Dec 28, 2012

ശിക്ഷകൾ ശിക്ഷണത്തിനാവണം


ഡൽഹിയുടെ തെരുവ് പ്രതിഷേധങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നു. ഡൽഹിയിൽ സ്ത്രീകൾക്ക് നേരിടേണ്ടിവരുന്ന വൃത്തികെട്ട അക്രമണം ഇന്നൊ ഇന്നലേയോ തുടങ്ങിയതല്ല, ഗർഭിണിയുടെ വയറിൽ നിന്നും കുഞ്ഞിനെ കുത്തിപുറത്തെടുത്ത കാപാലികൻ അഭിമാനത്തേടെ ഏറ്റുപറഞ്ഞതും നമ്മുടെ നാട്ടിലാണ്. അന്നാരും തെരുവിലിറങ്ങിയില്ല. അതിന് വർഗീയ രാഷ്ട്രീയത്തിന്റെ മാനമുണ്ടായിരുന്നു. രാഷ്ട്രീയവും ജാതിയും മതവും നോക്കാതെ അക്രമികൾ നീതിപൂർവ്വം ശിക്ഷിക്കപെടുകയാണെങ്കിൽ തീർച്ചയായും മാറ്റങ്ങളുണ്ടാവും. പക്ഷെ അധികാരവർഗങ്ങളുടെ ഇടപെടലുകളിൽ നിന്നും അത്തരമൊരു നടപടി പ്രതീക്ഷിക്കാനാവുമൊ? രാഷ്ട്രീയക്കാരും കോർപറേറ്റുകളുമാണ് ക്രിമിനലുകളെ സൃഷ്ടിക്കുന്നത്. എന്ത് തോന്ന്യവാസം ചെയ്താലും രക്ഷപെടാനും രക്ഷിക്കാനും മാർഗങ്ങളുണ്ടാവുമ്പോൾ ക്രിമിനൽ മനസ്സുകൾക്ക് ആവേശം കൂടും. കുറ്റവാളികളെ സംരക്ഷിക്കാൻ ആരുമില്ലാത്ത അവസ്ഥയുണ്ടാവുന്നത് വരെ പല തരത്തിലുള്ള കുറ്റവാളികളും കുറ്റകൃത്യങ്ങളുമുണ്ടായികൊണ്ടിരിക്കും.

