നന്മ ലക്ഷ്യമാക്കിയുള്ള സ്നേഹവും പരിചരണവുമാണ് പ്രകൃതി നൽകുന്നത്. അതിനാൽ മനുഷ്യന്റെ സ്വഭാവ പ്രകൃതിയും ജീവിതവും സ്നേഹത്തിലും പരിചരണത്തിലും ആയിരിക്കണം. മനുഷ്യൻ ജീവിതക്രമത്തെ ചിട്ടപെടുത്തേണ്ടത് പ്രകൃതിക്കനുസരിച്ചാണ്. സ്നേഹത്തിന്റെയും പരിചരണത്തിന്റെയും പ്രകൃതിയിലേക്ക് മനുഷ്യൻ മടങ്ങുകയാണെങ്കിൽ ലോകത്ത് ശാന്തിയും സമാധാനവും ഉയിർത്തെഴുന്നേൽക്കും.
സ്രഷ്ടാവ് മണ്ണിനോടാണ് മനുഷ്യനെ ബന്ധപെടുത്തുന്നത്. മണ്ണിന്റെ ഗുണം നന്മയാണ്, ഏതൊരൂ മോശമായതിനേയും ശുദ്ധീകരിച്ചെടുക്കാനുള്ള ശക്തി മണ്ണിനുണ്ട്. അശുദ്ധമായത് മണ്ണുകൊണ്ട് കഴുകിയാൽ ശുദ്ധിയുള്ളതായിതീരുന്നു. അശുദ്ധമായ വെള്ളം മണ്ണിലൂടെ ഒഴുകിയാൽ ശുദ്ധീകരിക്കപെടുന്നു. ഭൂമിയിൽ മൂന്നിലൊന്ന് വെള്ളമാണെങ്കിലും അതിൽ മൂന്ന് ശതമാനം മാത്രമേ മനുഷ്യനുപയോഗിക്കാവുന്ന ശുദ്ധവെള്ളമുള്ളൂ.. അവ ഭൂമി ശുദ്ധീകരിച്ചു നൽകുന്നതാണ്. ചെളിവെള്ളം മണ്ണിലൂടെ ഒഴുകുന്നതോടെ ശുദ്ധിയുള്ളതായി തീരുന്നു. മനുഷ്യ സൃഷ്ടിപ്പിന് മണ്ണിനോടുള്ള ബന്ധവും അതായിരിക്കും. മനുഷ്യന്റെ അടിസ്ഥാനപരമായ സ്വഭാവം അത് നന്മയാണ്, പ്രകൃതിയൊരിക്കലും മനുഷ്യനെ വൃത്തികെട്ടവനാക്കുന്നില്ല. പ്രകൃതിയെ അടുത്തറിയുന്ന മനുഷ്യൻ പ്രകൃതിയെ സ്നേഹിക്കുകയെ ഉള്ളൂ. ശക്തമായ താപത്തിലും മണ്ണിന്റെ പ്രകൃതി മാറുന്നില്ല, അടിസ്ഥാന സ്വഭാവം പ്രകൃതി ഭേദങ്ങളിലൂടെ മാറുന്നതല്ല. എന്നാൽ മനുഷ്യന്റെ ഇടപെടലുകൾ വഴി മണ്ണിന്റെ പ്രകൃതി മാറ്റിമറിക്കപെട്ടുകൊണ്ട് വിഷമുള്ളതാവുകയും അത് ജീവജാലങ്ങൾക്ക് ദോശവും വരുത്തിവെക്കുന്നു. മനുഷ്യന്റെ പ്രകൃതിപരമായ സ്വഭാവവും നന്മയിൽ അധിഷ്ടിതമായ സ്നേഹപരിചരണമാണ്, മോശം ജീവിത ചുറ്റുപാടുകളിൽ നിന്നും സൃഷ്ടിക്കപെടുന്ന പ്രകൃതി വിരുദ്ധ ചിന്തകളാണ് ദുഷ് പ്രകൃതത്തിന് നിമിത്തമാകുന്നതും സ്വഭാവ വൈകല്ല്യങ്ങളുണ്ടാക്കുന്നതും. മനുഷ്യൻ അടിസ്ഥാന സ്വഭാവത്തിലേക്ക് തിരിച്ചുവരേണ്ടത് പ്രകൃതിപരമായി സമൂഹ നിലനിൽപ്പിനാവശ്യമാണ്.
