Dec 8, 2012

കരകേറുന്ന കോർപറേറ്റുകൾ


 
ലോകത്ത് ആദ്യമായി നിയമങ്ങൾ എഴുതിവെച്ചത് ഉർ എന്നും സുമേറിയൻ ഭാഷയിൽ ഉരിം എന്നുമറിയപെടുന്ന ഇന്നത്തെ ഇറാഖിലാണ്. ബി.സി. ഇരുപതാം നൂറ്റാണ്ടിലാണത്. അപരാധത്തിനുള്ള ശാസനകളാണ് അതിലുള്ളത്. അതിന് ശേഷം ബാബിലോണിയൻ രാജാവായ ഹമ്മുറാബി രേഖപെടുത്തിയതും നടപ്പിലാക്കിയതുമായ നിയമങ്ങളാണ് ലോകത്തെ ആദ്യത്തെ ബൃഹത്തായ നിയമം. ഹമ്മുറാബി രേഖകളിൽ പകുതിയോളം ഉടമ്പടികളാണ്. കാളവണ്ടിക്കാരൻ മുതൽ വൈദ്യന്മാർക്കുള്ള വേതനത്തെ കുറിച്ചും മറ്റു വ്യവഹാരങ്ങൾ, ബാധ്യതകൾ, കുടുംബ ബന്ധങ്ങൾ, പിന്തുടർച്ചാവകാശം, വൈവാഹികം, വിവാഹമോചനം, പിതൃത്വം, ലൈംഗിക പെരുമാറ്റ രീതികൾ തുടങ്ങി സമൂഹത്തെ ചിട്ടപെടുത്താനുള്ള നിയമത്തിൽ ഭൂസ്വത്തുക്കളെ കുറിച്ചുവരെ പ്രതിപാദിക്കുന്നുണ്ട്ഭൂസ്വത്തായി അനുഭവിക്കാനും വ്യവഹാരം നടത്താനും നിയമങ്ങൾ ലോകത്ത് പലതും വന്നെങ്കിലും ഭൂനിയമം ലംഘിക്കപെടുന്നിന്റെ പേരിൽ വധശിക്ഷ വിധിക്കുന്നത് ലോകത്ത് ആദ്യമായി പലസ്തീൻ ഭൂമിയുടെ പേരിലായിരിക്കും.

പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ ഭൂമി വില്പന നടന്നിരുന്നു. മിഡിലീസ്റ്റിൽ അശാന്തിയുടെ വിത്തുപാകാൻ അന്ന് ഭൂമി വാങ്ങി കൂട്ടിയത് മുഴുവൻ ജൂതന്മാരായിരുന്നു. ലോകത്തിന്റെ ഇതര ഭാഗങ്ങളിൽ നിന്നും പലസ്തീനിലേക്ക് വന്നവർ വാങ്ങികൂട്ടിയ ഭൂമിയിൽ ബിസിനസ് നടത്തുകയായിരുന്നില്ല ലക്ഷ്യം, വീട് പണിത് അവിടെ താമസമാക്കാനാണ് ഉപയോഗിച്ചത്. പലസ്തീൻ അതോറിറ്റിയെ സംബന്ധിച്ച് അതത്ര വലിയ കാര്യമായിട്ടെടുത്തില്ല, കാരണം ഫലസ്തീൻ സെമിറ്റിക് മതക്കാരായ ജൂതന്മാരുടെയും ക്രൈസ്തവരുടേയും മുസ്ലിംങ്ങളുടേയും പുണ്ണ്യഭൂമിയായിരുന്നു. അതൊകൊണ്ട് തന്നെ മുസ്ലിംങ്ങളായ പലസ്തീനികൾ മറ്റു മതസ്ഥരുടെ അവകാശങ്ങൾ വെച്ചുകൊടുത്തുകൊണ്ട് അവിടെ ഭൂമിവാങ്ങാനും താമസിക്കാനും അനുവാദം നൽകി. ഈ അവസരം മുതലെടുത്തായിരുന്നു ജൂതന്മാർ പലസ്തീനിൽ ഭൂമിവാങ്ങികൂട്ടിയത്. അവർ പല ഭാഗങ്ങളും വാങ്ങികൂട്ടി അവരുടേത് മാത്രമായ ചെറിയ പ്രദേശങ്ങൾ സൃഷ്ടിച്ചു, അതിനെ ബേസ് ചെയ്താണ് പിന്നീട് ബ്രിട്ടൻ രാഷ്ട്രീയം കളിച്ചതും പലസ്തീൻ കീഴടക്കി ഇസ്രായേൽ എന്ന ജൂത രാഷ്ട്രം സ്ഥാപിച്ചതുമെല്ലാം. അതിനാൽ തന്നെ അറബ് ഇസ്രായേൽ യുദ്ധത്തിന് ശേഷം സ്ഥാപിതമായ ട്രാൻസ്ജോർദ്ദാൻ ഭൂനിയമങ്ങൾ വളരെ കർശനമാക്കി. അതിന്റെ ഭാഗമായിട്ടാണ് ഇസ്രായേലിനും സാമ്രാജ്യത്വ ശക്തികളെ പിന്തുണക്കുന്ന കോർപറേറ്റുകൾക്കും ഭൂവില്പന നടത്തിയാൽ അതിന് വധശിക്ഷ നൽകുമെന്ന് നിയമമുണ്ടാക്കിയത്.

യുദ്ധത്തിലൂടെ ഭൂമി പിടിച്ചടക്കുന്നത് തുടർന്നും ലോകത്തിന്റെ പല ഭാഗങ്ങളിൽ നടന്നു. രണ്ട് ലോകമഹായുദ്ധങ്ങക്ക് ശേഷം യുനൈറ്റഡ് നാഷന്റെ രൂപീകരണത്തോട് കൂടിയാണ് കുറച്ചെങ്കിലും കുറവുണ്ടായത്. അതിന് ശേഷം പലയുദ്ധങ്ങളും നടന്നെങ്കിലും പഴയത് പോലെ ലോക ശക്തികൾക്ക് മറ്റു രാജ്യങ്ങൾ പിടിച്ചടക്കുക അത്ര എളുപ്പമായിരുന്നില്ല, യുദ്ധങ്ങളിലൂടെ അമേരിക്ക ചില രാഷ്ട്രങ്ങളിൽ പാവ സർക്കാരുകളെ അവരോധിച്ചത് തന്നെ പല കുതന്ത്രങ്ങളിലൂടെയുമാണല്ലൊ, അത്തരത്തിലുള്ള കുതന്ത്രങ്ങൾ എല്ലാ രാജ്യത്തും നടപ്പാക്കാൻ കഴിയില്ല എന്നതിനാൽ സാമ്രാജ്യത്വ അജണ്ടകൾ മൂന്നാം ലോക രാഷ്ട്രങ്ങളിൽ നടപ്പിലാകാതെ പോകുന്നില്ല, ജനങ്ങൾക്ക് അറിയാനാവാത്ത വ്യത്യസ്ത മാർഗത്തിലൂടെ അവർ അജണ്ടകൾ നടപ്പാക്കികൊണ്ടിരിക്കുന്നു എന്നുമാത്രം. അതിൽ പ്രധാനപെട്ട മാർഗമാണ് ഇന്ന് കോർപറേറ്റുകളുടെ ഭൂമി കച്ചവടം. രാഷ്ട്രത്തിന്റെ സമ്പദ് വ്യവസ്ഥയെ സഹായിക്കുന്നതിന്  പുറത്ത് നിന്നുള്ള നിക്ഷേപകരെ സ്വാഗതം ചെയ്തുകൊണ്ട്  ‘വളർച്ച‘യുടെ കണക്ക് പറയാൻ ആക്രാന്തം കാണിക്കുന്ന വിഢികളായ ‘ഭരണ കേന്ദ്ര‘ങ്ങൾ ഭൂമാഫിയകളുടെ പാതസേവകരാവുകയാണ്! കഷ്ടം. വിദേശ മുതൽമുടക്കുകളിറക്കുന്നതിൽ ഭക്ഷ്യ കാർഷിക മേഖലയെങ്കിലും ഒഴിവാക്കിയില്ലെങ്കിൽ കോർപ്പറേറ്റ് രാക്ഷസവേരുകൾ പാവപെട്ടവന്റെ കാർഷികഭൂമിയുടെ അടിവയറ്റിലേക്ക് ആഴ്ന്നിറങ്ങി ഊറ്റി സകലതും കുടിക്കുമെന്ന് മാത്രമല്ല കാൻസർ പടരുന്നത് പോലെ ഓരോ കാർഷിക മേഖലയും തകർത്തെറിഞ്ഞുകൊണ്ട് ഭൂമിയുടെ നിയന്ത്രണം കോർപറേറ്റുകളുടെ കൈകളിലാക്കുകയും ചെയ്യും.