ജനാതിപത്യത്തിന് ശക്തികൂട്ടാൻ വേണ്ടി ജയിലുകളിൽ നിന്ന് ലോകസഭയിലേക്കും നിയമസഭയിലേക്കും വന്നുകൊണ്ടിരിക്കുന്ന ക്രിമിനലുകളെ മാറ്റി നിർത്താൻ നിയമമുണ്ടാക്കണം.  ജയിൽ ശിക്ഷ ലഭിച്ചുകൊണ്ടിരിക്കുന്ന ക്രിമിനലുകൾ ഭരണകേന്ദ്രങ്ങളിലുണ്ടാകുമ്പോൾ നിയമവും നടപടികളും പ്രഹസനമായി തീരും. ഉദ്യോഗസ്ഥന്മാർ തെറ്റു ചെയ്താൽ കൂടുതൽ കഠിന ശിക്ഷ നൽകിയിരുന്ന കാലത്ത് ചൈനയിൽ കൈകൂലി വാങ്ങാൻ ഉദ്യോഗസ്ഥന്മാരുണ്ടായിരുന്നില്ല. ശിക്ഷയെ കുറിച്ചുള്ള ബോധമായിരുന്നു നേർവഴിക്ക് നയിച്ചിരുന്നത്. ശിക്ഷകൾ പ്രഹസനമാകുമ്പോൾ അനീതി പ്രത്യക്ഷപെടുന്നു, നീതി നടപ്പിലാക്കേണ്ടവർ പോലും അനീതി ചെയ്യുന്നത് കൂടുതലായി കാണപെടുന്നു. പട്ടാളക്കാർ ഇറങ്ങിയാൽ അവർക്ക് നിയമം വേറെയാണെന്നൊരൂ ധ്വനി വരെ സമൂഹത്തിലുണ്ട്, സത്യവുമാണ്. പട്ടാളത്തിലുള്ളവരിൽ ചിലരെങ്കിലും അതിക്രമങ്ങൾ ചെയ്യുന്നതിനിത് കാരണമാകുന്നുണ്ട്.  ഡൽഹി പീഡന വിഷയത്തിൽ തെരുവിലിറങ്ങിയ ജനങ്ങളെ കുറിച്ച് അത്ഭുതപെട്ട അരുന്ധതി റോയ് ചോദിച്ചത് സൈന്യവും പോലീസുകാരും ബലാത്സംഗം ചെയ്ത സ്ത്രീകളുടെ വിഷയത്തിൽ എത്രപേർ സമരത്തിനിറങ്ങിയിട്ടുണ്ടെന്നാണ്. ദൽഹിയിൽ പോലും ഇന്നലെ തുടങ്ങിയതല്ല സ്ത്രീകൾക്കെതിരെയുള്ള അക്രമണം, ഇപ്പോൾ ഇരയായത് സമ്പന്ന കുടുംബത്തിലെ ഉന്നതകുലജാതയായത് കൊണ്ടാണെന്നും അരുന്ധതി തുറന്നടിക്കുന്നു. അരുന്ധതിയെപോലുള്ളവർക്ക് അങ്ങിനെയൊക്കെ പറയാനുള്ള ഊർജ്ജം ലഭിച്ചിട്ടുണ്ട്, അത്തരം പ്രഖ്യാപനങ്ങൾ നടത്തിയത് സൊസൈറ്റിയിൽ അത്ര തന്നെ സ്വാധീനമില്ലാത്തവരായിരുന്നു എങ്കിൽ അതുമതിയാകുമായിരുന്നു പുലിവാല്. മനസ്സിലാക്കിയ സത്യങ്ങള് തുറന്നു പറഞ്ഞതിന്റെ പേരിൽ ശാഹിന എന്ന ലേഖിക എന്തെല്ലാം നൂലാമാലകളിൽ പെട്ടു! രാജ്യത്ത് രണ്ടു തരം നീതി രണ്ടു തരം പൌരന്മാരെ സൃഷ്ടിക്കുന്നു. അത്തരം ചില ‘മാനസ്സിക രോഗി’കളുടെ കേസുകള് ഈ അടുത്ത് നാം അറിഞ്ഞതാണ്.

സമൂഹം ഇടപെടുന്നത് രാഷ്ട്രീയവും ജാതിയും മതവും നോക്കിയാണ്, അത്തരത്തിൽ വർഗീകരിക്കപെട്ട മനസ്സുകളാണ് സമൂഹത്തിനുള്ളത്. ഡൽഹിയിലെ പാവം പെൺകുട്ടിയെ ക്രൂരമായ് പീഢിപ്പിച്ചതിനെതിരെ അനിയന്ത്രിതമായ പ്രതികരണമുണ്ടായി, ഇത്തരം പ്രതിഷേധങ്ങൾ എല്ലാ സ്ത്രീ അതിക്രമണങ്ങൾക്കുമെതിരെ ഉയരുകയാണെങ്കിൽ എന്നോ നാട് നന്നാവുമായിരുന്നു.  ബഷീർ വള്ളിക്കുന്ന് എഫ്.ബി.യിൽ സ്റ്റാറ്റസിട്ടത് പോലെ, സ്ത്രീ പീഢനങ്ങൾക്കെതിരെ പ്രതിഷേധിക്കാന്‍ ഡൽഹിയില്‍ തടിച്ചു കൂടിയ ലക്ഷക്കണക്കിന്‌ ചെറുപ്പക്കാരെങ്കിലും സ്ത്രീകളെ പീഢിപ്പിക്കാതെയിരുന്നിരുന്നെങ്കില്‍ ഡൽഹി എന്നേ നന്നായേനെ.

