Dec 25, 2011

സൈകോളജിക് ടോർച്ചറിങ്


വൈ ദിസ് കൊലവെറി കൊലവെറി....  ഇന്റര്‍നെറ്റിലൂടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഹിറ്റ് സൃഷ്ടിച്ച ഒരു തമിഴ് ഇംഗ്ലീഷ് കലര്‍ന്ന ഗാനമാണിത്.  സംഗീതം സാഗരമാണ്, ലഹരിയാണ് എന്നിങ്ങനെ പലവിധ കാഴ്ച്ചപാടുകള്‍ ലോകത്തുണ്ട്. മനുഷ്യരില്‍ സംഗീതത്തിന് വളരെ പെട്ടെന്ന് സ്വാധീനം ചെലുത്താന്‍ കഴിയുന്നു. ആയതിനാല്‍ തന്നെ മുല്ലപെരിയാര്‍ ഡാം വിഷയത്തില്‍ മനുഷ്യജീവന് പുല്ല് വില കല്പിക്കാത്ത തമിഴ് മുഖ്യമന്ത്രി ജയലളിതക്ക് വേണ്ടി ഒരു റോക് മ്യൂസിക് തയ്യാറാക്കണം. മലയാളിയുടെ ആകെയുള്ള 'ആയുധ'മായ സന്തോഷ് പണ്ഢിറ്റിനെ ഉപയോഗിച്ച് ഒന്നൊന്നര റോക് തയ്യാറാക്കിയാല്‍ സംഗതി അതിഭീകരമാവുകയും ഉദ്ദേശിച്ച രീതിയില്‍ പദ്ധതി വിജയിക്കുകയും ചെയ്യും. അതെ, കാര്യം സാധിക്കാന്‍ ജയലളിതാമ്മക്കൊരു ചെറിയ പീഡ, അത്ര തന്നെ.

മനുഷ്യന് കേള്‍ക്കാന്‍ കഴിയുന്ന ഫ്രീക്വന്‍സി (തരംഗങ്ങള്‍) ആവറേജ് 20Hz മുതല്‍ 20KHz വരെയാണ്. മനുഷ്യ ശബ്ദത്തിന്റെ തരംഗങ്ങള്‍ കൂടിയത് സ്ത്രീകളുടേതും കുറഞ്ഞത് കനത്ത ശബ്ദത്തിനുടമകളായ പുരുഷന്‍മാരുടേതുമാണ്. ഒരിക്കല്‍ സുഹൃത്തിന്റെ മകളുടെ പാട്ട് റെകോര്‍ഡ് ചെയ്തു ഡിജിറ്റല്‍ പ്രക്രിയ വഴി തരംഗ ദൈര്‍ഘ്യം കുറക്കുകയും ചെയ്തപ്പോള്‍ ശരിക്കും സുഹൃത്തിന്റെ ശബ്ദമായി ലഭിച്ചു. കുടുംബത്തിലെ അംഗങ്ങളില്‍ സംസാര രീതിയും സ്വരസംക്രമവുമെല്ലാം സാമ്യമായിരിക്കുമെങ്കിലും കുട്ടികളുടെയും സ്ത്രീകളുടേയും പുരുഷന്‍മാരുടേയും തരംഗങ്ങളിലുള്ള വ്യത്യാസത്തിനനുസരിച്ച് വ്യത്യസ്ത സ്വരഭേദം പുറത്ത് വരുന്നു. ആയതിനാല്‍ തന്നെ തരംഗങ്ങളുടെ സ്വരസംക്രമം വഴി കുടുംബങ്ങളുടെ സ്വരഭേതത്തില്‍ സാമ്യത കാണുന്നു. 

