May 15, 2020

വിരസത: മാറ്റം ആവശ്യമാണെന്ന് സൂചിപ്പിക്കുന്ന മനസ്സിന്റെ സിഗ്നൽ

എനിക്ക് ബോറടിക്കുന്നു..

പല കുട്ടികളും പറയുന്നതാണിത്, അവർക്ക് ഇഷ്ടപെട്ടതെന്തെങ്കിലും ലഭിക്കാനാണ് പൊതുവെ ഇത് പറയുക. എന്നാൽ മാതാപിതാക്കളേ, നിങ്ങൾ എല്ലായ്പ്പോഴും നിങ്ങളുടെ കുട്ടികളെ രസിപ്പിക്കേണ്ട ആവശ്യമില്ല - വിരസത അവർക്ക് നല്ലതാണ്.

കോവിഡ്19 ലോക്‍ഡൌണിനു ശേഷം മിക്ക കുട്ടികളും വീട്ടിൽ കുടുങ്ങിക്കിടക്കുകയാണ്. കൂട്ടുകാരോടൊത്ത് കളിക്കാനും ഇടപഴകാനും സാധിക്കാതെ കുട്ടികളുടെ സാമൂഹ്യവൽക്കരണം നിലച്ചുപോയിരിക്കുകയാണ്‌. വീടുകളില്‍ അവരവരുടെ സ്കൂൾ പഠനത്തിനും വ്യായാമം ചെയ്യാനും സ്വയം രസിപ്പിക്കാനും അവർ വഴികൾ കണ്ടെത്തേണ്ടതുണ്ട്.

ഇന്ന് മുമ്പത്തേതിനേക്കാൾ വളരെയധികം "എനിക്ക് ബോറടിക്കുന്നു" എന്ന് മാതാപിതാക്കൾ കേൾക്കുന്നത് ആശ്ചര്യകരമല്ല. മനുഷ്യർ വിരസതയെ വെറുക്കുന്നു. അതുകൊണ്ട് തന്നെ അവര്‍ സ്വയം ബോറടി മാറ്റാനുള്ള വഴികള്‍ തേടികൊണ്ടിരിക്കും. ഒന്നിനും കഴിയില്ലെങ്കില്‍ മനുഷ്യര്‍ അവരുടെ ശരീരത്തില്‍ ചൊറിഞ്ഞും ഷോക് ട്രീറ്റ്മെന്‍റ് നടത്തിയും വിരസതയുടെ വികാരത്തിൽ നിന്ന് രക്ഷപെടാനുള്ള ചിന്തകളിലേക്ക് പോകും. വിരസതയില്‍ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്നുവെന്ന് ഇത് കാണിക്കുന്നു.

വിരസത താൽ‌ക്കാലിക അസ്വസ്ഥതകൾ‌ക്ക് കാരണമാകുമെങ്കിലും, അത് പല തരത്തിലും നല്ലതാണ് - സർഗ്ഗാത്മകതയെ ഉത്തേജിപ്പിക്കുന്നത് മുതൽ നമ്മുടെ ഏകാഗ്രതയെ പരിശീലിപ്പിക്കാൻ വരെ  സഹായകമാണ്.

എന്തുകൊണ്ടാണ് വിരസത കാണിക്കുന്നത്? വിരസത ഒരു വൈകാരികാവസ്ഥയാണ്, അത് താൽക്കാലികമാണ്. ബോറടിക്കുന്നവര്‍ അനിഷ്ടകരമയ ഫീലിങ്സിലായിരിക്കും. താല്‍പര്യമില്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ മടികാണിക്കും, അവർക്ക് ചെയ്യാൻ കഴിയുന്ന പ്രവർത്തനങ്ങളിൽ പോലും ഏർപ്പെടില്ല, ചെയ്യില്ല.

വിശ്രമത്തിന്‍റെ കുറവുകൊണ്ടോ പോഷണകുറവുകൊണ്ടോ വിരസതയുണ്ടാകാം, അത്തരത്തിലുള്ളതാണോ എന്നു രക്ഷിതാക്കൾ മനസ്സിലാക്കേണ്ടതാണ്, അങ്ങനെയുള്ളവ ചികിത്സിക്കേണ്ടതുമാണ്. എന്നാൽ മാനസിക് ഉല്ലാസമില്ലായ്മ അതല്ലെങ്കിൽ ഒരേ പ്രവര്‍ത്തനങ്ങള്‍ (പുതുമയില്ലായ്മ) എന്നിവയിൽ നിന്ന് വിരസത ഉണ്ടാകാം.  ആക്ടീവായ കുട്ടികൾ, നിരന്തരമായ ഉല്‍സാഹത്തോടെ പ്രവർത്തികളിൽ ഇടപെടുന്നവർ ഒഴിഞ്ഞിരിക്കുമ്പോള്‍ വിരസതക്കുള്ള സാധ്യത കൂടുതലാണ്. അവർ അവർക്കിഷ്ടമുള്ള പുതിയ മേഖലകളേ അന്വേഷിച്ചുകൊണ്ടിരിക്കും.

വിരസത എന്നതിനർത്ഥം പ്രവര്‍ത്തികളൊന്നും ചെയ്യാനില്ല എന്നല്ല, അവ ചെയ്യാൻ താൽപ്പര്യമില്ല. ഒരു ജോലി വേണ്ടത്ര സന്തോഷിപ്പിക്കുന്നില്ലെങ്കില്‍ ആ ജോലി വളരെ കഠിനമായിരിക്കും, വളരെ എളുപ്പവും പ്രവർത്തനങ്ങൾക്ക് അർത്ഥവും വെല്ലുവിളിയും ഇല്ലെങ്കിലും ബോറടിക്കാം.

നിയന്ത്രണക്കുറവ് വിരസതയ്ക്കും കാരണമാകും. നിയന്ത്രണങ്ങള്‍ വെല്ലുവിളികളാകുമ്പോ അതിനെ മറികടക്കാൻ ബുദ്ധി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. അത് വിരസത കുറക്കാന്‍ കാരണമായേക്കാം. അതിനർത്ഥം ശക്തമായ നിയന്ത്രണങ്ങളുണ്ടാവണമെന്നല്ല.


ബോറടിക്കുന്നതിന്റെ നല്ലതും ചീത്തയും

വിരസത സർഗ്ഗാത്മകതയിലേക്ക് നയിക്കും. ഒരു പഠനത്തിൽ പങ്കെടുത്തവർ വിരസമായ ഒരു ജോലി ചെയ്തതിനുശേഷം കൂടുതൽ വ്യത്യസ്തമായ ചിന്തകൾ കാണിക്കുന്നു, ഒരു വസ്തുവില്‍ ഒന്നിലധികം ഉപയോഗങ്ങൾ കണ്ടെത്തുക, പരസ്പര ബന്ധമില്ലാത്ത ആശയങ്ങൾക്കിടയിൽ കണക്ഷനുകൾ ഉണ്ടാക്കുക, നിര്‍മ്മാണാത്മകമായ ആശയങ്ങൾ സൃഷ്ടിക്കുക എന്നിവ.

അവിടെ സർഗ്ഗാത്മകത ഉയർന്നുവരുന്നു, കാരണം ഒരാൾ വിരസമാകുമ്പോൾ ആളുകൾ സജീവമായി ഉത്തേജിപ്പിക്കുന്ന എന്തെങ്കിലും തേടുന്നു. സർഗ്ഗാത്മകത ഈ ആവശ്യം നിറവേറ്റുന്ന ഒരു വെല്ലുവിളിയാണ്.

ബോറടിക്കുന്നത് നമ്മുടെ ഏകാഗ്രതയെയും ശ്രദ്ധയെയും പരിശീലിപ്പിക്കാൻ സഹായിക്കുന്നു. ബോറടിക്കുമ്പോൾ വിനോദത്തിനും ശ്രദ്ധ തിരിക്കാനും ഇലക്ട്രോണിക് ഉപകരണങ്ങളിലേക്ക് തിരിയുന്നത് എളുപ്പമാണെങ്കിലും, ഉപകരണങ്ങൾ ആരോഗ്യകരമായ നിലയില്‍ വിരസതയില്‍ നിന്ന് മോചനം നല്‍കുന്നില്ലെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു.

വിരസതയോടെ ഇരിക്കുന്നതും പരിഹരിക്കുന്നതും കഠിനമായ അല്ലെങ്കിൽ ഏകതാനമായ ജോലികളിലൂടെ ശ്രദ്ധ കേന്ദ്രീകരിക്കാനും സ്ഥിരോത്സാഹം നേടാനും സ്വയം പരിശീലിപ്പിക്കുന്നതിനുള്ള ഒരു ഫലപ്രദമായ മാർഗമാണ്. ബാഹ്യ പ്രേരണകൾ ഇല്ലാത്തപ്പോൾ നമ്മുടെ മനസ്സിൽ വ്യത്യസ്ത സ്ഥലങ്ങളിലേക്ക് പോകാൻ ഇത് നമ്മെ പഠിപ്പിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നമ്മുടെ മനസ്സിന് ഒരു വ്യായാമം ലഭിക്കുന്നു. വിരസത കുട്ടികൾക്കും നമുക്കും നല്ലതാണ്. അതിനാൽ, നിങ്ങളുടെ കുട്ടിക്ക് ബോറടിക്കുന്നതായി നിങ്ങൾ കണ്ടെത്തുകയാണെങ്കിൽ, നിങ്ങൾ അവരുടെ ബോറടിയിൽ വിശമിക്കേണ്ടതില്ല.

