ജരീർ, ‘നോട്ട് ജസ്റ്റ് എ ബുക് സ്റ്റോർ..‘
കാപ്ഷനുകളിൽ നിന്നും മാറി ഞാൻ കടയിലേക്കു കയറി. കുറച്ച് ഓഫീസ് വസ്തുക്കൾ വാങ്ങണം. കാശ് കുറച്ച് കൂടുമെങ്കിലും വാങ്ങുന്നത് ഒറിജിനലാകുമെന്ന ധാരണയാണ് എന്നെ ആ സൂപ്പർ സ്റ്റോറിലേക്ക് ആകർഷിക്കുന്നത്. അവശ്യമുള്ളത് കൂടുതൽ തിരയാതെ കണ്ടെത്താനായതിനാൽ കുറച്ച് സമയം ഇലക്ട്രോണിക് ഡിവിഷനിൽ പുതിയ ഐറ്റംസുകളെന്തല്ലാമെന്ന് കാണാം എന്നു വിചാരിച്ചു അങ്ങോട്ട് നീങ്ങി. പലതരം ഉപകരണങ്ങൾ, ഗൈം ബോയ്, പ്ലേസ്റ്റേഷൻ, ഡ്ബ്ലീയു.ഐ.ഐ. തുടങ്ങിയ കുറെ എണ്ണത്തിൽ കണ്ണും നട്ട് കൊച്ചുകുട്ടികൾ, അവരിലെ അഭിപ്രായപ്രകടനങ്ങളാണ് എന്റെ ശ്രദ്ധകൊണ്ട് പോയത്. “ഹേയ് മാൻ, ഗോ ഫോർ ദിസ്…, ഇറ്റ്സ് റോക് സാൻ ആൻഡ്രിയോസ്“. ഗൈമുകളെ ഇഷ്ടപെടാത്ത കുട്ടികളുണ്ടാവില്ല. കുട്ടികൾക്ക് പത്ത് വയസ്സ് തികഞ്ഞിട്ടില്ല, പക്ഷെ 16 വയസ്സുകാർക്ക് വേണ്ടിയുള്ള റേറ്റഡ് ഗൈമുകളിലാണ് താല്പര്യം, അവരുടെ സംസാരവും അതുപോലെ തന്നെ.
മനുഷ്യർക്ക് ത്രില്ലുകൾ പലതരമാണെങ്കിലും ഗൈമുകളിൽ പ്രായ വ്യത്യാസമന്യേ വാർ ഗേമുകൾക്ക് ഇന്ന് ജനപ്രീതി കൂടിയിരിക്കുന്നു. വിർച്വൊൽ ഇമേജുകളാണെങ്കിലും മനസ്സിൽ മനുഷ്യനെന്ന ശത്രുവിനെ തകർക്കുക, ഉന്നം തെറ്റാതെ തലക്ക് തന്നെ വെടിവെച്ചു കേമന്മാരാകാൻ ശ്രമിക്കുന്നവർ.. യുദ്ധ ടാങ്കറും ജെറ്റ് ഫൈറ്ററുകളും യഥേഷ്ടം ഗൈമുകളിൽ ഉൾപെടുത്തി ഇമാജിനറി ടെറൊറിസ്റ്റുകളെയും സൃഷ്ടിച്ച് വിഡീയോ ഗൈമുകളിൽ റിയാലിറ്റി കൂട്ടിയിരിക്കുന്നു. ആയുധം എവിടെയും എപ്പഴും പ്രയോഗിക്കാമെന്ന മനശാസ്ത്രം ഗൈമുകൾ വളർത്തിയെടുത്തു. കമ്പ്യൂട്ടർ സ്ക്രീനിൽ തെളിയുന്ന ഇമേജുകൾ വളർത്തിയെടുക്കുന്ന ബോധം ചോരക്കും ജീവനും വിലയില്ല എന്നാണ്.