തരംഗങ്ങള്‍ കൂടിയാലും കുറഞ്ഞാലും സ്വരത്തില്‍ മാറ്റമുണ്ടാകുന്നു. പഠിക്കുന്ന കാലത്ത് കൊതുകുകളെ അകറ്റുന്ന ഇലക്ട്രോണിക് സര്‍ക്യൂട്ട് ഡിസൈന്‍ ചെയ്തിരുന്നു. മനുഷ്യന് കേള്‍ക്കാന്‍ കഴിയുന്ന ഉയര്‍ന്ന തരംഗങ്ങള്‍ക്ക് തൊട്ട് മുകളിലുള്ള ശ്രേണിയാണ് കൊതുകുകളെ അകറ്റി നിര്‍ത്താന്‍ ഉപയോഗിക്കുന്നത്. തല്‍ഫലമായി നമുക്ക് ശബ്ദം കേള്‍ക്കില്ലെങ്കിലും കൊതുകുകള്‍ക്ക് അലോസരമുണ്ടാക്കുന്ന ശബ്ദമായതിനാല്‍ കൊതുകുകള്‍ മാറിനില്‍ക്കുമെന്ന് ചില പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് കൊതുകിനെ അകറ്റുന്ന സര്‍ക്യൂട്ടുണ്ടാക്കിയത്.  നമുക്ക് കേള്‍ക്കാന്‍ കഴിയാത്ത എത്രയോ തരംഗങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. ചെവികളുടെ സൃഷ്ടിപ്പില്‍, കേള്‍വിക്ക് ഒരു നിശ്ചിത റേഞ്ച് കൊടുത്തില്ലെങ്കില്‍ മനുഷ്യര്‍ക്ക് ജീവിക്കുക എത്ര പ്രയാസകരമായിരിക്കും! 

നമ്മുടെ കേള്‍വിയുടെ പരിധിയില്‍ തരംഗങ്ങള്‍ മാത്രമല്ല, ശബ്ദത്തിന്റെ തീവ്രതയും പരിധികളുണ്ട്.  40dB വരെ നേര്‍ത്ത ശബ്ദമാണ്. സാധാരണ കേള്‍ക്കുന്ന ശബ്ദത്തിന്റെ തോത് 60dBക്കടുത്തും വ്യവസായ ശാലകളില്‍ നിന്നും വരുന്ന ശബ്ദം 80dB യും ജാക്ക് ഹാമ്മര്‍ തുടങ്ങിയവയുടേത് 110dB യുമാണ്. 120dB അസ്വസ്ഥതയുണ്ടാക്കുന്നതാണെങ്കില്‍ 140dB കര്‍ണപടങ്ങളിലെ നാഡികളെ തകര്‍ക്കുന്നതാണ്.

ഒരാളെ പിടിച്ചുകൊണ്ട് വന്ന് കൈയും കാലും ബന്ധിച്ച് ചെയറില്‍ കെട്ടിയിട്ട ശേഷം ചെവികളില്‍ ഹെഡ് ഫോണും ബന്ധിച്ച് അതിനു മുകളില്‍ തലമുഴുവന്‍ മറക്കുന്ന വോയ്‌സ് ഷീല്‍ഡ് മാസ്‌കും ധരിപ്പിച്ചു സാധാരണ മനുഷ്യര്‍ക്ക് കേള്‍ക്കാനാവുന്ന 60dBക്ക് പകരം വ്യവസായ ശാലകളിലെ 80dB കൊടുത്താല്‍ എത്ര സെക്കന്റുകള്‍ നമുക്ക് ഇരിക്കാനാവും? എന്നാല്‍ ഗോണ്ടനാമോയിലെ തടവറയില്‍ മനുഷ്യരെ പീഡിപ്പിക്കാന്‍ കൊടുത്തത് 100dB വരെയുള്ള ശബ്ദമായിരുന്നു, അതു തന്നെ അലോസരമാകുന്ന 'മോണൊടോണിക്’ സ്വരങ്ങളും, റോക്, റാപ് സംഗീതങ്ങളും.. മിനിട്ടുകളല്ല, ഒന്നും രണ്ടും മണിക്കൂറുകളല്ല, 18 മുതല്‍ 24 മണിക്കൂറുവരെ തുടര്‍ച്ചയായി! ഒരിക്കലും മനുഷ്യര്‍ക്ക് ചിന്തിക്കാനാവാത്ത ശിക്ഷ.  തണുപ്പുള്ള വെള്ളത്തില്‍ തലമുക്കിയും അടിച്ചും ഇടിച്ചും ഉരുട്ടിയും ചുടുവെള്ളമൊഴിച്ചും പലവിധത്തിലുള്ള ടോര്‍ച്ചറിങ്ങുകളുണ്ട്, എന്നാല്‍ മ്യൂസിക് ടോര്‍ച്ചറിങ് (പീഡനം) അതി ഭീകരമാണ്. വളരെ കുറച്ചു മണിക്കൂറ് മാത്രം ഉറങ്ങാന്‍ അനുവദിച്ച ശേഷം വീണ്ടും മ്യൂസിക് നല്‍കി കൈകള്‍ ബന്ധിച്ച് തൂക്കിയിടും.