വിരസതയോടും ആവേശത്തോടും കൂടിയ വികാരങ്ങളെ കുട്ടികൾക്ക് മനസ്സിലാക്കികൊടുക്കുക. മാറ്റം ആവശ്യമാണെന്ന് സൂചിപ്പിക്കുന്ന മനസ്സിന്റെ ഒരു സിഗ്നലാണ് വിരസത. ക്രിയേറ്റീവായ, ആശയങ്ങൾ സൃഷ്ടിക്കാൻ അവരെ സഹായിക്കുക, പല ആശയങ്ങളും നൽകാവുന്നതാണ്, അതിൽ നിന്നും നല്ലത് അവർ തന്നെ തിരഞ്ഞെടുക്കുക. അങ്ങനെയും വിരസതയിൽ നിന്ന് പുതിയ ചിന്താ തലങ്ങളിലേക്കും പ്രവർത്തികളിലേക്കും കുട്ടികളെ കൊണ്ടുപോകാം. 

May 12, 2020

നഗരപക്ഷികൾ

അന്ന് നേരം പുലർന്നപ്പോൾ, അമ്മ പറഞ്ഞു "നിങ്ങളൊക്കെ വലുതായി സ്വയം പര്യാപ്തത നേടി, ഇനി നിങ്ങൾ സന്തോഷത്തോടെ ജീവിക്കുക" അത് പറഞ്ഞപ്പോൾ അവർ പെട്ടന്ന് തന്നെ ഞങ്ങളെ വിട്ടു പറന്നകലുമെന്ന് കരുതിയതേ ഇല്ല.

ഈ ലോകം കണ്ടതുമുതൽ അവരായിരുന്നു ഭക്ഷണം തന്നതും സംരക്ഷിച്ചതും, പറക്കാനൊക്കെ പഠിച്ച് അവരുടെ കൂടെ ഞങ്ങളും പറന്നു തുടങ്ങി സന്തോഷിച്ച സമയത്താണ് അവർക്കു ചുറ്റും പറന്നു കളിക്കുന്ന ഞങ്ങളെ രണ്ടുപേരെയും വിളിച്ചത്. എന്നീട്ട് ഞങ്ങളോടായ് പറഞ്ഞു,

“നിങ്ങൾ ഇനി തനിയെ ഭക്ഷണം കണ്ടെത്തണം, എന്നും പോകുന്നത് പോലെ ശ്രദ്ധയോടെ പറന്നുയരണം, സന്തോഷമുള്ള കുടുംബമായി നിങ്ങളിരുവരും ജീവിതം മുന്നോട്ട് കൊണ്ടുപോകണം, പരസ്പരം സഹായിക്കണം” എന്നും തരുന്ന ഉപദേശങ്ങളേക്കാൾ ഗൌരവത്തോടെയാണത് പറഞ്ഞത്.

ഞങ്ങളോട് രണ്ടുപേരോടായി പറഞ്ഞതിനു ശേഷം അവനെ നോക്കി പറഞ്ഞു, “നിനക്ക് അവളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധയുണ്ടാവണം, വേണ്ട സംരക്ഷണവും കൊടുക്കണം” അതുപറയുമ്പോ ഞങ്ങൾ വളർന്നു വലുതായതിലുള്ള സന്തോഷം അവരുടെ കണ്ണുകളിൽ കണ്ടു, പിന്നെ ഒന്നും പറയാൻ കഴിഞ്ഞില്ല. ഏതോ ഒരു സങ്കടം അവിടെ തളം കെട്ടി നിന്നപോലെ, അനിവാര്യമായ ഒരു വിട്ടുപിരിയലിന്റെതാവാം. അവർ രണ്ടുപേരും പറന്നുയർന്നു, രണ്ടുവട്ടം അവിടെ വട്ടം ചുറ്റി പിന്നെ ദൂരേക്ക് പറന്നകന്നു.

ഭക്ഷണം എവിടെയാണ് ലഭിക്കുന്നതെന്നവർ കാണിച്ചു തന്നു, മനുഷ്യർക്കിടയിൽ എങ്ങനെ ഇടപഴകണമെന്നും അകന്നു നിൽക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങളും മര്യാദകളും ചുറ്റുപാടുകളുമെല്ലാം പഠിപ്പിച്ചു തന്നു. അങ്ങനെ ഞങ്ങൾ ജീവിതം തുടങ്ങി, കാ‍വലിനു കൂട്ടിലിനരുകിൽ കുറുകിപറഞ്ഞ് ഉറക്കിയ അമ്മയും അച്ഛനും ഇല്ലാതെ..

ആളുകൾ ഒഴുകികൊണ്ടിരിക്കുന്ന വീഥിയിലേക്കവർ എന്നത്തെയും പോലെ പറന്നിറങ്ങി, അവരിൽ ചിലർ ഞങ്ങൾക്കായ് ഇട്ടുതരുന്നതും അവരുടെ കൈയ്യിൽ നിന്നും വീഴുന്ന ഭക്ഷണാവശിഷ്ടങ്ങളും അവരുടെ ഭക്ഷണാവശ്യങ്ങൾക്ക് വേണ്ടി കൊണ്ടുപോകുന്ന ചാക്കുകളിൽ നിന്ന് വീണു പോകുന്ന ധാന്യമണികളൊക്കെയായി ഞങ്ങളുടെ വയർ നിറക്കുന്നത്. അനേകം കൂട്ടമായ്  ഇണപ്രാവുകൾ അവിടെ ഉണ്ട്. ചിലർ ഒറ്റക്കും ഇരതേടി വന്നിട്ടുണ്ട്, അവയുടെ ഇണ കുഞ്ഞുങ്ങൾക്ക് കൂട്ടു നിൽക്കുന്നവരുംമൊക്കെ ആവാം. അപൂർവ്വം ചിലരുണ്ട്, വാഹനങ്ങളിൽ കുടുങ്ങിയും മറ്റു ജീവികളുടെ അക്രമണത്തിൽ ജീവൻ നഷ്ടപെട്ടവരുമായവരുടെ തുണകൾ..

ചാടിയും ഓടിയും ഭക്ഷണങ്ങൾ പെറുക്കിയെടുത്ത് വയർ നിറക്കുന്നതിനിടയിൽ അശ്രദ്ധയോടെ കയ്യിലുള്ള സ്ക്രീനിലേക്ക് നോക്കി നടന്നു നീങ്ങുന്ന മനുഷ്യരുടെ ചവിട്ടേൽക്കാതിരിക്കാൻ ഓടിയും  ചിറകടിച്ച് ഒഴിഞ്ഞുമാറിയും ആ തെരുവുകളിൽ ചുറ്റികറങ്ങി വയറ് നിറക്കുമ്പോൾ എന്നെ ചുറ്റിപറ്റി അവനും ഉണ്ടാകും എപ്പഴും കുറുകിപറഞ്ഞ് കൂടെ.

ആകാശം ചെമന്ന നിറം കാണിക്കുമ്പോൾ തുടങ്ങും, “മതി തിന്നത്, വീട്ടിൽ പോകാം..”

അമ്മ ഉണർത്തിയത് പോലെ അവനു എന്റെ കാര്യത്തിൽ എപ്പഴും ശ്രദ്ധയുണ്ട്, അവനു കിട്ടിയ ഭക്ഷണത്തിൽ നിന്ന് നല്ലതെനിക്ക് കൊത്തിയിട്ട് തരും. അന്ന് സമയം വൈകിയപ്പോൾ ശകാരിച്ചുപറഞ്ഞു, “മതി.. വൈകി വീട്ടിലെത്താൻ പാടില്ല, അമ്മ പറഞ്ഞത് നീ തെറ്റിക്കാണ്..” സമയത്തെ കുറിച്ചാലോചിക്കാതെ തീറ്റ മാത്രെ നിന്റെ ശ്രദ്ധയിലുള്ളൂ എന്നൊക്കെ പറഞ്ഞ് എന്നെ സ്നേഹപൂർവ്വം ശകാരിക്കും.

“നോക്കൂ, അമ്മ പോകുമ്പോ എന്നോട് പലതും പറഞ്ഞു തന്നിട്ടുണ്ട്, കുറച്ച് കഴിഞ്ഞാൽ നമുക്ക് നല്ല കുഞ്ഞുങ്ങളെ ലഭിക്കണമെങ്കിൽ നന്നായി ഭക്ഷണം കഴിക്കണം എന്നൊക്കെ” അവൾ പ്രതിവചിച്ചു.

ഏറേ വിളികൾകൊടുവിൽ വെളിച്ചം കുറയുന്നത് കണ്ടു അവന്റെ കൂടെ ചേർന്നു പറന്നകന്നു, കോൺഗ്രീറ്റ് കാടുകൾക്കിടയിലൊരൂ കേടുപിടിച്ച് കിടക്കുന്ന എക്സോസ്റ്റ് ഫാനിന്റെ ഇടയിലാണ് വീട്. കൂട്ടിലെത്തിയപ്പോൾ അതിൽ ചില ചില്ലകൾ കാറ്റുപിടിച്ച് കേടുവന്നിട്ടുണ്ട്.

“നോക്കൂ.. നാളെ ഈ വീട് നമുക്കൊന്ന് പുതുക്കി പണിയണം. അമ്മ പോയിട്ട് ഏറെ നാളായി.. എനിക്കമ്മയെ വല്ലാതെ മിസ്സ് ചെയ്യുന്നു. അമ്മ പറഞ്ഞു തന്നത് പോലെ ആണെങ്കിൽ ഒരു പക്ഷെ ഞാനും അടുത്ത് തന്നെ ഒരമ്മയാകുമെന്ന് തോന്നുന്നു.” അവനത് കേട്ടു സന്തോഷത്തോടെ ചിറകടിച്ചു. പിന്നെ അവളു ചുണ്ടു ചേർത്ത് ഉമ്മകൊടുത്തു, ചിറകുകളടിച്ചവരൊന്നായ് അവിടെ അന്തിയുറങ്ങി.