ഭൂമി വില്പനയിൽ ദുബൈ തുടങ്ങിയ ബിസിനസ്സ് ഹബ്ബുകൾ മുതൽ സാമ്പത്തികമായ് പൊട്ടിപൊളിഞ്ഞ ഗ്രീസ് വരെയുണ്ട്. 2010ൽ സാമ്പത്തിക തകർച്ചയിൽ നിന്നും കരകയറാൻ ഗ്രീസ് എടുത്ത തീരുമാനം തങ്ങളുടെ കൈവശമുള്ളതും ടൂറിസ്റ്റുകളുടെ ഉല്ലാസ കേന്ദ്രവുമായ ഐലന്റ് വിൽക്കാനാണ്. ഒരു നിശ്ചിത വർഷത്തേക്ക് ലീസിനാണ് വില്പന. അവിടെ ഭൂമി വാങ്ങിയവരധികവും റഷ്യക്കാരും ചൈനകാരുമാണ്മിഡിൽ ഈസ്റ്റ് മുതൽ ഗ്രീസ് വരെയുള്ള  ഭൂമി കച്ചവടത്തിനു പിന്നിൽ ബിസിനസ് പ്ലാനിങ്ങുകളാണ്. അവയൊന്നും അത്രതന്നെ സാമൂഹിക ജീവതത്തെ ബാധിക്കുന്നില്ല, എന്നാൽ ആഫ്രിക, ഏഷ്യ തുടങ്ങിയ രാജ്യങ്ങളിൽ കോർപറേറ്റുകൾ മില്ല്യൺ കണക്കിന് ഹെക്ടർ കൃഷിഭൂമിയാണ് വാങ്ങികൂട്ടുന്നത്. അതിൽ അധിക കോർപറേറ്റുകൾക്ക് പിന്നിലും സാമ്രാജ്യത്വ രാഷ്ട്രങ്ങളാണ്. ദീർഘ കാലാടിസ്ഥാനത്തിലാണ് പാട്ടങ്ങളെന്ന ഓമനപേരിൽ കൃഷിഭൂമികൾ വാങ്ങി കൂട്ടുന്നത്. ഇങ്ങിനെ പാട്ടത്തിന് നൽകുന്ന ഭൂമിയുടെ കണക്ക് വളരെ ഭീതിപെടുത്തുന്നതാണ്. ആഫ്രികയിൽ ഗ്ലോബൽ ലാന്റ് പ്രൊജക്റ്റ് എന്നോമനപേരിലറിയപെടുന്ന കോർപറേറ്റ് കമ്പനി 27 രാജ്യങ്ങളിൽ നൂറ് കണക്കിന് ഇടപാടുകളിലായി 65 മില്ല്യൺ ഹെക്ടർ ഭൂമിയാണ് തുഛ വിലക്ക് പാട്ടവ്യവസ്ഥയിൽ കരസ്ഥമാക്കിയിരിക്കുന്നത്. എന്തുകൊണ്ട് ഇത്തരത്തിൽ വലിയ തോതിൽ ലോകത്ത് ഇവർ ഭൂമികൾ വാങ്ങി കൂട്ടുന്നത് എന്നത് വളരെ ഗൌരവത്തോടെ ആലോചിക്കേണ്ടതാണ്.