അമേരിക്കയിലെ ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊജക്ട് ഡയരക്ടര്‍, തോമസ് കീനന്‍ പറയുന്നത്, ഗൊണ്ടനാമോയില്‍ മാത്രമല്ല പല ഹിഡന്‍ സൈറ്റുകളിലും അഫ്ഗാനിലും ഇത്തരം ടോര്‍ച്ചറിങ് നടത്തിയിട്ടുണ്ടെന്നാണ്. പ്രമുഖ മ്യൂസിക് രചയിതാവായ ക്രിസ്റ്റഫര്‍ സെര്‍ഫ് ഈ വിഷയം കൂടുതല്‍ അറിയാന്‍ ഗോണ്ടനാമോയില്‍ സേവനം ചെയ്ത ക്രിസ് ആരെന്റ് എന്ന ചിക്കാഗോക്കാരനെ കണ്ടു, 19മത്തെ വയസ്സില്‍ ഗോണ്ടനാമോയില്‍ സൈനിക സേവനത്തിന് പോയ ക്രിസ്റ്റഫര്‍ മ്യൂസിക് ടോര്‍ച്ചറിങ് നടത്തുന്നതില്‍ മനംനൊന്ത് ജോലി ഉപേക്ഷിച്ചു പോരുകയും ആര്‍മിയുടെ കാടത്തത്തിനെ പൊതുസമൂഹത്തിന് മുമ്പില്‍ വെച്ച് വിമര്‍ശിക്കുകയും ചെയ്തു. ബുദ്ധിയെ തകിടം മറിക്കുന്ന സൈകോളജികല്‍ ടെക്‌നിക് വളരെ ക്രൂരമായതിനാലാണ് ജോലി വലിച്ചെറിഞ്ഞ് ലോകത്തോട് അവിടെ നടക്കുന്ന ക്രൂരതകളെക്കുറിച്ച് വിളിച്ചുപറയാന്‍ തുടങ്ങിയത്. ജയില്‍ സെല്ലുകള്‍ക്ക് പുറത്ത് അദ്ദേഹം കണ്ടത് ഐസ്‌ബേര്‍ഗിന്റെ പുറംഭാഗം മാത്രമാണ്, അതിനേക്കാള്‍ എത്രയോ ഭീകരമാണ് അകത്തളങ്ങളിൽ.

മ്യൂസിക് ടോര്‍ച്ചറിങ് നൂറ് കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചില രാജ്യങ്ങള്‍ നടപ്പിലാക്കിയതാണ്. നോര്‍ത്ത് കൊറിയന്‍സും ചൈനീസുമാണ് സൈകോളജികല്‍ 'ആയുധമായി' മ്യൂസിക്കിനെ ആദ്യമായി ഉപയോഗപ്പെടുത്തിയത്, സൗത്ത് കൊറിയക്കെതിരെ നടന്ന 1915ലെ കൊറിയന്‍ യുദ്ധത്തില്‍ പിടികൂടിയ 7000 ത്തോളം അമേരിക്കക്കാരെയാണ്. അന്നത്തെ സംഭവത്തിലെ മനശ്ശാസ്ത്രവശം പിന്നീട് പഠനവിധേയമാക്കി അതില്‍ നിന്നും പ്രചോദനമുള്‍കൊണ്ട് സി ഐ എ മ്യൂസിക് ടോര്‍ച്ചറിങ് നടപ്പിലാക്കുന്നത്.  ശാസ്ത്രജ്ഞരെ ഉപയോഗിച്ച് മനുഷ്യര്‍ക്ക് മരുന്നു നല്‍കിയ ശേഷം വ്യത്യസ്ത തീവ്രതയിലുള്ള ശബ്ദം നല്‍കുകയും അതുവഴി വിഭ്രാന്തിവരുന്ന ഒരു ചാര്‍ട്ടുണ്ടാക്കുകയും ചെയ്തു.  അതുപ്രകാരം 80റആ മ്യൂസിക്ക് 18 മണിക്കൂറില്‍ കൂടുതലായാലും 90dB  8 മണിക്കൂറും  94dB 4മണിക്കൂറും 100dB  2മണിക്കൂറും കൂടിയാല്‍ മാനസിക പ്രശ്‌നങ്ങളുണ്ടാകുമെന്നാണ്.