പിറ്റേന്ന് അവർ രണ്ടുപേരും വീടുകൾ നന്നാക്കി.. ശേഷം എന്നും പോകുന്നിടത്തേക്ക് പറന്നുപോയി ഭക്ഷണവും കഴിച്ചു. എന്നാൽ രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഭക്ഷണം കഴിക്കുന്നതിനിടക്ക് അവൾ ക്ഷീണം പറഞ്ഞു, “വരൂ.. നമുക്ക് കൂട്ടിലേക്ക് പോകാം, എനിക്കെന്തോ കൂട്ടിലേക്ക് പോകണമെന്ന് തോന്നുന്നു”. അവർ രണ്ടുപേരും കൂട്ടിലേക്കെത്തി. അവൾ എന്തോ പ്രയാസത്തോടെ കൂട്ടിലിരുന്നു, അവനും ആ വിഷമത്തിൽ പങ്കു ചേർന്നവിടെ കുറുകിയിരുന്നു ആശ്വസിപ്പിച്ചു. അതിനിടക്ക് അവളൊന്ന് വേദനയോടെ മുഖമുയർത്തി.. ശ്വാസം കിട്ടാത്തപോലെ കൊക്കിളക്കി.. പിന്നെ മുഖം താഴ്‌ത്തി പുറകിലേക്ക് നോക്കി. അവളിൽ സന്തോഷം നിറഞ്ഞു.. ഒരു കുഞ്ഞു മുട്ട ആ കൂട്ടിലുള്ളത് അവനും കണ്ടു. രണ്ടുപേരും ചിറകടിച്ച് സന്തോഷിച്ചു. അവർക്ക്  കൂട്ടിനു കാവൽ നിൽക്കേണ്ടത് കൊണ്ട് ഓരോരുത്തരായി ഭക്ഷണം തേടി ഇറങ്ങേണ്ടി വന്നു. പിറ്റേന്ന് വീണ്ടും ഒരു മുട്ടകൂടി പ്രത്യക്ഷപെട്ടതോടെ അവൾ വളരെ കുറച്ച് മാത്രം കൂട് വിട്ടിറങ്ങി. അവൻ ഭക്ഷണം കഴിച്ച് തിരിച്ചുവന്നു കൂട്ടിനു കാവൽ നിൽകുമ്പോൾ കുറച്ച് മാത്രം വയർ നിറച്ചവൾ തിരിച്ചു പറന്നെത്തി. പിറക്കാൻ പോകുന്ന കുഞ്ഞിനുവേണ്ട പരിചരണങ്ങൾക്കായ് കൂട്ടിലൊതുങ്ങി.

കുറച്ച് നാളുകളങ്ങനെ കഴിഞ്ഞുപോയി. കുഞ്ഞുങ്ങൾ വിരിഞ്ഞു.., അവർ ഏറെ സന്തോഷത്തിലായി. അവർ സ്വപ്നം കണ്ടു, അവരെ നല്ല നിലയിൽ വളർത്തണം, പറക്കുന്നതും ഭക്ഷണം തേടുന്നതും മര്യാദകളുമെല്ലാം പഠിപ്പിക്കണം.. അതിനിടയിലാണ് അലാറം മുഴങ്ങികൊണ്ട് ആമ്പുലൻസുകളും പോലീസ് വാഹനങ്ങളുമെല്ലാം ഇടക്കിടെ ഓടിപോകുന്നത് അവരുടെ ശ്രദ്ധയിൽ പെട്ടത്. എന്തോ ഒരു ആപത്ത് അവിടെ സംഭവിച്ചതായ് അവർക്ക് തോന്നി. പിന്നെ ആളുകൾ വീഥികളിൽ കുറഞ്ഞു വരുന്നത് അറിഞ്ഞു. ദിവസങ്ങൾ കഴിഞ്ഞതോടെ വീഥികൾ ശൂന്യമായ്. അവളെ കുഞ്ഞുങ്ങൾക്ക് കാവൽ നിർത്തി അവൻ ഭക്ഷണത്തിനു വേണ്ടി പരക്കം പരതി, അങ്ങിങ്ങായ് കിടക്കുന്നവയെ അവൻ കുറച്ച് അകത്താക്കി, പിന്നെ കൊക്കുകളിൽ അവൾക്ക് വേണ്ടി കിട്ടിയ തൊക്കെ ശേഖരിച്ച് പറന്നു.

എന്തോ വല്ലായ്മയോടെ പറന്നുവരുന്ന തന്റെ തുണയെ കണ്ടവൾ ഭീതിപെട്ടു ചോദിച്ചു, “എന്താ.. എന്തുപറ്റി, ആരെങ്കിലും അതിക്രമം കാണിച്ചോ?”

“അവൻ വായയിൽ ശേഖരിച്ചത് അവൾക്ക് പകർന്നു പറഞ്ഞു, “ഇല്ല, എന്തോ ഒരു ആപത്ത് ഇവിടം നിറഞ്ഞിട്ടുണ്ട്, മനുഷ്യരെ ആരെയും കാണുന്നില്ല” വല്ലാത്ത പേടിയോടെയാണ് അവനത് പറഞ്ഞത്.

അവരുടെ ഭക്ഷണത്തിന്റെ അഭയം മനുഷ്യരാണ്, അറിഞ്ഞോ അറിയാതെയൊ തെരുവിലേക്ക് വീഴുന്നവയെ പെറുക്കിയാണവർ വയറ് നിറക്കുന്നത്. മനുഷ്യർ വരാതായാൽ മുഴുപട്ടിണിയാവുമെന്നത് അവരെ വല്ലാതെ പേടിപെടുത്തി. അവർ സങ്കടപെട്ട് അവിടം ഒതുങ്ങികൂടി.

ദിവസങ്ങൾ കഴിഞ്ഞിട്ടും മാറ്റങ്ങളൊന്നും കണ്ടില്ല. പല ദിവസങ്ങളും അരപട്ടിണിയിലായ് അവർ കഴിഞ്ഞു. അവൻ പറഞ്ഞു, “ഇവിടം വിട്ട് വേറെ എങ്ങോട്ടെങ്കിലും പോകാം...” അവനു മുഴുവനാക്കാനായില്ല. അവൾ ഭീതിയോടെ തന്റെ കാലുകൾക്കടിയിലേക്ക് നോക്കി. അവളുടെ കാലുകൾക്കിടയിലൂടെ തന്നെ നോക്കി പുഞ്ചിരി തൂകുന്ന മക്കളെ അവൻ കണ്ടു. അതവനെ വല്ലാതാക്കി. അവൻ തുടർന്നു “മക്കൾ വലുതാകും വരെ നമ്മളെങ്ങോട്ടും പോകുന്നില്ല, ഞാൻ ഭക്ഷിച്ചില്ലേലും നിങ്ങളെ ഭക്ഷിപ്പിക്കും, നിങ്ങളെ സംരക്ഷിക്കും. അതമ്മ വിട്ടകലുമ്പോ തന്ന ഉപദേശമാണ്” അവളും വല്ലാതായ്.. എന്നീട്ട് പറഞ്ഞു, “നമ്മൾ ഭക്ഷിച്ചില്ലേലും നമ്മൾ മക്കളെ ഭക്ഷിപ്പിക്കും” അവന്റെ വാക്കിൽ അവളെ കൂടി ചേർത്തവൾ തിരുത്തി പറഞ്ഞു.

അവൾ തന്റെ കുഞ്ഞുങ്ങളെ നോക്കി അവരുടെ ഭാവിയെ കുറിച്ച് സങ്കടം കൊണ്ടു. അവൾ അമ്മയെ ഓർത്തു. “അമ്മ ചെറുപ്പത്തിൽ പറയാറുണ്ടായിരുന്ന കഥകൾ മനസ്സിൽ നിറഞ്ഞു, പണ്ട് പണ്ട് പണ്ട്....  അവരുടെ മുൻ ഗാമികൾ ഗ്രാമത്തിലായിരുന്നു, മനുഷ്യരുടെ കൃഷിയിടത്തിൽ വീഴുന്ന ധാന്യങ്ങളെ പെറുക്കി ജീവിച്ചവർ.. അരുവികളും വയലുകളും പലവിധപഴങ്ങളും ധാന്യങ്ങളുമുള്ള തോട്ടങ്ങളും ആ കഥകളിൽ നിറഞ്ഞു നിൽക്കുമായിരുന്നു. ഇടക്ക് കാട്ടുപഴങ്ങൾ തേടി അടുത്തുള്ള കാടുകയറുന്നതും കാട്ടിലെ രുചിയൂറും പലവിധ പഴങ്ങളു തിന്നുന്നതും കാട്ടിനുള്ളിലെ പേടിപെടുത്തുന്ന വന്യതയുമെല്ലാം കടന്നുവരും, ആ പേടിയിലും ഒരു ത്രില്ലും രസവും ഉണ്ടായിരുന്നതവരുടെ വാക്കുകളിലുണ്ട്, ആ ഗ്രാമീണ കഥയിലേ ചേരുവകളായ്...

കഥകേട്ട് ഒരിക്കൾ അവൾ ചോദിച്ചതും മനസ്സിലേക്ക് വന്നു, “അമ്മേ, നമുക്കും ആ ഗ്രാമത്തിലേക്ക് പോയ്‌കൂടെ?” വളരെ ജിജ്ഞാസയോടെയാണ് അ വളത് ചോദിച്ചത്.

അമ്മ പറഞ്ഞു, “മകളെ.. ആ ഗ്രാമത്തിൽ തന്നെയാണ് നമ്മളുള്ളത്. ഗ്രാമം പുരോഗമിച്ചു വലുതായി ഫാക്ടറികളും ഓഫീസുകളുമായ് വളർന്നുവന്നതാണിവിടം.” അവൾ ചുറ്റും നോക്കി.. നഗരവീഥികൾ മനുഷ്യരില്ലാതെ ഉണങ്ങികിടക്കുന്നു, കാടുകൾക്ക് പകരം അവിടം മുഴുവൻ കോൺ‌ഗ്രീറ്റ് കാടുകൾ, കാട്ടുപൂക്കളും പഴങ്ങളുമില്ല, കാട്ടുചോലയുടെ കളിചിരിയില്ല,  ആരെയൊ സുഖിപ്പിക്കാൻ വേണ്ടി മുക്കിയും മൂളിയും ഞെരുങ്ങി കരയുന്ന എയർ കണ്ടീഷൻ മെഷീനറിയുടെ സുഖകരമല്ലാത്ത ശബ്ദങ്ങൾ മാത്രം അവിടെ നിറഞ്ഞു നിൽക്കുന്നു.

