാണ് ഓളങ്ങൾ പോലുമില്ലാത്ത കടല്! കെട്ട്യോളും കുട്ട്യേളും എന്നെ കളിയാക്കി വിട്ടു. ഈ പറഞ്ഞ രണ്ട് കൂട്ടരും ടീവിയിൽ അല്ലാതെ ഇത് വരെ അറബി കടല് കണ്ടിട്ടില്ല. തിരയുടെ വലുപ്പം പറഞ്ഞ് എന്നെ കളിയാക്കി കൊണ്ടിരുന്നു... ആ വഴിവന്നവരോടൊക്കെ ഞാൻ തിരയെവിടെ എന്ന് തിരക്കിയപ്പോ ഇപ്പോഴതിന്റെ സമയമല്ലാന്ന് തെങ്ങിന്റെ മണ്ടക്ക് നോക്കി പറഞ്ഞീട്ടും എന്റെ മണ്ടയിലേക്കത് കയറിയില്ല തിരയില്ലാത്ത അറബികടൽ! ഞാൻ ഇത് വരെ സമ്മതിച്ച് കൊടുക്കാത്ത സംഗതി... കാത്തിരുന്നിട്ട് കാര്യമില്ല. മക്കളോട് പറഞ്ഞ്, ബാപ്പ ഗൾഫിലേക്ക് വണ്ടി കയറിയപ്പോ തിരമാലകളും വണ്ടിവിട്ടതാവുമെന്ന്. പറഞ്ഞ് തണുപ്പിക്കാൻ ഐസ്ക്രീമും വാങ്ങി കൊടുത്തു മടങ്ങി


അങ്ങിനെ കഴിഞ്ഞ തവണ മഴക്കോളുമുള്ള സമയം നാസയുടെ ഒബ്‌സർവേറ്ററി സൈറ്റിൽ കയറി തിരകളുടെ തീക്ഷ്‌ണത ഉറപ്പുവരുത്തി കടല് കാണിച്ചുകൊടുക്കാൻ പിന്നേയും പോയി.., വള്ളിക്കുന്നിലൂടെ കടലുണ്ടിയിലേക്ക്. അവിടെ അഴിമുഖത്ത് പുതിയപാലവും കൂടാതെ പാറകളും നല്ല കാഴ്ച്ചയാണെന്ന് സുഹൃത്ത് പറഞ്ഞത് കൊണ്ട് അങ്ങോട്ട് വിട്ടത് അന്ന് മനസ്സ് നിറയെ തിരമാലകളെ കണ്ടു തിരയുടെ അട്ടഹാസങ്ങളും കേട്ടു. കടലിന്റെ കലിയെ കളികളാക്കികൊണ്ട് കുട്ടികൾ തീരങ്ങളിലൂടെ ഓടിയും ചാടിയും ചിത്രം വരച്ചും കളിച്ചുകൊണ്ടിരുന്നു, കുശുമ്പ് കാട്ടി അവയെ എല്ലാം മായ്ച്ചുകൊണ്ട് തിരകളും ഒപ്പം ചേർന്നപ്പോൾ രംഗം അതിമനോഹരമായി...


കാറ്റിന്റെ ശക്തി കൂടുന്നതിനനുസരിച്ച് തിരയുടെ ശക്തിയും വലിപ്പവും കൂടും. സ്കേറ്റിങിനെ പോലെ വേവ് സർഫിങു നടത്തുന്നത് കാണുമ്പോ നെഞ്ചിടിപ്പോടെ അതിന്റെ ത്രില്ല് ആസ്വദിച്ച് കണ്ടുനിൽക്കും. സ്കേറ്റിങ് എനിക്കറിയാം. എന്നാൽ സർഫിങ് ഇതുവരെ ചെയ്തിട്ടില്ല. സാഹചര്യം ലഭിച്ചിട്ടില്ല എന്നതാണ് ശരി. അമേരിക്കയുടെ ഹാമിൽട്ടൻ അത് പോലെ ഹവായി തുടങ്ങിയ ഷോറുകളിൽ കാറ്റുകൾ കാരണം രൂപപെടുന്ന വലിയ വേവുകൾക്കിടയിലൂടെ റൈഡ് ചെയ്യുന്ന റിനോ ചേസേർസ് ഭയാനകമാണെങ്കിലും അതിന്റെ ത്രില്ല് കണ്ടാനന്ദിക്കാത്തവർ കുറവായിരിക്കും.