അതിനെ അടിസ്ഥാനത്തിലാണ് സി ഐ എ ചോദ്യം ചെയ്യല്‍ പദ്ധതി ‘വൈറ്റ് നോയിസ്’ കൊണ്ടും തീവ്രമായ ശബ്ദം കൊണ്ടും രൂപപ്പെടുത്തി ടോര്‍ച്ചറിങ്ങ് മാന്വലുണ്ടാക്കി SERE (Survival, Evasion, Resistance and Escape) ട്രൈനിംഗിന്റെ ഭാഗമാക്കിയത്. തടവുപുള്ളികളെ മാനസിക നില തെറ്റിക്കുക വഴി പ്രലോഭനീയതയിലും നിസ്സഹായാവസ്ഥയിലുമാകുമെന്ന് അമേരിക്കന്‍ ആര്‍മി സൈകോളജികല്‍ ഓപറേഷന്‍ എക്‌സ്‌പേര്‍ട്ട് ഹെര്‍ബ് ഫ്രൈഡ്മന്‍ പറയുന്നു. ചോദ്യം ചെയ്യലിനു മുമ്പായി സി ഐ എ തുടര്‍ച്ചയായി 72 മണിക്കൂര്‍ വരെ ലൗഡ് മ്യൂസിക് ഉപയോഗിച്ചുകൊണ്ട് ഉറങ്ങാനാവാതെ ശാരീരികവും മാനസികവുമായും തളര്‍ത്തുകയും അനിയന്ത്രിതമായ ഭയം തടവുകാരില്‍ രൂപപെടുത്തുകയും ചെയ്യും. 

ക്രിസ്റ്റഫര്‍ സെര്‍ഫ് മ്യൂസികിന്റെ ഇരുണ്ട ഭാഗത്തെക്കുറിച്ച് പഠിച്ചു പറഞ്ഞത് ഏതൊരാളും ഒരു പാട്ട് ഉച്ചത്തില്‍ തുടര്‍ച്ചയായി കേട്ടുകൊണ്ടിരുന്നാല്‍ അത് ഉന്‍മാദമുണ്ടാക്കുമെന്നാണ്. മുന്‍ യു എസ് ആര്‍മിയുടെ അന്വേഷണ ഉദ്ദ്യോഗസ്ഥനായ (ഇന്ററോഗേറ്റര്‍) മൈക്‌രിറ്റ്‌സ് പറയുന്നത് എല്ലാ തരത്തിലുള്ള ഒറ്റപെടുത്തലും ഗോണ്ടനാമോയില്‍ നടപ്പിലാക്കിയിട്ടുണ്ടെന്നാണ്. ഗ്ലൗസ് ധരിപ്പിക്കുക വഴി സ്പര്‍ശനത്തില്‍ നിന്നും ഹെഡ്കവര്‍ വഴി പ്രകാശത്തില്‍ നിന്നും കൈയും കാലും ബന്ധിപ്പിക്കപ്പെടുക വഴി ചലനങ്ങളില്‍ നിന്നും വൈറ്റ് മ്യൂസിക് വഴി ശബ്ദത്തില്‍ നിന്നും ഓരോ തടവുപുള്ളികളേയും ഒറ്റപ്പെടുത്തുന്നു എന്നു മാത്രമല്ല, ലൗഡ് മ്യൂസിക് വഴി ഉറക്കം നഷ്ടപ്പെടുത്തുകയും വ്യക്തിയെ തളര്‍ത്തുകയും ചെയ്യുന്നു. ഒരു തടവുകാരന് മറ്റൊരു തടവുകാരനുമായി യാതൊരു ബന്ധവുമില്ലാത്ത രീതിയില്‍ ഏറ്റവും ഇടുങ്ങിയ സെല്ലില്‍ താമസിപ്പിച്ചാല്‍ പോലും ഇത്ര ഒറ്റപെടലുണ്ടാകില്ല. ചുമരുകളോടും എന്തിനേറെ സ്വന്തം അവയവങ്ങളെ സ്പര്‍ശിക്കാനും അവയോട് സംവദിക്കാനും, സ്വന്തം ശബ്ദത്തിന്റെ പ്രതിധ്വനികള്‍ കേള്‍ക്കാനും, ഇരുണ്ട സെല്ലുകളിലെ മങ്ങിയ പ്രകാശത്തില്‍ സ്വന്തം ശരീരം കാണാനുമുള്ള സ്വാതന്ത്ര്യത്തെയാണ് ഇത്തരം ടോര്‍ച്ചറിങ്ങ് വഴി തടയുന്നത്. സ്വന്തം ശരീരത്തില്‍ നിന്ന് പോലും തടവുകാരെ ഒറ്റപ്പെടുത്തുകയാണുതുവഴി നടക്കുന്നത്. 