അവളുടെ ദുഖം അവനു സഹിക്കാനാവുന്നില്ല, അവനവളെ സമാധാനിപ്പിക്കാൻ എന്നും പറയുന്നത് പോലെ പറഞ്ഞു, “നാളെ മനുഷ്യർ വരുമായിരിക്കും, ഇടക്ക് പലവിധ വിഷയങ്ങളിൽ ഹർ‌ത്താലും ബന്തും ആചരിക്കുന്നവരാണല്ലൊ, ഇപ്രാവശ്യം കുറച്ച് ദിവസം കൂടുതലെടുത്തതാ‍വും, നാളെ എന്തായാലും മനുഷ്യർ വരും” അവനവളെ ആശ്വസിപ്പിക്കാനെന്ന പോലെ പറഞ്ഞു. അവളും ഒരു പ്രതീക്ഷയോടെ തലയാട്ടി, കുഞ്ഞുങ്ങൾക്ക് ചൂട് കൊടുത്തുകൊണ്ട് ചിറകു താഴ്‌ത്തി ഇരുന്നു.

പിറ്റേന്ന് സൂര്യനുദിക്കുന്നതിനു മുമ്പ് തന്നെ അവനെഴുന്നേറ്റ് ഏറെ പ്രതീക്ഷകളുമായ് പറന്നു. അവൾ തന്റെ കുഞ്ഞുങ്ങളെ പരിപാലിച്ചു, എന്നാൽ അവർക്ക് വേണ്ട കൊച്ചു കൊച്ചും ഉപദേശങ്ങൾ നൽകി, കൂടുതലായ് ഒന്നും ആ അരപട്ടിണികാലത്ത് അവർക്ക് പകർന്നുകൊടുക്കാൻ സാധിച്ചില്ല. അവളവനെ കാത്തിരുന്നു.. ഏറെ നേരമായ്.. അവനന്ന് ഏറെ വൈകിയാണ് എത്തിയത്.

“എന്താ ഇത്ര വൈകിയത്, പേടിപ്പിച്ചു.. എന്തേലും കിട്ടിയോ?” അവൾ സങ്കടത്തോടെ ചോദിച്ചു.

അവൻ കൊക്കിലൊതുക്കി വെച്ചതവൾക്ക് പകർന്നു, അവളൊന്നും എടുക്കാതെ കുഞ്ഞുങ്ങളെ തീറ്റിച്ചു. അവൻ വീണ്ടും പറന്നു, ഒന്നും പറയാതെ പറന്നതിൽ അവൾ വ്യസനംകൊണ്ടു.

ഏറേ സമയങ്ങൾക്ക് ശേഷം അവൻ വീണ്ടും വന്നപ്പോൾ അവളൊന്ന് ദേഷ്യപെട്ടു, “പറഞ്ഞിട്ട് പോകൂ.. നിന്നെ ആലോചിച്ച് എനിക്ക് പേടിയാവുന്നു”

അവൻ വായയിലുള്ളതവൾക്ക് പകർന്നു പറഞ്ഞു, “നീയിങ്ങനെ പട്ടിണിയോടെ ഇരിക്കുന്നത് കാണാൻ കഴിയാത്ത വിഷമത്തിൽ പോയതാ.. ഇനിയങ്ങനെയുണ്ടാവില്ല.” അവളത് കേട്ടു സന്തോഷം കൊണ്ടു. അവൾ ഭക്ഷിക്കുന്നത് പോലെ കാണിച്ച് കിട്ടിയത് കുഞ്ഞുങ്ങൾക്ക് വീതിച്ചു നൽകി. ശേഷം ചെറിയൊരൂ ഭാഗം ഭക്ഷിച്ചു. കുഞ്ഞുങ്ങൾ വലുതാകും വരെ അവരെ പോറ്റാൻ ജീവൻ നിലനിർത്തണമല്ലൊ..

“വൈകിയാണെങ്കിലും എവിടെന്നാ ഭക്ഷണം കിട്ടിയത്?” അവൾ ചോദിച്ചു.

“ടൌണിൽ എല്ലായിടത്തും അരിച്ചുപൊറുക്കിയെങ്കിലും ഒരു മണിധാന്യം പോലും കിട്ടിയില്ല. ഉറുമ്പുകൾ പോലും പട്ടിണിയിലാണ്, പിന്നെങ്ങനെ ഒരു മണി ലഭിക്കാ..?” ഒന്ന് നിർത്തി അവൻ തുടർന്നു, “കുറച്ച് ഉയരത്തിൽ പറന്നു കറങ്ങിയപ്പോ അകലെ കുറച്ച് പക്ഷികൾ പറക്കുന്നത് കണ്ടു, അവിടേക്ക് പോയപ്പോ അതൊരൂ ധാന്യങ്ങൾ സൂക്ഷിക്കുന്ന ഇടമാണ്, പല ഭാഗത്തായ് ഏതോ ഒരു ഭീതിയിൽ കോൺ‌ഗ്രീറ്റ് കാടുകൾക്കുള്ളിൽ ഒളിച്ചു ജീവിക്കുന്നവർക്ക് വേണ്ടി ചിലർ ധാന്യങ്ങൾ കൊണ്ടുപോവുമ്പോൾ വീഴുന്ന ധാന്യമണികൾ പെറുക്കിയെടുത്തതാണ്.”

അവൾ ആശ്ചര്യം കൊണ്ടു, “അതെന്തിനാ മനുഷ്യർ ഒളിച്ചിരിക്കുന്നേ?”

“ഏതോ ഒരു അജ്ഞാത ശക്തി അവരുടെ ജീവനെടുക്കുന്നുണ്ട്” അവന്റെ മുഖത്തും ആ പേടി നിഴലിച്ചിരുന്നു. അവൻ തുടർന്നു, “മുമ്പ് അമ്മ പറഞ്ഞത് കേട്ടിട്ടുണ്ട്, ഒരുമഹാമാരിയെ കുറിച്ച്.. നമ്മിൽ പെട്ട പലരുടേയും ജീവനെടുത്ത അജ്ഞാത ഭീകര ജീവിയിന്ന് മനുഷ്യരുടെ ജീവനെടുക്കാൻ വേഷം മാറി വന്നതാവാം”

അവൾക്കും അതുകേട്ട് പേടി തോന്നി. തന്റെ കാലുകൾ അകത്തി കുഞ്ഞുങ്ങളെ അടിയിലേക്ക് കൊക്കുകൾ കൊണ്ട് തിരുകി ചിറകുകൾ വിരുത്തി മറച്ചു. അവരിതൊക്കെ കേട്ട് പേടിക്കരുതല്ലൊ..

ഇടക്കിടെ ഞെരങ്ങി കരയുന്ന എ.സി.കളുടെ ശബ്ദമല്ലാതെ കുറേ കാലമായ് ഒന്നും കേൾക്കാനില്ല. ആളുകളില്ല, വാഹനങ്ങൾ അപൂർവ്വമായ് മാത്രം പോകുന്നു. ഭീകരമായ ശാന്തതയും അരപട്ടിണിയെ പോലെ അവരുടെ ജീവിതത്തിന്റെ ഭാഗമായ് മാറികഴിഞ്ഞിരുന്നു.

കുഞ്ഞുങ്ങളൊക്കെ ചിറകു വെച്ചു വലുതാകാൻ തുടങ്ങിയിരിക്കുന്നു. തന്റെ അമ്മ തനിക്ക് നൽകിയ ഉപദേശം ഇവർക്കെങ്ങനെ പറഞ്ഞു കൊടുക്കുക എന്നതിൽ അവളെ ആശയകുഴപ്പത്തിൽ എത്തിച്ചിരിക്കുന്നു. മനുഷ്യരെ കാണുന്നില്ല, മനുഷ്യരെ ചുറ്റിപറ്റി ജിവിക്കുന്ന ജീവികളേയും കാണുന്നില്ല, പിന്നെങ്ങനെയാ അവയെ കുറിച്ച് പറഞ്ഞു കൊടുക്കുക.. അവരുടെ ജീവിതത്തിൽ അവർക്ക് കാണാനോ അനുഭവിക്കാനൊ സാധിക്കാത്ത വിഷയത്തിൽ ഉപദേശ നിർദ്ദേശങ്ങൾ നൽകിയാൽ എന്റെ അമ്മ ആവശ്യമില്ലാത്തതൊക്കെ പഠിപ്പിച്ചെന്ന് അവർ പറഞ്ഞാലോ..? അനേകം ചിന്തകൾ അവൾക്ക് ചുറ്റും കാടുകേറി നിറഞ്ഞു, പേടി പെടുത്തുന്ന ഇരുൾ നിറക്കുന്നത് പോലെ തോന്നി.

അല്ല ശരിക്കും ഇരുണ്ടിരിക്കുന്നല്ലൊ.. ! തണുത്ത കാറ്റ് അവിടേ വീശിയടിഞ്ഞു.. പിന്നെ അവർക്ക് ചുറ്റും നിറഞ്ഞു നിന്നിരുന്ന ദുഖങ്ങളൊക്കെ മഴയായ് പെയ്തു. അവൾ കുഞ്ഞുങ്ങളെ ചുറകുകൾക്കുള്ളിലേക്ക് ഒതുക്കാൻ നോക്കി.. കഴിയുന്നില്ല. അവർ വളർന്നിരിക്കുന്നു. അവരെല്ലാവരും ആ മഴകൊണ്ട് വിറങ്ങലിച്ചിരുന്നു. മഴ കഴിഞ്ഞപ്പോൾ ചിറകടിച്ച് വെള്ളം തോർത്തി. കുഞ്ഞുങ്ങളെ പഠിപ്പിച്ചു, വൃത്തിയിലിരിക്കാൻ തൂവലുകൾക്കിടയിലൂടെ കൊക്കുകൾ കൊണ്ടുപോയ് വാർന്നൊതുക്കുന്നതുമെല്ലാം പഠിപ്പിച്ചു.