അതെ, നെവദ എന്ന സ്ഥലത്തെവിടെയോ കുറച്ചാളുകൾ ഒരു റൂമിലിരുന്ന് കളിച്ചും ചിരിച്ചും കമ്പ്യൂട്ടറ് സ്ക്രീനിനു മുന്നിലിരുന്ന് ജോയ്സ്റ്റികിന്റെ ട്രിഗറ് വലിക്കുമ്പോൾ ലോകത്തിന്റെ മറ്റൊരൂ കോണിൽ മനുഷ്യ ശരീരങ്ങൾ ചിന്നിചിതറിപോകുന്നു. വൃദ്ധരെന്നോ സ്ത്രീകളെന്നൊ കുഞ്ഞുങ്ങളെന്നൊ വ്യത്യാസമില്ലാതെ ഇരകളായികൊണ്ടിരിക്കുമ്പോൾ മനുഷ്യത്വം നശിച്ചവർക്ക് ചിരിയൊടുക്കാനാവുന്നില്ല! ആ ക്രൂരമായ ചിരി അഫ്ഗാൻ മലയിടുക്കുകൾ മുതൽ ഇറാഖിന്റെ മണൽകുന്നുകളിൽ വരെ തട്ടി ഭീകരമാം പ്രതിധ്വനിയുണ്ടാക്കുന്നു.
ഫിക്ഷനോ ദുസ്വപ്നങ്ങളോ അല്ല, അമേരിക്കയുടെ വൈമാനികനില്ലാത്ത ചെറുവിമാനം (unmanned aerial vehicles
(UAVs), ഡ്രോൺ ലോകത്ത് എവിടെയും തോന്നിയത് പോലെ പ്രയോഗിക്കാൻ തുടങ്ങിയിരിക്കുന്നു. ചിന്നിചിതറുന്ന മനുഷ്യ ജീവനുകൾ മോണിറ്ററിലൂടെ കാണുമ്പോൾ ഒരു ഗേമിനെ പോലെ തോന്നിക്കുന്നതിനാൽ കൊല്ലുന്നവർക്ക് മാനസികമായ പിരിമുറുക്കമില്ല എന്നു മാത്രമല്ല, തിരിച്ചടി പ്രതീക്ഷിക്കാനില്ലാത്തതിനാൽ തോന്നിയത് പോലെ നരനായാട്ട് നടത്തുകയുമാവാം!
ഇന്ന് കുട്ടികളിൽ വർദ്ധിച്ച് വരുന്ന് അക്രമ വാസനകൾക്ക് പ്രധാന കാരണമായി കാണാവുന്നത് കമ്പ്യൂട്ടർ ഗൈമുകളാണ് എന്നിരിക്കെ ലോകപോലീസ് നയം നടപ്പിലാക്കാനും ശത്രു രാജ്യത്തെ ജനങ്ങളെ കൊന്നൊടുക്കാനും അതേ രീതി പ്രയോഗിക്കുന്നതിലൂടെ അക്രമണത്തിനു നിയോഗിക്കപെടുന്ന സൈനികരിൽ മാനസിക പിരിമുറുക്കം കുറഞ്ഞേക്കാം. ചിന്നിച്ചിതറുന്ന ശരീരങ്ങളെ നേർക്കു നേരെ കാണുമ്പോൾ ചിലർക്കെങ്കിലും ഉള്ളിന്റെ ഉള്ളിൽ താൻ വഴിയാണല്ലോ ഇത് സംഭവിച്ചത് എന്നൊരൂ പശ്ചാതാപ ചിന്ത ഉടലെടുക്കാൻ കാരണമാകാറുണ്ട്. കാരണം അതിന്റെ പേരിൽ ആത്മഹത്യ ചെയ്തവരും അമേർക്കൻ സൈന്യത്തിൽ എത്രയോ ഉണ്ട് എന്നിരിക്കെ ഇത്തരം യാഥാർത്ഥ്യമായ കില്ലറ് ഗൈമുകളിലൂടെ ലക്ഷ്യം കണ്ടെത്തുകവഴി മാനസിക പിരിമുറുക്കം കുറച്ചു കുറഞ്ഞേക്കാം. ആയതിനാൽ തന്നെ ഭരണകൂടം ഇത്തരം കളികളെ ഇഷ്ടപെടാൻ തുടങ്ങിയിരിക്കുന്നു എന്നാണ് ഈ കഴിഞ്ഞ ദിവസങ്ങളിലെ വാർത്തകൾ നമ്മോട് പറയുന്നത്.