പുറം ലോകത്ത് തടവുകാരെ ഒന്നിച്ച് കാണുന്നവര്‍ക്ക് അത്ര ഭീകരമായി തോന്നുകയില്ല എങ്കിലും കാഴ്ച്ചയും കേള്‍വിയും ഇല്ലാതാക്കുകവഴി തടവുകാര്‍ക്ക് ഭീകരമായ ഒറ്റപ്പെടലാണുണ്ടാവുക. പരസ്പരം സംസാരിക്കാന്‍ ഒരാളെ ലഭിച്ചാല്‍ അതുവഴി മനക്ലേശത്തിന് കുറവ് ലഭിക്കും. എന്നാല്‍ ശബ്ദവും വെളിച്ചതും എന്തിനേറെ സ്വന്തം ശരീരത്തിലുള്ള സ്പര്‍ശനം പോലും തടയുകവഴി വല്ലാത്ത മാനസികാവസ്ഥ സൃഷ്ടിക്കപ്പെടുന്നു. അടഞ്ഞ ഇടുങ്ങിയ മുറികളും തെളിഞ്ഞ വിശാലമായ പുറം ലോകവും തമ്മില്‍ യാതൊരു വ്യത്യാസവും അവര്‍ക്ക് തോന്നുകയില്ല.  ഒരേ സെല്ലില്‍ തന്നെ കുറേ പേരുണ്ടായാലും ഭീകരമായ ഒറ്റപ്പെടലനുഭവിക്കും. അതാണ് ഇത്തരം പീഡനങ്ങള്‍ വഴി ലക്ഷ്യം വെക്കുന്നത്.