കുഞ്ഞുങ്ങൾ പറക്കാൻ പാകത്തിലായി.., ഉപദേശങ്ങളൊന്നും നൽകിയില്ലേലും അവർക്ക് വേണ്ട ട്രൈനിങുകൾ നൽകണമല്ലൊ.. അവരെ കൂട്ടി അങ്ങാടിയുടെ വീഥികളിൽ പറന്നിറങ്ങി.. അവിടെ ശൂന്യമായിരുന്നു. അവർ അരുകിലുള്ള മതിലിൽ ഇരുന്നു ചുറ്റും നോക്കി. ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളൊന്നും കാണുന്നില്ല. കുറച്ച് കഴിഞ്ഞപ്പോൾ മുഖം മറച്ച ചിലർ വന്ന് വാഹനം അവക്കരുകിൽ നിർത്തി. ഭക്ഷണപൊതികളുമായ് പല ബിൽഡിങ്ങുകളിലേക്കും പോകുന്നുണ്ട്. ധാന്യങ്ങളുടെ ചാക്കുകളിൽ നിന്നും ചെറിയ തുളകളിലൂടെ ഊർന്നു വീണ ധാന്യങ്ങൾ കണ്ട് അവർ സന്തോഷിച്ചു. അവർ പോയതിനു ശേഷം ആ ധാന്യങ്ങൾ അവർ ഭക്ഷിച്ചു.. അങ്ങനെ ഒറ്റപെട്ട ഇടങ്ങളിൽ നിന്നായ് അവർക്ക് ഭക്ഷണം കിട്ടി. അന്നവർ വയറു നിറച്ചു. കാലങ്ങൾക്ക് ശേഷം അന്നാണ് അവർ രണ്ടു പേരും കുഞ്ഞുങ്ങളെ ഊട്ടി അവരും വയറ് നിറക്കുന്നത്. സന്തോഷത്തോടെ അവർ കൂട്ടിലേക്ക് മടങ്ങി.

അതേ അവസ്ഥയിൽ ദിവസങ്ങൾ തുടർന്നു, കൂടിയും കുറഞ്ഞുമായ് അവർ ഭക്ഷണം കണ്ടെത്തി. കുഞ്ഞുങ്ങളും പുതിയ സാഹചര്യങ്ങളെ പഠിച്ചു കഴിഞ്ഞു.. ഇനി കുഞ്ഞുങ്ങൾക്ക് വേണ്ടി ജീവിതം  വഴിമാറാൻ സമയമായിരിക്കുന്നു, പുതിയ ഇടം തേടിപോകണം.. തന്റെ അമ്മ നൽകിയ ഉപദേശങ്ങളൊന്നും ഇവർക്ക് ഉപകാരപെടില്ല എന്നതിനാൽ കിട്ടിയ സമയങ്ങളിൽ അവർ ജിവീച്ചു കാണിച്ചുകൊടുത്തു, ശ്രദ്ധയും സുരക്ഷയും മര്യാദയുമെല്ലാം.

പിറ്റെ ദിവസം അവർ വഴിമാറി ജീവിക്കാൻ തീർച്ചപെടുത്തി. അവൾ തന്റെ കുഞ്ഞുങ്ങളെ വിളിച്ചു ചേർത്തുപറഞ്ഞു, “നിങ്ങളൊക്കെ വലുതായി സ്വയം പര്യാപ്തത നേടി. ഇനി നിങ്ങൾ സന്തോഷത്തോടെ ജിവീക്കുക” അവളുടെ ഉള്ളൊന്ന് പിടയുന്നുണ്ടായിരുന്നു. തന്റെ അമ്മ നൽകിയ പാഠങ്ങളല്ലല്ലൊ അവരെ പഠിപ്പിക്കാനായത് എന്ന ദുഖത്താൽ.

അവൾ തുടർന്നു പറഞ്ഞു, “നിങ്ങൾ ഇനി തനിയെ ഭക്ഷണം കണ്ടെത്തണം, എന്നും പോകുന്നത് പോലെ ശ്രദ്ധയോടെ പറന്നുയരണം, സന്തോഷമുള്ള കുടുംബമായി നിങ്ങളിരുവരും ജീവിതം മുന്നോട്ട് കൊണ്ടുപോകണം, പരസ്പരം സഹായിക്കണം” ശേഷം അവനോടായ് പറഞ്ഞു, “അവളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധയുണ്ടാവണം, സംരക്ഷിക്കണം” അവളൊന്ന് കുറുകി.. പിന്നെ ചിറകടിച്ചു. അപ്പോൾ അവളുടെ മുഖത്ത് ധൈര്യവും ആത്മവിശ്വാസവും നിറഞ്ഞത് പോലെ തോന്നി.. അല്ല, തന്റെ കുഞ്ഞുങ്ങൾക്ക് അവസാനമായ് നൽകാനുള്ളത് അതുമാത്രമാണെന്ന് അവൾക്കറിയാമായിരുന്നു. അവൾ ചിറകടിച്ചുയർന്നു, അവനും കൂടെ.. ആകാശത്ത് രണ്ടുവട്ടം ചുറ്റി കറങ്ങി, മക്കളെ അവസാനമായ് ഒരു നോക്ക് നോക്കി അകലേക്ക് പറന്നു.

നോക്കൂ.. അമ്മ പറഞ്ഞ ഉപദേശങ്ങൾ ഓർമ്മയുണ്ടല്ലൊ.. നമ്മുടെ രണ്ടുപേരുടേയും ജീവിതം മുന്നോട്ട് കൊണ്ടുപൊകേണ്ടത് ആ ഉപദേശങ്ങൾക്ക് അനുസരിച്ചാണ്. അവർ പരസ്പരം ഉപദേശിച്ചു.., അവർ പുതിയ ജീവിതം തുടങ്ങി.. രാവിലെ രണ്ടുപേരും പട്ടണങ്ങളിലേക്ക് ഇറങ്ങി ഭക്ഷണം കണ്ടെത്തി. ദിവസങ്ങൾ കടന്നുപോയി.., കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ മനുഷ്യർ ഒറ്റപെട്ട് യാത്ര ചെയ്യുന്നത് കൂടി.. അല്ല, ദിവസം തോറും ആളുകൾ കൂടികൊണ്ടിരിക്കുന്നു. പലപ്പോഴും ആളുകൾ തെരുവിൽ നിന്നൊഴിയാത്തത് കാരണം തെരുവുകളിൽ നിന്നും ഭക്ഷണം കണ്ടെത്താനാവാതെ അരപട്ടിണിയിലായി. പിന്നെ അവർക്ക് പരിചിതമല്ലാത്ത നിലയിൽ ആളുകൾ തെരുവിൽ നിറഞ്ഞു. മനുഷ്യർ പേടിയകന്നു പഴയ ജീവിത നിലയിലേക്ക് എത്തിയപ്പോൾ, നഗരവീഥിക്കരുകിലെ മതിലിൽ ആ കുഞ്ഞു പറവകൾ തങ്ങളുടെ കുഞ്ഞു വയറ് നിറക്കാനായ് തെരുവ് ശൂന്യമാകുന്നതും കാത്ത് വിശന്നിരുന്നു.

ഓപൺപ്രസ്സിൽ പ്രസിദ്ധീകരിച്ചത്.