തിരമാലകളെ ആസ്വദിക്കാത്തവർ വളരെ കുറവാണ്. ഈ തിരമാലകൾ കടലിന്റെ ഉപരിതലത്ത് മാത്രമെ ചലനം സൃഷ്ടിക്കുന്നുള്ളു. എന്നാൽ ചില തിരമാലകളുണ്ട്, അവയുടെ അലകൾ മൊത്തം കടലിനെ ഉൾകൊള്ളുന്നു. അവയാണ് സുനാമികൾ എന്നറിയപെടുന്നത്. ഇന്ന് ഈ സുനാമി തിരമാലകളെ ലോകം പേടിയോടെ കാണുന്നു. ഈ പ്രകൃതിശക്തിയെ തടുത്ത് നിർത്താൻ മനുഷ്യന് മാർഗങ്ങളൊന്നുമില്ല. ഭൂകമ്പങ്ങൾ വഴിയുണ്ടാകാവുന്ന സുനാമികളെ കുറിച്ച് മുന്നറിയിപ്പ് നൽകാൻ കഴിയും, എന്നാൽ ലാൻഡ്‌സ്ലൈഡുകൾ തുടങ്ങിയവ കാരണമായുണ്ടാകുന്ന സുനാമികളെ പെട്ടൊന്ന് കണ്ടെത്തുക പ്രയാസകരമാണ്. കടലിനടിയിൽ വരുന്ന ഏതൊരൂ വലിയ ചലനങ്ങളും സുനാമികളുടെ സ്രോതസ്സാണ്.  അത് ഭൂചലനങ്ങളാകാം, കടലിനടിയിലെ ലാൻഡ് സ്ലൈഡുകളാകാം, വോൾകാനിക് എക്സ്പ്ളോഷനുകളാവാം.

പതിനേഴാം നൂറ്റാണ്ടിൽ ജപ്പാനിൽ ഭൂകമ്പം വഴി ലാൻഡ്‌സ്ലൈഡുകളുണ്ടാവുകയും അതു കാരണമായുണ്ടായ സുനാമി നൂറ് മീറ്റർ ഉയരത്തിൽ അടിച്ച് വീശിയപ്പോ പതിനഞ്ചായിരം ജീവനാണ് അന്ന് പോലിഞ്ഞത്. 1958കളിൽ ഭൂകമ്പം കാരണം കടലിനടിയിൽ ഭീമമായ ലാൻഡ്‌സ്ലൈഡ് ഉണ്ടാവുകയും അതുകാരണമുണ്ടായ ഇമിനാമി എന്നറിയപെടുന്ന മെഗാസുനാമികളുടെ വേവ് അഞ്ഞൂറില്പരം മീ‍റ്റർ ഉയരത്തിലായിരുന്നു അടിച്ചുതകർത്തത്. അതായിരുന്നു ചരിത്രത്തിൽ രേഖപെടുത്തിയതിൽ ഏറ്റവും വലിയ സുനാമി.