തലച്ചോറിലേക്ക് വരുന്ന ചില സ്വരങ്ങള്‍ സങ്കല്‍പലോകത്തേക്ക് കൊണ്ടുപോവുകയും അത് മനസ്സില്‍ വ്യത്യസ്ത വികാരങ്ങള്‍ സൃഷ്ടിക്കുമെന്നും മ്യൂസികോളജിസ്റ്റ്, ന്യൂറോ സയന്റിസ്റ്റുകള്‍, സൈകോളജിസ്റ്റുകള്‍ തുടങ്ങിയവര്‍ ചേര്‍ന്നു  മോണ്ട്രിയോ യുണിവേഴ്‌സിറ്റിയിലെ സൗണ്ട് ലാബില്‍ വെച്ചു നടത്തിയ പഠനത്തില്‍ തെളിയിക്കുന്നു, എന്തിനേറെ ഹൃദയമിടിപ്പിലും രക്ത സമ്മര്‍ദ്ദത്തിലും വ്യത്യാസങ്ങളുണ്ടാക്കുന്നു. കൂടുതല്‍ പഠിക്കുകയാണെങ്കില്‍ ശബ്ദങ്ങള്‍ക്ക് കുറേ ഇരുണ്ട ഭാഗങ്ങളുണ്ടെന്ന് കണ്ടെത്താനാവും. ചില  ശബ്ദവീചികളെ തലച്ചോറിലെ ചില മോശമായ വികാരങ്ങളുണ്ടാക്കുന്ന കേന്ദ്രങ്ങളിലേക്ക് നാഡി വ്യവസ്ഥ മാറ്റുക വഴി മോശമായ വികാരങ്ങളും ദൃശ്യങ്ങളും രൂപപ്പെടുമെന്നാണ് മോണ്ട്രിയോയിലെ മ്യൂസിക് പ്രൊഫസര്‍ നെതലി ഗോസലിന്‍ വ്യക്തമാക്കുന്നത്. മ്യൂസിക്കുകള്‍ മനുഷ്യരില്‍ വ്യത്യസ്ത രീതിയിലാണ് പ്രവര്‍ത്തിക്കുക.  
മ്യൂസിക് ടോര്‍ച്ചറിങിനെതിരെ zerodb.org യുടെ മൗനപ്രതിഷേധം അറിയേണ്ടതാണ്.

കേള്‍വി മനസ്സിലേക്ക് നേരെ നിക്ഷേപിക്കപ്പെടുന്ന എനര്‍ജിയാണ്. കേള്‍ക്കുന്ന ശബ്ദവീചികള്‍ മനസ്സിനെ വളരെ സ്വാധീനിക്കുന്നു. ആത്മീയ വചനങ്ങള്‍ നല്ല വികാരങ്ങളുണ്ടാക്കുന്ന തലച്ചോറിന്റെ ഭാഗത്തെ ഉദ്ദീപിപ്പിക്കുന്നു. ഇരുട്ടില്‍ കുറേ തുടര്‍ച്ചയായി പ്രസംഗങ്ങളോ  മ്യൂസിക്കുകളോ കേള്‍ക്കുകയാണെങ്കില്‍ അത് മോശമായ വികാരങ്ങങ്ങളെ ഉദ്ദീപിപ്പിക്കുന്നതിലേക്കെത്താന്‍ സാധ്യതയുണ്ട്. കാരണം വെളിച്ചമില്ലാതാകുന്നതോടെ മനസ്സിന്റെ പ്രൊസസിങ് കേള്‍വിയിലേക്ക് മാത്രമായി കേന്ദ്രീകരിക്കുന്നു, അതിനാല്‍ തന്നെ പകല്‍ സമയത്ത് കേള്‍ക്കുന്നതിനേക്കാള്‍ രാത്രിയിലുള്ള കേള്‍വി വളരെ വ്യത്യാസപ്പെട്ടുകിടക്കുന്നു. താന്‍ കേള്‍ക്കുന്ന ശബ്ദവിചികളെ തലച്ചോറ് പ്രൊസസ് ചെയ്ത് അതിനനുസരിച്ച വിഷ്വല്‍ തീം മനസ്സില്‍ രൂപപ്പെടുന്നു. അങ്ങിനെയുണ്ടാകുന്ന വികാരങ്ങള്‍ക്കുള്ളില്‍ മനസ്സ് സഞ്ചരിച്ച് അതിരുകള്‍ കണ്ടെത്താനാവാതെ മാനസിക പ്രശ്‌നങ്ങളുണ്ടാവുകയും ചെയ്യുന്നു. കിടക്കുമ്പോള്‍ പ്രകാശം അണക്കുക വഴി ശബ്ദങ്ങളില്‍ മാത്രം തലച്ചോറിന്റെ പ്രവര്‍ത്തനം കേന്ദ്രീകരിക്കുന്നതിനാലും കേള്‍ക്കുന്ന വിഷയം മനസ്സിനെ ബാധിക്കുന്ന തരത്തിലുള്ളതായതിനാലും മോശം വികാരങ്ങള്‍ പെട്ടെന്ന് തന്നെ സൃഷ്ടിക്കപ്പെടുന്നു. 