കോർപറേറ്റുകൾ പ്രധാനമായും ഇപ്പോൾ ലക്ഷ്യമിടുന്നത് ഭക്ഷണ ധാന്യം, ജൈവ ഇന്ധനം  (ബയോഫ്യുവൽ) എന്നീ രണ്ട് കാര്യങ്ങളിലാണ്. പാശ്ചാത്യ രാഷ്ട്രങ്ങൾ ഇന്ന് പ്രധാനമായും ലക്ഷ്യം വെക്കുന്നത് ബയോഫ്യുവലുകളിലാണ്. ലോകത്തിന് ഭീഷണിയായ നിലനിൽക്കുന്ന കാർബൺ (മുമ്പ് ഇവിടെ വിവരിച്ചിട്ടുണ്ട്) പ്രസരണത്തിന് നിയന്ത്രണങ്ങൾ വരുത്താൻ പോകുന്നു.  യൂറോപ്യൻ യൂണിയൻ 2020 ആകുമ്പോഴേക്ക് 10 ശതമാനം ബയോ ഫ്യുവലിലേക്ക് മാറ്റപെടുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞുആയതിനാൽ ഭക്ഷ്യ ധാന്യങ്ങളുടെ സെക്യൂരിറ്റിയായിരിക്കാം ഇങ്ങിനെ ലോകത്ത് സാമ്രാജ്യത്വ ശക്തികൾ ഭൂമികൾ വാങ്ങികൂട്ടാനുള്ള പ്രധാന കാരണം. ലോകത്ത് ജനസംഖ്യ കൂടുതലുള്ള പല രാഷ്ട്രങ്ങളും ജനങ്ങളുടെ ഭക്ഷണ വിഷയത്തിൽ ഗൌരവമായി ചിന്തിക്കാൻ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ  ലോകത്ത് ഭക്ഷ്യധാന്യങ്ങളുടെ വില ക്രമാതീതമായി വർദ്ധിച്ചിരുന്നു. ലോക ജന സംഖ്യ വർദ്ധനവും കാർഷിക ഭൂമികളില്ലാതാവുന്നതും ഭക്ഷ്യധാന്യങ്ങളുടെ ആവശ്യകത വർദ്ധിക്കുന്നു.  വിശക്കുന്ന ജനത അസന്തുഷ്ട ജനത എന്നല്ലെ, അതിനിടക്ക് ഭക്ഷ്യധാന്യങ്ങൾ ഇന്ധന ആവശ്യങ്ങൾക്ക് മാറ്റപെട്ടാൽ ലോകത്ത് ഭക്ഷ്യ ക്ഷാമവും വിലകയറ്റവും രൂക്ഷമാകും. സൌദി അറേബ്യയെ പോലുള്ള ചില രാഷ്ട്രങ്ങൾ ദീർഘ ദൃഷ്ടിയോടെ അത് മുന്നിൽ കണ്ടുകൊണ്ട് കാർഷിക മേഖലയിൽ വിപ്ലവങ്ങൾ സൃഷ്ടിക്കത്തക്ക പദ്ധതികളാണ് അസൂത്രണം ചെയ്തിരിക്കുന്നത്.