Mar 20, 2020

എന്താണ് കോവിഡ്19? വൈറോളജിയും വാൿസിനേഷനുംCovid-19 എന്ന കൊറോണ വൈറസ് ഏറെ മനുഷ്യ ജീവനെടുക്കുകയും നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തു. മുമ്പും ലോകത്ത് പല തരം വൈറസുകൾ പകർച്ചവ്യാധിയുണ്ടാക്കുകയും ഏറെ ജീവനെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ അടുത്ത് വന്ന പക്ഷിപനിയും പന്നിപനിയുമൊക്കെ കൊറോണയുടെ വ്യത്യസ്ത രൂപങ്ങളാണ്. വൈറസിന്റെ ഉപരിതല ആവരണത്തില്‍ കിരീടം പോലെയുള്ള കതിരുകളുള്ളതിനാലാണ്‌ കൊറോണ വൈറസ് എന്ന് വിളിക്കപെടുന്നത്. എണ്ണമയമുള്ള കൊഴുപ്പ് തന്മാത്രകളുടെ ഒരു കുമിളയിലാണ് വൈറസ് ഉൾക്കൊള്ളുന്നത്, അതുകൊണ്ട് തന്നെ ഇത് ആൽകഹോൾ, സോപ്പ് തുടങ്ങിയവ ഉപയോഗിച്ച് നശിപ്പിക്കാവുന്നതാണ്. അതേ പോലെ രോഗം പടർത്തുന്ന അനേകം അണുക്കളുണ്ട്, അവയെ കുറിച്ച് മനസ്സിലാക്കി ആരോഗ്യകരമായ പ്രതിരോധാവസ്ഥ സ്വീകരിക്കേണ്ടതുണ്ട്. രോഗമുണ്ടാകാതിരിക്കാനും രോഗമുള്ളവര്‍ രോഗം പടരാതിരിക്കാനുള്ള മുങ്കരുതലുകൾ സ്വീകരിക്കുക.
ലോകത്തെ എല്ലാ പദാര്‍ത്ഥങ്ങളുടെ നിര്‍മ്മിതി കോര്‍ക്കില്‍ നിന്നാണ്, കോര്‍ക്കുകള്‍ ചേർന്ന് പ്രോട്രോണും ന്യൂട്രോണും സൃഷ്ടിക്കപെടുന്നത്, ഓരോ ആറ്റത്തിന്റെയും ന്യൂക്ലിയസിലുള്ള പ്രോട്രോണിന്‍റെയും ന്യൂട്രോണിന്‍റെയും തോതനുസരിച്ചാണ്‌ പദാര്‍ത്ഥത്തിന്റെ സ്വഭാവം നിര്‍ണ്ണയിക്കുന്നത്. ആറ്റങ്ങൾ പലരീതിയിൽ ചേർന്നാണ് ലോകത്തെ എല്ലാ പദാർത്ഥങ്ങളും ഉണ്ടാകുന്നത്, അതിൽ അജൈവ വസ്തുക്കളും ജൈവ വസ്തുക്കൾക്കുമുണ്ട്. ലോകത്ത് എല്ലാ ജൈവ കണങ്ങള്‍ക്കും ജനിതകമായ ഘടനയുണ്ട്, അതിനനുസരിച്ചാണ് അവയുടെ രൂപവും സ്വഭാവവും രൂപപെടുന്നത്.
മനുഷ്യ ശരീരം അനേകം വ്യത്യസ്ത ജനിതക സ്വഭാവ വിശേഷങ്ങളുള്ള കോശങ്ങളാല്‍ നിര്‍മ്മിക്കപെട്ടതാണ്‌. 100 ട്രില്ല്യന്‍ ആറ്റങ്ങളാണ്‌ ഒരു കോശത്തിന്റെ നിര്‍മ്മിതിക്ക് വേണ്ടത്, 100 ട്രില്ല്യന്‍ കോശങ്ങളിലാണ്‌ മനുഷ്യ ശരീരവും! ഓരോ കോശങ്ങള്‍ക്കും അതിന്റെ ചുറ്റുപാടുകളില്‍ നിന്ന് വേറ് തിരിച്ചു നിര്‍ത്തുന്ന സെൽ മെംബ്രൺ, ജെല്ലിനെ പോലെ ദ്രവ രൂപത്തിലുള്ള സൈറ്റോപ്ലാസം, ജെനറ്റിക് മെറ്റീരിയലായ ഡി.എന്‍.എ. എന്നിവയാണ്‌. കോശങ്ങള്‍ പ്രധാനമായും രണ്ട് തരത്തിലാണ്‌, ജീവജാലങ്ങളില്‍ കാണുന്ന യൂക്കാരിയോട്ടിക് കോശങ്ങള്‍ക്ക് സങ്കീര്‍ണ്ണമായതും ന്യൂക്ലിയസുള്ളതുമാണ്‌, പ്രോകാരിയോട്ടിക് ന്യൂക്ലിയസില്ലാത്ത ജെനറ്റിക് മെറ്റീരിയല്‍ മാത്രമുള്ളതാണ്‌. പ്രോകാരിയോട്ടിക് ഏകകോശ ജൈവവസ്ഥയിലുള്ള ജീവികളിലാണ്‌, ബാക്ടീരിയകളെ പോലെയുള്ളവയാണ്‌. എന്നാൽ ജീവനില്ലാത്ത ജൈവ സ്വഭാവമുള്ളവയാണ്‌ വൈറസുകള്‍. വളരെ ചെറിയവയാണത്, ഒരു ബാക്ടീരിയക്ക് കാഴ്ച്ച ഉണ്ടായിരുന്നെങ്കില്‍ അവക്ക് പോലും കാണാന്‍ സാധിക്കാത്ത അത്രക്ക് ചെറിയതാണ്‌ വൈറസുകള്‍. സാധാരണ മൈക്രോസ്കോപുകളിൽ കാണാൻ സാധിക്കില്ല, 1931ൽ ഇലക്ട്രോണിക് മൈക്രോസ്കോപുകൾ വന്നതിനു ശേഷമാണ് വൈറസുകളെ കാണാൻ സാധിച്ചത്.
വൈറസുകള്‍ സ്വയമേ ഒന്നും ചെയ്യാന്‍ സാധിക്കാത്ത സങ്കീര്‍ണ്ണമായ ജെനറ്റിക് കോഡുകളിലുള്ളവയാണ്‌. പല ഘടനയിലുള്ള വൈറസുകളുണ്ട്. പ്രോട്ടീന്‍ കൊണ്ട് നിര്‍മ്മിക്കപെട്ട ആവരണവും അതിനുള്ളില്‍ ജെല്ലുപോലെയുള്ള എന്സൈമും ജെനറ്റിക് കോഡുകളുമാണ്‌ ഉള്ളത്. വൈറസ് രണ്ട് വിഭാഗമാണ്‌, ഒന്നോ രണ്ടോ ചെയിനുകളിലുള്ള ഡി.എന്‍.എ കോഡുകളിലുള്ളതും ആര്‍.എന്‍.എ കോഡുകളിലുള്ളതുമായ വൈറസുകളുണ്ട്, ആര്‍.എന്‍.എ വൈറസുകള്‍ ശരീര സെല്ലുകളിലേക്ക് പ്രവേശിച്ചതിനു ശേഷം ഡി.എന്‍.എ വൈറസായി പരിണമിക്കുന്നവയുമുണ്ട്, ജനിതക മാറ്റങ്ങള്‍ സ്വീകരിക്കുന്നവയുമുണ്ട്. ഇവ കോശത്തിന്‍റെ ബയോകെമിക്കൽ മെഷിനറി ഏറ്റെടുക്കുകയും ചെയ്യുന്ന രീതികളും വ്യത്യസ്തമാണ്‌.
ഒരു വൈറസുകൾ ശരീരത്തിലേക്ക് പ്രവേശിച്ചാൽ വൈറസിനു ഇടപെടാൻ പറ്റിയ അനുകൂലമായ കോശങ്ങളിൽ എത്തുന്നത് വരെ കാത്തിരിക്കും, അനുകൂലമായ കോശത്തിലെത്തിയാല്‍ വൈറസ് കോശത്തിന്റെ ആവരണവുമായി സംയോജിപ്പിച്ച് കോശത്തിലേക്ക് മൊത്തത്തിലോ ജീന്‍ കുത്തിവെച്ചോ പ്രവേശിച്ചുകൊണ്ട് വൈറസ് ജീന്‍ കോശത്തിന്റെ ന്യൂക്ലിയസിലേക്ക് പ്രവേശിച്ച് ബയോകെമിക്കൽ മെഷിനറിയെ ഏറ്റെടുക്കുന്നു. ന്യൂക്ലിയസിനുള്ളിലെ ഡി.എൻ.എ കോഡുകളിൽ വൈറസ് കോഡുകൾ വഴി മാറ്റങ്ങൾ വരുത്തികൊണ്ട് കോശത്തിന്റെ പ്രതിരോധ സംവിധാനങ്ങളെ തകർത്തുകൊണ്ട് കോശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ശേഷം വൈറസ് ഡി‌എൻ‌എ കോപ്പിയുണ്ടാക്കാൻ പ്രോട്ടീനുകളുടെ നിർമ്മാണത്തിനായി ആർ‌.എൻ.‌എ.യെ നിയന്ത്രിക്കുന്നു, അങ്ങനെ അനേകം വൈറസ് ജീനുകൾ ഉണ്ടാക്കുകയും അവ സെല്ലിനുള്ളിൽ അടിഞ്ഞു കൂടുകയും ശേഷം കോശത്തെ തകര്‍ത്തുകൊണ്ട് അനേകം വൈറസ് കോപികളായി അടുത്തുള്ള അനേകം കോശങ്ങളിലേക്ക് പകരുന്നതോട് കൂടി ശരീരത്തിന്റെ പ്രവര്‍ത്തനം തകരാറിലാവുകയും രോഗാവസ്ഥയില്‍ എത്തുകയും ചെയ്യുന്നു. കയറി കൂടി ആതിഥേയ കോശങ്ങളെ തകരാറിലാക്കുന്ന ജൈവിക കണങ്ങളെയാണ്‌ ‘വിഷം’ എന്ന അര്‍ത്ഥത്തിലുള്ള ലാറ്റില്‍ ഭാഷയില്‍ "വൈറസ്" എന്നു വിളിക്കുന്നത്.