‘ജൂനിയറാ‘യത് കൊണ്ട് ബുഷിനു ഡ്രോണിനോട് ഇഷ്ടമായിരുന്നു, എന്നാൽ അതിനേക്കാൾ വലിയ ആരാധനയാണ് ഒബാമക്ക് എന്നാണ് ഇപ്പോഴത്തെ ഇടപെടലുകൾ കാണിക്കുന്നത്. 7000 ഡ്രോണുകൾ ഇപ്പോൾ അമേരിക്കക്കുണ്ട്. ഈ വർഷം 5ബില്ല്യൺ ഡോളറിന്റെ ബജറ്റാണ് ഡ്രോൺ പ്രൊജക്റ്റിനു നീക്കിവെച്ചിരിക്കുന്നത്. ജനങ്ങളുടെ കാശ് ഡിഫൻസ് ബജറ്റിലൂടെ ആയുധ കമ്പനികൾക്ക് എത്തിക്കുകയും അമേരിക്കൻ കോൺഗ്രസിനെ ധനികരാക്കുകയും ചെയ്യുന്നു. മാത്രമല്ല, ലോകപോലീസിന് എവിടെയും എപ്പോഴും ഇടപെടാൻ മാത്രം ശക്തിയാണ് ഡ്രോൺ നൽകിയിരിക്കുന്നത്. അതുകൊണ്ട് തന്നെ അഫ്ഗാനിലും പാക്കിസ്ഥാനിലും യഥേഷ്ടം ഉപയോഗപെടുത്തിയ ഏരിയൽ ഡ്രോൺ ഇപ്പോൾ ഇറാഖിലും പിന്നീട് ഈസ്റ്റ് ഏഷ്യയിൽ ഇന്ത്യോനേഷ്യയിൽ കൂടി ഉപയോഗപെടുത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇറാഖിൽ നിന്നും അമേരിക്കൻ സേന പിന്മാറിയെങ്കിലും ഓപറേഷൻ ഡെസേർട്ട് സ്റ്റോമിൽ നിന്നും അമേരിക്കൻ ഭരണകൂടത്തിന്റെ ഞരമ്പുകളിലുറഞ്ഞു കൂടിയ ലഹരിക്ക് കാരണം കടും ചുകപ്പ് നിറത്തിലുള്ള മുന്തിരിച്ചാറുകൾക്ക് പകരം കട്ടപിടിച്ച കടും രക്തമായത് കൊണ്ടാണോ ആവോ ഹൊറർ നായകന്മാരെ പോലെ യാങ്കികൾക്ക് ഇറാഖ് ഭൂമി ഇപ്പഴും ഉന്മാദമുണ്ടാക്കുന്നു. ആകാശം ആരുടേതായാലും ഇടക്ക് കഴുകന്മാർ പറന്നുകൊണ്ടിരിക്കും. അമേരിക്കൻ അതോറിറ്റി പ്രതികരിച്ചത്, ലോകത്തിന്റെ രക്ഷാപുരുഷനായി കച്ചകെട്ടിയിറങ്ങിയ തങ്ങൾക്ക് ലോകാതിരുകൾ പ്രശ്നമല്ല എന്ന നിലക്കാണ്. ആയ്കോട്ടെ, പക്ഷെ മനുഷ്യാത്മാവിനെ തിരിച്ചറിയാത്ത കമ്പ്യൂട്ടർ സ്ക്രീനുകൾക്ക് മുമ്പിലുള്ള മനുഷ്യത്വം മരിച്ചുപോയവരോട് ഒന്നുമാത്രം, ടെറൊറിസ്റ്റ് കപടന്യായങ്ങളുടെ പേരിൽ കൊന്നുകൂട്ടുന്നവരിൽ അധികവും സാധാരണക്കാരാണ്. ആയുധമില്ലാതെ, ആരോടും യുദ്ധം പ്രഖ്യാപിക്കാത്ത സാധാരണ മനുഷ്യർ എന്ത് തെറ്റു ചെയ്തു? വൃദ്ധരെയും കുട്ടികളേയും ഏത് പാപത്തിന്റെ പേരിലാണ് തുണ്ടുകളാക്കിയിടുന്നത്?