ഇന്ത്യയെ പോലുള്ള ലോക ജനസംഖ്യയിൽ മുന്നിൽ നിൽക്കുന്ന രാഷ്ട്രങ്ങൾക്ക് അവിടെയുള്ള ജനങ്ങളെ തീറ്റിപോറ്റാനുള്ള ധാന്യങ്ങൾ വിളവെടുക്കാനുള്ള ഭൂമിയില്ലാതായികൊണ്ടിരിക്കുന്നു. ധാന്യശേഖരണ ശേഷി (Stockpile) വർദ്ധിപ്പിച്ചെങ്കിലും സംഭരിക്കുന്നതിൽ ശുചിത്വശാസ്ത്രം വേണ്ട ഗൌരവത്തോടെ സ്വീകരിക്കുന്നില്ലെന്നതിന് തെളിവാണ് എലികളെ പോലുള്ള ക്ഷുദ്ര ജീവികളുടെ താവളമായ് മാറുന്നത്. ചില സന്ദർഭങ്ങളിൽ റേഷൻ കടകളിൽ പോലും എത്തുന്നത് അതിന്റെ അവശിഷ്ടങ്ങളാണ്. വിതരണാസൂത്രത്തിലും എത്രയോ മാറ്റങ്ങൾ അനിവാര്യമാണ്. ഇന്നും പട്ടിണികിടക്കുന്ന പാവപെട്ടവർ രാജ്യത്തിന്റെ നാനാഭാഗങ്ങളിലും ഉണ്ടായിരിക്കെ കരിഞ്ചന്തകളിലൂടെയാണ് നല്ലൊരൂ ശതമാനം വിതരണം ചെയ്യപ്പെടുന്നത്.  അഴിമതിയിൽ മലീമസമായ ഇന്ത്യൻ രാഷ്ട്രീയം ഭക്ഷ്യധാന്യ ഉല്പാദന, സംഭരണ, വിതരണ വിഷയങ്ങളിൽ പുറംതിരിഞ്ഞു നിൽക്കുന്നു എന്നുമാത്രമല്ല, ഉള്ള കൃഷിയിടം പോലും ബഹുരാഷ്ട്ര കുത്തകകൾക്ക് തീറെഴുതി കൊടുക്കുകയാണിന്ന്. അത് വളരെ ഗൌരവത്തോടെ കാണേണ്ടതുണ്ട്.

ലോക ബാങ്കിന്റെ സഹായത്തോടെ പാശ്ചാത്യ രാഷ്ട്രങ്ങൾ ബയോ ഫ്യുവലിന് വേണ്ടി ഇറങ്ങിതിരിക്കുമ്പോൾ അത് മൂന്നാം ലോകത്ത് ഒരു ബില്ല്യണിൽ പരം ജനങ്ങളെയാണ് നേരിട്ട് ബാധിക്കുക. ഇന്ത്യയിൽ പല ഭാഗങ്ങളിലുള്ള കൃഷിഭൂമികളിൽ കോർപറേറ്റ് കമ്പനികളുടെ വേരുകളാഴ്ന്നിറങ്ങികഴിഞ്ഞുബാംഗ്ലൂരിൽ നിന്നും 250 കിലോമീറ്റർ അകലെ ഹസ്സൻ എന്ന വില്ലേജിൽ കഠിനാദ്ധ്വാനികളായ പാവം കർഷകരുടെ വിശാലമായ കൃഷിഭൂമിപോലും തീറെഴുതികൊടുത്തിരിക്കുന്നു! ലോക ജനസംഖ്യയുടെ അഞ്ചിലൊന്ന് വസിക്കുന്ന, ദരിദ്ര നാരായണമാരുടെ ഏക ആശ്രയമായ കാർഷികഭൂമിയാണ് മൾട്ടി നാഷണൽ കോർപറേഷനുകൾക്ക് പതിച്ചു നൽകുന്നത്. അത്തരം ഭൂമികളിൽ തഴച്ചു വളരുന്ന കോർപ്പറേറ്റുകൾ കർനിവോർസ് ചെടികളെപോലെ കർഷകസമൂഹത്തിന്റെ നീരും ചോരയും കുടിച്ചു വളരും. ജനങ്ങൾക്കും രാഷ്ട്രത്തിനുമുണ്ടാക്കുന്ന അതിന്റെ അനന്തര വിപത്ത് വിവരണാധീതമായിരിക്കും. ആരുണ്ടിത് ശ്രദ്ധിക്കാൻ?


[മഴവില്ല് ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിച്ചത്. മറ്റു ലേഖനങ്ങളും രചനകളും മഴവില്ല് സൈറ്റിൽ നിന്നും വായിക്കാം.]
മലയാളം ന്യൂസ് ദിനപത്രത്തിലും ഈ ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്



Related Posts Plugin for WordPress, Blogger...