ജൈവ കണങ്ങളാല്‍ നിര്‍മ്മിക്കപെട്ട ജീവനുള്ളവയാണ്‌ കോശം, അതിന്റെ സ്വഭാവവും ഘടനയും ചുറ്റുപാടുകളുമായി ഇടപെടുന്നതും നിര്‍ണ്ണയിക്കുന്നത് അവയിലെ ജീനുകളാണ്. കോശങ്ങളുടെയും ഉപരിതലത്തിൽ കാണപ്പെടുന്ന ആന്റിന പോലുള്ള ഘടനകളാണ് സിലിയ. ശരീരത്തിലെ വിവിധ കോശങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിന്റെ മീഡിയേറ്ററാണ്‌ സിലിയ. എല്ലാ ജീവജാലങ്ങളും ഒരേ തന്മാത്രകൾ ഉപയോഗിച്ച് ജനിതക വിവരങ്ങൾ സംഭരിക്കുന്നു, ആ തന്മാത്രകളുടെ ജനിതക കോഡിൽ എഴുതിയത് എല്ലാ ജീവജാലങ്ങളുടെയും പങ്കിട്ട വംശപരമ്പരയുടെ ശക്തമായ തെളിവാണ്. ഉയർന്ന ജീവിത രൂപങ്ങളുടെ പരിണാമത്തിന് വ്യത്യസ്ത ശരീര പദ്ധതികളെയും പോഷകാഹാരങ്ങളെയും പിന്തുണയ്ക്കുന്നതിന് പുതിയ ജീനുകളുടെ വികസനം ആവശ്യമാണ്. അങ്ങനെയാണെങ്കിലും, സങ്കീർണ്ണമായ ജീവികൾ അവയുടെ പ്രാകൃത ഭൂതകാലത്തിൽ നിന്നുള്ള പ്രധാന ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന നിരവധി ജീനുകളെ നിലനിർത്തുന്നു.
ജീവിയുടെ പരിണാമത്തിൽ ജീനുകൾ പരിപാലിക്കപ്പെടുന്നു. എന്നിരുന്നാലും, ജീനുകൾ കൈമാറ്റം ചെയ്യാനോ മറ്റ് ജീവികളിൽ നിന്ന് "മോഷ്ടിക്കാനോ" കഴിയും. ആൻറിബയോട്ടിക് റെസിസ്റ്റൻസ് ജീനുകൾ വഹിക്കുന്ന പ്ലാസ്മിഡുകൾ സംയോജനത്തിലൂടെ ബാക്ടീരിയകൾക്ക് കൈമാറ്റം ചെയ്യാൻ കഴിയും, കൂടാതെ വൈറസുകൾക്ക് അവയുടെ ജീനുകളെ ഹോസ്റ്റ് സെല്ലുകളിലെ ജീവുകളിൽ ഉൾപ്പെടുത്താനും കഴിയും. ചില സസ്തന ജീനുകൾ വൈറസുകൾ സ്വീകരിച്ച് പിന്നീട് മറ്റ് സസ്തനികളുടെ കോശങ്ങളിലേക്ക് കൈമാറ്റം ചെയ്യാറുണ്ട്. ഒരു ജീനിന് എങ്ങനെ ഒരു ജീൻ ലഭിക്കുകയും നിലനിർത്തുകയും ചെയ്യുന്നു എന്നത് പരിഗണിക്കാതെ തന്നെ, പ്രോട്ടീന്റെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ ഇടം എല്ലായ്പ്പോഴും സംരക്ഷിക്കപ്പെടുന്നു. ചില ജെനറ്റിക് മ്യൂട്ടേഷനുകൾ അനിവാര്യമല്ലാത്ത ഇടങ്ങളിലുമുണ്ടാകാം, മ്യൂട്ടേഷനുകൾ ജീനിന്റെ പരിണാമ ജീവിതത്തിന്റെ മൊത്തത്തിലുള്ള ചരിത്രമാണ്. ഈ ഒരു തത്വം തന്നെയാണ്‌ ബയോ പ്രോഗ്രാം ചെയ്യുന്നവരും ഉപയോഗപെടുത്തുന്നത്. അല്ലാതെ പുതിയ ജെനറ്റിക് കോഡുകള്‍ ഡിസൈന്‍ ചെയ്യുകയല്ല, ജീനുകളെ പഠിച്ച് ഓരോ ജീനുകളുടേയും ധര്‍മ്മം മനസ്സിലാക്കി ആവശ്യമുള്ള ഭാഗങ്ങളെടുത്ത് മറ്റൊരൂ ജീനില്‍ അതേ സ്വഭാവം നിര്‍ണ്ണയിക്കുന്ന ജീനുകള്‍ക്ക് പകരം വെക്കുക എന്ന ജീന്‍ ഇന്‍സേര്‍ഷനും ഡെലീഷനുമാണ്‌ ഇന്ന് ബയോപ്രോഗ്രാമില്‍ കാണാന്‍ സാധിക്കുക. അങ്ങിനെയാണ്‌ ജെനറ്റിക് മോഡിഫികേഷൻ നടത്തി കാര്‍ഷിക മേഖലയിലൊക്ക് നല്ലയിനം ഉല്‍പന്നങ്ങൾ സാധ്യമാക്കുന്നത്.
ഇങ്ങനെ ഇന്‍സേര്‍ഷനും ഡെലീഷനും ആദ്യമായ് നടപ്പിലാക്കിയത് മനുഷ്യരല്ല, ജീവനില്ലാത്ത വൈറസുകളാണ്‌. പല വൈറസുകളിലെ ജെനിതക കോഡുകള്‍ അവതന്നെ ചുറ്റുപാടുകള്‍ക്കനുസരിച്ച് പരിവര്‍ത്തനം സ്വീകരിക്കും. ഒരു കോശത്തിൽ നിന്ന് പുതിയ വൈറസ് കോപ്പികൾ ഉണ്ടാക്കുന്ന സന്ദർഭത്തിൽ ആ കോശത്തിലെ ജനിതക അവസ്ഥക്കനുസരിച്ച് മാറ്റങ്ങൾ കൊണ്ടുവരാറുണ്ട്, ചെറിയ ചെറിയ മാറ്റങ്ങൾ വഴി ക്രമേണ മറ്റൊരൂ വൈറസായി പരിവർത്തനം ചെയ്യപെടുന്നു. കോറോണ വൈറസുകളുടെ ജെനറ്റിക് ചെയിന്‍ പരിശോധിക്കുകയാണെങ്കില്‍ അത് കാണാവുന്നതാണ്. എന്നാല്‍ കോവിഡ്-19 എന്ന കോറോണയില്‍ നേരത്തെ ഉണ്ടായിരുന്ന ജെനറ്റിക് കോഡില്‍ നിന്നും വലിയ അന്തരം കാണാന്‍ സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കോവിഡ്-19 എന്ന കോറോണ വൈറസ് മനുഷ്യ കൈകടത്തലുകൾ ഉള്ളതാണെന്ന് ചില ഗവേഷകര്‍ പറയുന്നു. വൈറസിന്റെ പ്രോട്ടീൻ ശ്രേണിയിൽ എച്ച്ഐവിക്ക് “വിചിത്രമായ സമാനത” ഉള്ള വളരെ ചെറിയ “ഉൾപ്പെടുത്തലുകൾ” തിരിച്ചറിഞ്ഞതായി ഇന്ത്യൻ ബയോടെക് വിദഗ്‌ദ്ധർ പങ്കുവെച്ചിരുന്നു, എച്ച്.ഐ.വി. വൈറസിനു പ്രതിരോധ മരുന്ന് കണ്ടെത്താന്‍ ഇതുവരെ സധിച്ചിട്ടില്ല. അത് ഒരു ആര്‍.എന്‍.എ വൈറസാണെങ്കിലും ശരീര കോശത്തിലെത്തിയതിനു ശേഷം ഡി.എന്‍.എ. വൈറസായി സ്വയം പരിവര്‍ത്തനം ചെയ്യുന്ന വളരെ സങ്കീര്‍ണ്ണമായ ജെനറ്റിക് സ്വഭാവത്തോടുള്ളവയാണ്‌.
ഫ്രെഡ് ഹച്ചിൻസൺ കമ്പ്യൂട്ടേഷണൽ ബയോളജിസ്റ്റായ ബെഡ്ഫോർഡ് പറയുന്നത്, വൈറസിന്റെ ഏറ്റവും പുതിയ പൊതുവായ പൂർവ്വികരുമായുള്ള ജനിതക വ്യത്യാസങ്ങൾ പ്രകൃതി പരിണാമ സമയത്ത് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന വ്യത്യാസങ്ങളുമായി പൊരുത്തപ്പെടുന്നു എന്നതിനാൽ മനുഷ്യ നിർമ്മിതമല്ല എന്നാണ്. വൈറൽ ജീനോമിക്സിൽ വിദഗ്ധരായ ശാസ്ത്രജ്ഞരും പറയുന്നത് അത്തരം തെളിവുകളൊന്നും നിലവിലില്ല, സാഹചര്യ വിശകലനങ്ങൾ തീർത്തും തെറ്റാണ് എന്ന് സ്‌ക്രിപ്സ് റിസർച്ച് ട്രാൻസ്ലേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പകർച്ചവ്യാധി ജീനോമിക്‌സ് ഡയറക്ടർ ക്രിസ്റ്റ്യൻ ആൻഡേഴ്‌സൺ പറയുന്നത്, എച്ച്ഐവി പഠനം “ഇത്തരത്തിലുള്ള വിശകലനങ്ങൾ എങ്ങനെ നടത്താമെന്നതിനെ കുറിച്ചുള്ള തെറ്റിദ്ധാരണയാണ്”, ഇന്ത്യൻ ശാസ്ത്രജ്ഞർ എച്ച്ഐവിക്ക് സമാനമാണെന്ന് കണ്ടെത്തിയ ഹ്രസ്വ പ്രോട്ടീനുകൾ എച്ച്ഐവിയിൽ നിന്നുള്ളതല്ല, കൊറോണ വൈറസുകളുടെ സ്വാഭാവിക പരിണാമത്തിന്റെ ഫലമാണിത്.