സുനാമികളുടെ വേവ് ലെങ്ത്ത് വളരെ കൂടിയതായതിനാൽ സധാരണ ഗതിയിൽ സുനാമി തിരമാലകളുടെ ഭീകര ദൃശ്യം കണ്ടറിയുക പ്രയാസമാണ്. സുനാമികൾ കരയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് കരയിലെ വെള്ളം ഉള്ളോട്ട് വലിയും. തിരകൾ അതിന്റെ ശക്തി സംഭരിച്ച് കുതിപ്പ് നടത്തുമ്പോൾ ആ ഫോർസിനെ സപോർട്ട് ചെയ്യതക്കവിതം വെള്ളം ഉൾവലിയുന്നു.  സുനാമി തിരകളുടെ വേവ് ലെങ്ത്ത് കൂടുതലും ആംപ്ളിറ്റ്യൂഡ് കുറവുമാണെങ്കിലും അതിന്റെ ശക്തികാരണം വളരെ വേഗത്തിലാണവ യാത്രചെയ്യുക. ഉൾകടലിൽ സുനാമിയുടെ വേഗത മണിക്കൂറിൽ ആയിരം മുതൽ ആയിരത്തഞ്ഞൂറ് കിലോമീറ്റർ വരെ വേഗതയിലാകുമ്പോൾ തീരങ്ങളിലേക്ക് എത്തുന്നതോടെ കടലിന്റെ ആഴം കുറയുകയും തിരകളുടെ വേഗത  കുറയുകയും ചെയ്യും. കടലിന്റെ ആഴം കുറയുന്നതിനനുസരിച്ച് തിരകൾക്കുണ്ടാകുന്ന പ്രതിരോധം കാരണം തിരകളുടെ (വേവ്) ലെങ്ത്ത് കുറയുകയും (ആമ്പ്ളിറ്റ്യൂഡ്) ഉയർച്ച കൂടുകയും വേഗത കുറയുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം ജപ്പാനെ അടിച്ചുതകർത്ത സുനാമിയുടെ വേഗത 600 കിലോമീറ്ററാണ് കരഭാഗത്ത് രേഖപെടുത്തിയിട്ടുള്ളത്.

അപ്രതീക്ഷിതമായി വരുന്ന തിരമാലകളെ നോക്കിനിൽക്കുന്നു.

തിരിച്ചറിയാൻ വൈകി!! 
 
ഭീകരന്മാരായ സുനാമികളെ ആയുധങ്ങളാക്കി ഉപയോഗിക്കാൻ മനുഷ്യർ ശ്രമിച്ചിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിൽ ന്യൂസിലാന്റ് മിലിട്ടറി തയ്യാറാക്കിയ സുനാമി പ്രോജക്ട് പാളിപ്പോവുകയായിരുന്നു. കടൽ വെള്ളത്തിൽ ശക്തമായ പ്രകമ്പനങ്ങളുടെ പ്രതിഫലനമായി സുനാമികളുണ്ടാവാം എന്നാൽ ഇന്ന് ഭൂകമ്പം കാരണമായി ഉണ്ടാകുന്ന തരത്തിലുള്ള സുനാമികൾ സൃഷ്ടിക്കാൻ ചില്ലറ അണുബോംബുകൾകൊണ്ട് സാധ്യമല്ല.

ജലശക്തി തിരിച്ചറിഞ്ഞ മനുഷ്യൻ ഹൈഡ്രോളിക് ഉപകരണങ്ങൾ കൊണ്ട് ഭൂമിയിലൂടെ അഹങ്കരിച്ച് നടക്കുമ്പോഴും ഈ  ജലശക്തിയെ തടുത്ത് നിർത്താൻ മനുഷ്യ ലോകത്തിന് കെല്പില്ലെന്ന് തെളിയിച്ചുകൊണ്ട് സുനാമികൾ അടിച്ചു വീശിക്കൊണ്ടിരിക്കുന്നു. ഈ പ്രകൃതി ശക്തിക്ക് മുന്നിൽ മനുഷ്യൻ നിസഹായനാകുന്ന കാഴ്ച്ചയാണ് നാം കണ്ട് കൊണ്ടിരിക്കുന്നത്.  

സ്പഷ്ടമായ പല തെളിവുകൾ പ്രകൃതി സൃഷ്ടിപ്പിൽ ഒളിഞ്ഞിരിപ്പുണ്ട്. എന്തിനാണെന്നറിയുമോ? ‘ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തപാഠങ്ങളുണ്ട് ’ 

Related Posts Plugin for WordPress, Blogger...