പല ടാർജറ്റുകളിൽ ആരും കാണാതെ മണിക്കൂറുകളോളം ഉദ്ദേശിച്ച ഏരിയകളിൽ പറന്നു നടക്കാൻ കഴിയും എന്നതിനാൽ ലോകത്തിന് പണിയായികൊണ്ട് ഇതിന്റെ പല വേർഷനുകളും പണിശാലകളിലാണ്. റഷ്യയും ഈ മേഖലയിൽ പണി തുടങ്ങി, ഒന്നാം ഘട്ടം പുറത്തിറങ്ങിയെങ്കിലും ഇമേജിങ്ങ് വ്യക്തമല്ലാത്തതും ഉയരങ്ങളുടെയും വേഗതയുടേയും കാര്യത്തിൽ മോശമായതിനാലും മിലിട്ടറി ഓഫീസ് അവയെ തിരസ്കരിച്ചു. അവയിൽ നിന്നും ലഭിക്കുന്ന ഇമേജുകൾ അതിപ്രധാനമാണ്, അവ നേരിട്ടിടപെട്ടു കളിക്കുന്നത് മനുഷ്യ ജീവനുംകൊണ്ടാണെന്ന സംഗതി റഷ്യക്കാർ മനസ്സിലാക്കിയിരിക്കുന്നു.
ലോക ശക്തികൾ ഓരോ പുതിയ പടക്കോപ്പുകളുമായി ലോകത്ത് വിലസികൊണ്ടിരിക്കുന്നു. ലോകം മുഴുവൻ കഴുക കണ്ണുകളോടെ ചുറ്റിപറക്കാൻ ഡ്രോണുകളുമായി അമേരിക്ക രംഗത്തിറങ്ങിയപ്പോൾ റഷ്യയും ആ വഴിക്ക്, അതിനേക്കാൾ ഉയരത്തിൽ സൂപ്പർ ലേസറുമായി ഈ അടുത്ത് രംഗത്തിറങ്ങിയിട്ടുണ്ട്. 1.5ബില്ല്യൻ ഡോളറിന്റെ ഹൈ എനർജി സൂപ്പർ ലേസറ് പ്രൊജക്ടിനു തുടക്കമിട്ടിരിക്കുന്നു. ഡ്രോണിനെ പോലെ മിലിട്ടറി ആവശ്യങ്ങൾക്കും സിവിലിയൻ ആവശ്യങ്ങളുമാണ് പറയുന്നതെങ്കിലും എവിടെയും ഉപയോഗിക്കാനാവുന്ന ശക്തമായ തെർമോ ന്യൂക് ആയുധമാണിത്. റഷ്യയുടെ പ്രധാനപെട്ട ന്യൂക്ലിയർ ലാബിൽ Research Institute of Experimental
Physics (RFNC-VNIIEF) വെച്ച് ലേസർ പരീക്ഷണങ്ങൾ കഴിഞ്ഞു. ഹൈഡ്രജൻ ബോംബുകളിലുപയോഗപെടുത്തുന്ന തരത്തിലുള്ള ഫ്യൂഷനുകളിൽ നിന്നാണ് ലേസറുകൾ സൃഷ്ടിക്കുന്നത്. അതുകൊണ്ട് തന്നെ അവയിൽ നിന്നും 2.8 മെഗജൂൾസ് എനർജ്ജി ഏത് ലക്ഷ്യത്തിലേക്കും തൊടുത്തുവിടാൻ ശക്തമാണ്.
ഏത് ടെക്നോളജിയും പ്രൊജക്റ്റ് ചെയ്യുമ്പോൾ പറയുന്നത് സിവിലിയൻ & മിലിട്ടറി ആവശ്യങ്ങൾക്ക് വേണ്ടി എന്നാണ്. ഫയർഫൈറ്ററുകളായി രംഗത്തിറങ്ങിയ ഡ്രോണ് ഇന്ന് തീ കെടുത്തുകയല്ല, തീ തുപ്പുകയാണ്. ഏത് ടെക്നോളജിയും രംഗത്തുവരാറ് അങ്ങിനെയാണ്, ജനസേവനം തലതിരിയുമ്പോൾ ലക്ഷ്യവും തലതിരിയും. ചോദിക്കാൻ ആരുമില്ലാതെ പിടഞ്ഞു വീഴാൻ ഇനിയും കൂറേ ലേബൽ ചെയ്ത പാവം വ്യാജ ടെററിസ്റ്റുകൾ..., മനുഷ്യജീവനുകൾ ഊഴവും കാത്തിരിക്കുന്നു…