വൈറസ് രോഗമുള്ള കോശത്തിലേക്ക് മറ്റൊരൂ വൈറസ് കൂടി പ്രവേശിച്ചാല്‍ രണ്ട് വൈറസ് കോഡുകളിലൂടെ പുതിയ വൈറസ് രൂപപെടാന്‍ സാധ്യതയുണ്ട് എന്നതിനു കാരണം കോശത്തിലെത്തിയാല്‍ വൈറസ് ജീനുകളെ കോശത്തിലെ ജീനുകളിലേക്ക് ചേര്‍ത്തുകൊണ്ടുള്ള വൈറസ് മോഡിഫൈ ചെയ്ത കോശത്തിലേക്ക് പുതിയ വൈറസ് കടന്നുവന്നാല്‍ വീണ്ടും കോശത്തില്‍ ജെനറ്റിക് മ്യൂട്ടേഷനും ഇന്സേര്‍ഷനും നടക്കുകയും രണ്ട് വൈറസ് ജീനുകളില്‍ നിന്ന് പുതിയ വൈറസ് ഉണ്ടാകാനും സാധ്യതയുണ്ട് എന്ന പഠനങ്ങള്‍ക്കനുസരിച്ച് അതിനുള്ള പ്രതിവിധികള്‍ കണ്ടെത്താന്‍ വേണ്ടി ലാബുകളില്‍ വൈറസ് ജീനുകളിലെ ചില സ്ട്രൈനുകൾ പരിവര്‍ത്തനം പരീക്ഷണങ്ങൾ നടത്താറുണ്ട്, വൈറസുകളുടെ പരിവർത്തനങ്ങളെ കുറിച്ച് പഠിക്കാനും വാക്സിനുകള്‍ ഉണ്ടാക്കാനും വേണ്ടി. ഭീകരന്മാരായ H5N1 വൈറസ് സ്ട്രൈനുകളിൽ മാറ്റം വരുത്തിയ തന്റെ പരിശ്രമങ്ങളെ കുറിച്ച്നെതർലാന്റിലെ റോട്ടർഡാം എറാസ്മസ് മെഡിക്കൽ സെന്ററിലെ റോൺ ഫൗച്ചിയർ 2012 സെപ്റ്റംബറിൽ മാൻഹാട്ടൻ നടന്ന ഇൻഫ്ലുവൻസ കോൺഫറൻസിൽ നിരത്തിയതാണ്. അദ്ദേഹം പറയുന്നത് വളരെ പരിശ്രമത്തിലൂടെ പക്ഷികളിലും മൃഗങ്ങളിലും പരീക്ഷണം നടത്തിയതെന്നും വളരെ അപൂർവ്വമായെ മനുഷ്യരിലേക്ക് വ്യാപിക്കുകയുള്ളൂ എന്നുമാണ്. വർഷങ്ങൾക്ക് ശേഷം ഏഷ്യയിൽ വ്യാപിച്ച പക്ഷിപനിയുടെ ആയിരകണക്കിനു കേസുകൾ റിപോർട്ട് ചെയ്യപെട്ടിട്ടുണ്ട്. H5N1 പ്രത്യേകിച്ചും ക്രൂരമായതാണ്. ഫൌച്ചിയര്‍ ഗവേഷക സംഘം ഇൻഫ്ലുവൻസക്ക് കാരണമാകുന്ന വൈറസുകളെ വെള്ളകീരിയിൽ പരീക്ഷണം നടത്തി. H5N1 ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് പകരുമ്പോൾ അത് സെൽ വ്യൂഹങ്ങളിൽ കൂടുതൽ യോജിച്ച തരത്തിൽ പ്രവർത്തിക്കുകയും സ്വയം പരിവർത്തനങ്ങൾക്ക് വിദേയമാവുകയും ചെയ്യുന്നു. പരീക്ഷണത്തിന് വിധേയമായി വള്ളകീരിക്ക് ബാധിച്ച വൈറസിന് അഞ്ച് തവണ പരിവർത്തനം സംഭവിച്ചെന്നു കണ്ടെത്തി. ഇങ്ങിനെ പരിവർത്തനം സംഭവിച്ച വൈറസാണ്‌ ലോകത്ത് പത്തുമില്ല്യൻ പക്ഷികളേ കൊന്നൊടുക്കുകയും നൂറുകണക്കിന് മനുഷ്യരുടെ ജീവൻ പൊലിയാൻ കാരണമാവുകയും ചെയ്തത് വൈറസ്.
ലോകത്ത് മനുഷ്യർ ഒന്നും നോക്കാതെ പണമെറിയുന്ന ഒരേ ഒരു മേഖലയാണ് മെഡിക്ക. അതിനാൽ തന്നെ കുത്തകകൾ ആ ഫീൽഡിൽ നല്ലവണ്ണം കളിക്കുന്നുണ്ട്. കൂടാതെ ഇന്ന് ബയോടെക് രംഗത്ത് പലതരത്തിലുള്ള കബളിപ്പിക്കൽ നടക്കുന്നുണ്ട്. ലോകത്ത് വ്യാപിക്കുന്ന വൈറസുകളെ കുറിച്ച് തെറ്റായ വിവരങ്ങൾ ലോകാ‍രോഗ്യ സംഘടനക്ക് നൽകുകയും അതുവഴി വൻ ലാഭങ്ങൾ കൊയ്യാനും ഫാർമ ഫ്രോഡുകൾ കാലങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതുവഴി ശരിയാ ചികിത്സ രോഗികൾക്ക് ലഭ്യാമാകില്ല എന്നുമാത്രമല്ല സാമ്പത്തികമായ വലിയ കൊള്ളക്ക് കാരണമാവുകയും ചെയ്യുന്നു. പന്നിപനിയെ പോലുള്ള ചില വൈറസുകളെ തടയാൻ വേണ്ടി കോടികണക്കിനു ഡോളറുകളുടെ വാക്സിനുകൾ ആരോഗ്യരംഗത്ത് ചിലവഴിച്ചത്, എന്നാൽ ആ വൈറസുകൾ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചവയായിരുന്നില്ല.
എല്ലാ വൈറസുകളിലും ബാക്ടീരിയകളിലും കാണപ്പെടുന്ന തന്മാത്രകളാണ്‌ ആന്‍റിജന്‍. ശരീരത്തിലേക്ക് വന്ന ആന്‍റിജനില്‍ നിന്നും വൈറസിനെ മനസ്സിലാക്കി ലിംഫോസൈറ്റുകൾ എന്നറിയപ്പെടുന്ന രോഗപ്രതിരോധ കോശങ്ങൾ ആന്റിബോഡികൾ ഉൽ‌പാദിപ്പിച്ച് പ്രതികരിക്കുന്നു, ഈ ആന്റിബോഡികൾ ആക്രമണകാരിയോട് പോരാടുകയും അവയെ നശിപ്പിച്ച് അണുബാധയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ആരോഗ്യവാനായ ഒരു വ്യക്തിക്ക് പ്രതിദിനം ദശലക്ഷക്കണക്കിന് ആന്റിബോഡികൾ ഉത്പാദിപ്പിക്കും. നിർഭാഗ്യവശാൽ ശരീരം ആദ്യമായി ഒരു വൈറസിനെ അഭിമുഖീകരിക്കുമ്പോൾ അവയെ പ്രതിരോധിക്കാന്‍ വേണ്ട ആന്റിബോഡി കണ്ടെത്താന്‍ സമയമെടുക്കും. ചില വൈറസുകളുടേയും ബാക്ടീരിയകളുടേയും ആന്റിജനുകള്‍ തിരിച്ചറിയാന്‍ പ്രയാസമുള്ളതാകുമ്പോള്‍ ആന്‍റിബൊഡി കണ്ടെത്തി തിരിച്ചടിക്കുന്നതിനുമുമ്പ് അണുബാധ വ്യാപിക്കുകയും ശരീരത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യും. അത്തരം സന്ദര്‍ഭങ്ങളിലാണ്‌ വാക്സിനുകളുടെ ഉപയോഗം ഫലപ്രദമാകുന്നത്.
വാക്സിനുകൾ നശിച്ചതോ ദുർബലമായതോ ആയ വൈറസിന്‍റെ ആന്റിജനുകൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. അവക്ക് അണുബാധയുണ്ടാക്കാൻ കഴിയില്ല, ആ വാക്സിനുകള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ രോഗപ്രതിരോധ ശേഷി അവയെ ശത്രുവായി കാണുകയും പ്രതികരണമായി ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്നു. ആ വാക്സിനുകളിലുള്ള ആന്‍റിജനുകള്‍ക്കെതിരെ ആന്‍റിബൊഡി കണ്ടെത്തുകയും ആന്‍റിജനുകളെ നശിപ്പിക്കുകയും ശേഷം ആന്‍റിബൊഡികളും ഇല്ലാതാകും, എന്നാല്‍ ആന്‍റിജന്‍റെയും ഫലപ്രദമായി ഉപയോഗിച്ച ആന്‍റിബൊഡിയുടേയും വിവരണങ്ങള്‍ മെമ്മറി സെല്ലുകൾ എന്നറിയപ്പെടുന്ന രോഗപ്രതിരോധ കോശങ്ങളിലൂടെ ശരീരത്തിൽ നിലനിൽക്കുന്നു. പിന്നീട് അതേ ആന്‍റിജനുകളിലുള്ള വൈറസ് ശരീരത്തില്‍ വന്നാല്‍ ഉടനടി മെമ്മറി സെല്ലുകൾ ആന്റിബോഡികൾ വേഗത്തിൽ ഉത്പാദിപ്പിക്കുകയും വളരെ വൈകുന്നതിന് മുമ്പ് ആക്രമണകാരിയെ നശിപ്പിക്കുകയും ചെയ്യുന്നു. അങ്ങിനെ ഒരു പ്രതിരോധ സംവിധാനം ശരീരത്തിനു രൂപപെടുത്താനാണ്‌ വാക്സിനുകള്‍ ഉപയോഗിക്കുന്നത്. ചിക്കൻപോക്സ് തുടങ്ങിയ രോഗങ്ങളുണ്ടാക്കുന്ന വൈറസുകളില്‍ കാര്യമായ പരിണാമങ്ങള്‍ സംഭവിക്കാത്തതിനാല്‍ ഒരിക്കള്‍ ആ രോഗം വന്നാല്‍ അതിന്‍റെ ആന്‍റിബൊഡിയുടെ വിവരങ്ങള്‍ പ്രതിരോധ മെമ്മറി സെല്ലുകളില്‍ ഉണ്ടാകും, അതുകാരണമാണ്‌ അത്തരം രോഗം വീണ്ടും വരാതിരിക്കുന്നത്. എന്നാല്‍ ചില വൈറസുകള്‍ അത് പരിവര്‍ത്തനം ചെയ്തുകൊണ്ടിരിക്കും, അത്തരം വൈറസുകള്‍ക്കെതിരെ വാക്സിനുകള്‍ ഫലപ്രദമാകില്ല. വാക്സിനുകളും കമ്മ്യൂണിറ്റി തലത്തിൽ പ്രവർത്തിക്കുന്നു. വളരെ ചെറുപ്പമായതിനാലോ അല്ലെങ്കിൽ അവരുടെ രോഗപ്രതിരോധ ശേഷി വളരെ ദുർബലമായതിനാലോ ആണെങ്കില്‍ അവര്‍ക്ക് വാക്സിനേഷൻ നൽകാൻ കഴിയില്ല. ഓരോ രോഗങ്ങള്‍ക്കും ഓരോ ടൈപ് വാക്സിനുകളാണ്‌ ഉള്ളത്, വാക്സിനുകള്‍ക്ക് ഗുണവും ദോശവുമുണ്ട് എങ്കിലും വളരെ മാരകമായ രോഗങ്ങള്‍ക്കെതിരെയുള്ള വാക്സിനുകള്‍ എന്തുകൊണ്ടും ഗുണകരമാണ്‌.

published @shababweekly
Related Posts Plugin for WordPress, Blogger...