ശബ്ദം ഇരുട്ടില്‍ കേള്‍ക്കുമ്പോഴും വെളിച്ചത്തില്‍ കേള്‍ക്കുമ്പോഴും ശബ്ദവീചികള്‍ നമ്മുടെ തലച്ചോറിനെ വ്യത്യസ്ഥ രീതിയില്‍ കൈകാര്യം ചെയ്യുന്നു. രണ്ട് കര്‍ണപടങ്ങളിലൂടെ ലഭിക്കുന്ന ശബ്ദത്തിന്റെ എനര്‍ജി തോത് അനുസരിച്ചാണ് മനസ്സ് കാഴ്ചയെ രൂപപ്പെടുത്തുന്നത്. നമുക്ക് ചുറ്റുമായി ഒരാള്‍ നടന്നുകൊണ്ടിരിക്കുന്നു എന്നിരിക്കട്ടെ, നമ്മുടെ മുമ്പിലൂടെ നടന്നുപോകുന്നതേ നമ്മള്‍ കാണുന്നുള്ളൂ എങ്കിലും റൗണ്ട് ചെയ്യുന്നത് നമ്മുടെ ബ്രൈന്‍ വിഷ്വലൈസ് ചെയ്ത് കൊണ്ടിരിക്കുന്നത് ചെവികളില്‍ കൂടി ലഭിക്കുന്ന സൗണ്ട് എനര്‍ജിയുടെ തോതനുസരിച്ചാണ്. ഒരിക്കല്‍ പ്രതിച്ഛായവും ശബ്ദവും മനസ്സിലേക്ക് പതിച്ചാല്‍ പിന്നീട് അതേ ശബ്ദം കേള്‍ക്കുന്നതോടെ അതിനനുസരിച്ചുള്ള പ്രതിച്ഛായ തലച്ചോറ് ഓര്‍മകളില്‍ നിന്നും പുറത്തെടുത്ത് ശബ്ദത്തിനനുസരിച്ച് വിശ്വലൈസ് ചെയ്യുന്നു. സ്റ്റീരിയോ ഇഫക്ടില്‍ രണ്ട് ഭാഗങ്ങളില്‍ നിന്നുമുള്ള എനര്‍ജി തോത് മാറ്റുന്നതിനനുസരിച്ച് ശബ്ദത്തിന്റെ ഉറവിടം, ദൂരം എന്നിവ വളരെ കൃത്യമായി തലച്ചോറിനകത്ത് പ്രൊസസ് ചെയ്യുന്നു. കാഴ്ച്ചയില്‍ മാത്രമല്ല, കേള്‍വിയിലും മിഥ്യാബോധം ഉണ്ട്, ‘ഡോള്‍ബി സിസ്റ്റത്തിലൂടെ ത്രീഡികളില്‍ മോഷന്‍ പിച്ചറുകളില്‍ നമുക്കത് അനുഭവിച്ചറിയാന്‍ കഴിയും. മനുഷ്യമനസ്സുമായി നേര്‍ക്ക് നേരെ സംവദിക്കുന്ന രണ്ട് എനര്‍ജി ശബ്ദവും കാഴ്ച്ചയുമാണ്. ഒരു സമയത്ത് ഒരു വിഷ്വലിനെ മാത്രമെ ബ്രൈനിന് പ്രൊസസിന് സാധ്യമാകൂ, എന്നാല്‍ വ്യത്യസ്ത കേള്‍വികളെ ഒരേ സമയം പ്രൊസസ് ചെയ്യാന്‍ ബ്രൈനിന് കഴിയുന്നു. കേള്‍വിയാണ് മനസ്സുമായി കൂടുതല്‍ സംവദിക്കുന്നത്, ആയതിനാല്‍ മ്യൂസിക് ടോര്‍ച്ചറിങ് മനസ്സിനെ ഭീകരമായി ബാധിക്കുന്നു.


Related Posts Plugin for WordPress, Blogger...