ഈ ഭൂമിയിലെ പ്രകൃതിയും അതിലെ ജീവനും നിലനിൽക്കുന്നതിനടിസ്ഥാനമായവയെല്ലാം ശുദ്ധീകരണ സ്വഭാവമുള്ളവയാണ്. വെള്ളത്തിന്റെയും വെളിച്ചത്തിന്റെയും അടിസ്ഥാന സ്വഭാവം ശുദ്ധീകരണവും ജീവജാലങ്ങളോടുള്ള സ്നേഹ പരിചരണമാണ്. ശുദ്ധജലവും മണ്ണും വെളിച്ചവും ഉപയോഗപെടുത്തിയും ഇന്ന് ചികിത്സകളുണ്ട്. ഭൂപ്രകൃതിയിൽ നിന്നും ലഭിക്കുന്ന ജലം എല്ലാ ജീവജാലങ്ങളെയും പരിചരിക്കുന്ന സ്വഭാവത്തോട് കൂടിയുള്ളതാണ്. ശേഖരിച്ചു വെക്കുന്ന ജലത്തെപോലെയല്ല, ഭൂമി നൽകുന്ന ജലം പ്രകൃതിയുടെ കാല ഭേദങ്ങൾക്കനുസരിച്ചാണ്. തണുപ്പുകാലത്ത് കിണറ്റിൽ നിന്നും ലഭിക്കുന്ന വെള്ളത്തിന് ചൂട് ലഭിക്കുന്നു. ചൂട് കാലത്ത് തണുപ്പും! എന്നാൽ ശേഖരിച്ചു വെക്കുന്ന ജലത്തിന് ആ ഒരു ഗുണം നഷ്ടപെടുന്നു. ഭൂമി അതിലെ ജീവജാലങ്ങൾക്ക് വേണ്ടി അത്ര അനുയോജ്യമായി സജ്ജീകരിക്കപെട്ടിരിക്കുന്നു! അതാണ് പ്രകൃതിയുടെ സ്നേഹവും പരിചരണവും.
വെളിച്ചവും ശുദ്ധീകരിക്കപെടുന്നവയാണ്. വെളിച്ചത്തെ പരോക്ഷമായി പുരോഗമന സമൂഹം എടുത്ത് കാണിക്കുന്നത് അറിവിനേയും സമാധാനത്തേയും അടയാളപെടുത്താനാണല്ലൊ. വെളിച്ചമില്ലായ്മ അന്ധകാരത്തിന്റെ പ്രതീകമാകുന്നത് അങ്ങനെയാണ്. ഇരുട്ടിന്റെ ശക്തികൾ എന്നു വിളിക്കുന്നത് അക്രമികളെയാണല്ലൊ. പ്രകൃതിപരമായി എല്ലാ ദുശക്തികളും പുറത്തിറങ്ങുന്നത് ഇരുട്ടിലാണ്. വെളിച്ചം മനുഷ്യ ജീവന് ആരോഗ്യവും എളുപ്പവും അനുകൂലവുമാക്കുന്നു. ഇരുട്ടിയാൽ കുഞ്ഞുങ്ങളെ പുറത്ത് വിടരുത് എന്നുപറയുന്നത് ക്ഷുദ്രജീവികളെ ഭയന്നാണ്.
ഇരുട്ടുള്ള റൂമിൽ ജീവിക്കുന്നത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു. നല്ല ആരോഗ്യകരമായ ജീവിതത്തിന് പ്രകാശം അത്യന്താപേക്ഷിതമാണ്. വായുവും വെളിച്ചവും ലഭിക്കുന്ന ഭാഗത്തേക്ക് സസ്യം വളരുന്നു. വായുസഞ്ചാരമില്ലാത്തെ വേണ്ടത്ര വെളിച്ചമില്ലാത്ത അടച്ചിട്ട മുറികളിൽ ജീവിക്കുന്നവർക്ക് രോഗാതുരത കൂടുതലാണ്. വെളിച്ചത്തിന്റെ പ്രകൃതി നന്മയാണ്. നല്ല വെളിച്ചത്തിൽ ജീവിക്കുന്നവർക്ക് ആരോഗ്യപ്രശ്നങ്ങൾ വളരെ കുറവാണ്. വീടില്ലാതെ കഴിയുന്ന തെരുവിന്റെ അവകാശികളായവർ ആരോഗ്യമുള്ളവരാണ്. സൂര്യപ്രകാശമാണ് വെളിച്ചമാണ് ഭൂമിക്കും ഭൂമിയിലെ ജീവചരങ്ങൾക്കുമെല്ലാം ഊർജ്ജം നൽകുന്നത്. ഇടവിട്ടുകൊണ്ട് ഓരോ പ്രദേശത്തേക്കും നിശ്ചിത തോതിൽ സൂര്യപ്രകാശം ലഭിക്കുക വഴി വ്യത്യസ്ഥ ഭാഗങ്ങളിൽ വ്യത്യസ്ത കാലാവസ്ഥയും ജീവിത ചുറ്റുപാടുകളും സൃഷ്ടിക്കപെട്ടു. മനുഷ്യ ശരീരത്തെ പോലെ ഭൂമിയുടെ ഓരോ ഭാഗവും മറ്റു ഭാഗങ്ങളോട് സമന്വയത്തിലാണ് കഴിയുന്നത്. അതുകൊണ്ട് തന്നെ ലോകത്തെവിടെയും സംഭവിക്കുന്ന മാറ്റങ്ങളെ ലോകസമൂഹം വളരെ ഭയത്തോട് കൂടിയാണ് നോക്കികാണുന്നത്. ഭൂമിയുടെ ഓരോ മേഖലകളിലും ജീവിക്കുന്നവർക്ക് അവരുടേതായ പ്രകൃതമാണുള്ളത്. ഉഷ്ണരാഷ്ട്രങ്ങളിൽ ജീവിക്കുന്നവർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന താപം ശീതോഷ്ണമേഖലകളിലുള്ളവർക്ക് ലഭിച്ചാൽ അത് സൂര്യാഘാതമായി തീരുന്നു. ഉഷ്ണമേഖലയിൽ പെട്ടവർക്ക് ശീതോഷണമേഖലകളിലെ താപനിലയാണ് സംഭവിച്ചതെങ്കിൽ ഉറഞ്ഞില്ലാതാവും അവരുടെ ജീവിതം. ഓരോ മേഖലകളിലും അതാത് മേഖലകളിലെ പ്രകൃതിയോടെയാണ് മുനുഷ്യ സമൂഹം ജീവിക്കുന്നത്. അതാണ് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം. എന്നാൽ പ്രകൃതിയെ മനസ്സിലാക്കാതെയുള്ള മനുഷ്യന്റെ ഭൂമുഖത്തുള്ള ഇടപെടലുകൾ അവന് തന്നെ നാശം വിതച്ചുകൊണ്ടിരിക്കുന്നു. മനുഷ്യന്റെ കൈകടത്തലുകൾ കരയിലും കടലിലും നാശങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു എന്നത് ഇന്നത്തെ സമൂഹത്തെ നേരിട്ടറിഞ്ഞ വാക്കുകളാണ്. ഇന്ന് ലോകത്തിന് ഭീഷണിയായികൊണ്ട് ഗ്രീൻഹൌസ് വാതകങ്ങൾ ഭൌമാന്തരീക്ഷത്തിൽ നിറയുമ്പോൾ ഭൂമിയുടെ സംരക്ഷകരായ ഓസോണുകൾ നശിക്കുന്നു, അപകടകരമായ രശ്മികൾ ഭൂമിയിലേക്ക് പതിക്കുന്നത് ഭൂപ്രകൃതിയുടെ താപമണ്ഢലങ്ങളെ വ്യതിയാനപെടുത്തുന്നു. ശരീരത്തിലെ ഒരു അവയവത്തിന് സംഭവിക്കുന്ന തകർച്ച മറ്റു ഭാഗങ്ങളും അനുഭവിക്കേണ്ടിവരുന്നത് പോലെ ധ്രുവങ്ങളിലുള്ള വ്യതിയാനങ്ങൾ അത് ഭൂമിയിലാകെ പരന്നുകൊണ്ടിരിക്കും. അപ്പോഴും ആർത്തിമൂത്ത ചിലർ സ്വപ്നലോകത്ത് കൊട്ടാരം പണിതുകൊണ്ടിരിക്കും. ബോധവൽകരണമാണ് വേണ്ടത്. സ്നേഹത്തിന്റെയും പരിചരണത്തിന്റെയും ബോധവൽകരണമുണ്ടായാൽ ജീവിത രീതിയെ ശരിയായ മനുഷ്യ പ്രകൃതിയിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞാൽ അവിടെ മാറ്റങ്ങളുണ്ടാവും, പ്രകൃതിയിൽ നന്മകൾ പെയ്തിറങ്ങും.
നന്മയിലൂന്നിയ സ്നേഹത്തിന്റെയും പരിചരണത്തിന്റേയും പ്രകൃതിയിലേക്ക് തിരിച്ചുപോകാൻ നമ്മുടെ ജീവിത രീതികളും ചിന്തകളും പരിവർത്തനപെടുത്തേണ്ടതുണ്ട്. അത്തരത്തിലുള്ള ചിന്തകൾക്ക് ശക്തിപകരാൻ ഫോകസ് സൗദിയിൽ നടത്തുന്ന മൂന്ന് മാസകാലത്തെ ലൌവ്&കെയർ കാമ്പയ്ൻ സന്ദേശത്തിലൂടെ സാധിക്കട്ടെ എന്നാശംസിക്കുന്നു, കൂടാതെ "മണ്ണ് പൂക്കാൻ മരം പെയ്യാൻ" എന്ന ശീർഷകത്തിൽ ഐ.എസ്.എം നടത്തിവരുന്ന യുവജാഗ്രതക്ക് അനുമോദനങ്ങൾ.
.