കുറ്റവാളികൾ ശിക്ഷിക്കപെടണമെന്നതിൽ ലോകത്ത് രണ്ടഭിപ്രായമില്ല. ശിക്ഷാവിധികളിലാണ് അഭിപ്രായ വ്യത്യാസങ്ങളുള്ളത്. ശിക്ഷ എന്ന ശിക്ഷണം ശിക്ഷിതനുമാത്രമല്ല, പൊതു സമൂഹത്തിന് ശിക്ഷാ നടപടികളെ കുറിച്ചുള്ള ബോധമുണ്ടാകാനാണ്. ചില പ്രത്യേക വിഷയങ്ങളിൽ അപരാധിയുടെ ശിക്ഷണത്തിനപ്പുറം സമൂഹത്തിന് പാഠമാകാനാണ് വധശിക്ഷകൾ നടപ്പിലാക്കുന്നത്, അത് മനുഷ്യ ജീവന്റെ പവിത്രത മാനിക്കപെടാൻ വേണ്ടിയാണ്. ഈ അടുത്ത് തൂക്കികൊന്ന കസബിന്റെ ശിക്ഷാ നടപടിയും അത്തരത്തിലുള്ളതാണ്. കസബിനെ ജയിലിലാക്കിയതിന് ശേഷം മനം മാറ്റം വന്നതൊ, തെറ്റു മനസ്സിലാക്കുകയും തെറ്റുകളിൽ പശ്ചാതാപം തോന്നിയതോ ശിക്ഷാമുറകളിൽ നിന്നും ഒഴിവാകാൻ കാരണമല്ല, കാരണം അത്തരം സന്ദർഭങ്ങളിൽ ശിക്ഷ നൽകുക വഴി ശിക്ഷണം നടപ്പിലാക്കുന്നത് ശിക്ഷിതനെ മാത്രമല്ല, സമൂഹത്തെയാണ്.  ജീവിത വസന്തമായ യുവത്വത്തിന്റെ ചോരത്തിളപ്പിൽ നിഷ്ഠൂരമായി കൊന്നൊടുക്കിയത് ഒരിക്കൽ പോലും ജീവിതത്തിൽ കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത കുറേ പാവം മനുഷ്യരെയായിരുന്നു. അതിനുള്ള തക്ക ശിക്ഷ കോടതിയിൽ നിന്നും കൊലകയറിലൂടെ കസബ് നേടിയെടുത്തപ്പോൾ അവൻ പാടികൊണ്ടിരിക്കുകയായിരുന്നു, ഹം ഛോഡ് ചലെ.. എന്നു തുടങ്ങിയ മുകേഷിന്റെ പാട്ട് ആത്മാവിൽ നിന്നുരുവിട്ട് കൊണ്ടിരുന്നത് അവനെ കുറിച്ച് ലോകം ഓർക്കരുതെന്ന് പറഞ്ഞുകൊണ്ടാണ്, ആ പാട്ടിന്റെ വരികൾ പറയുന്നതുമതാണ്. എന്നാൽ അവനു നൽകിയ ശിക്ഷ അവനെ തിരുത്താനല്ല, അത് ജീവിച്ചിരിക്കുന്ന സമൂഹത്തിന് പാഠമാകാനാണ്. അതുകൊണ്ട് തന്നെ കസബുമാർ ഓർമ്മിക്കപെടണം, എന്തിന് തൂക്കുകയറിലേറ്റി കൊന്നതെന്നും മനുഷ്യ സമൂഹം ഓർത്തുകൊണ്ടിരിക്കണം.  മനുഷ്യത്വമില്ലാത്ത അക്രമണങ്ങൾക്കൊരിക്കലും മാപ്പ് ലഭിക്കില്ലെന്നു മാത്രമല്ല നിഷ്ഠൂരമായ ശിക്ഷ ഏറ്റുവാങ്ങേണ്ടിവരുമെന്ന പാഠം തെറ്റുകളിൽ നിന്നും മനുഷ്യനെ മാറ്റി നിർത്തട്ടെ.

വധശിക്ഷ ഒഴികെയുള്ള ശിക്ഷകൾ ശിക്ഷണങ്ങളായാൽ കുറ്റവാളിയിൽ മനപരിവർത്തനം സാധ്യമാകും. അതിനുള്ള സാഹചര്യങ്ങൾ ജയിലുകളിൽ സൃഷ്ടിക്കപെടണം. എന്നാൽ നമ്മുടെ നാട് അടക്കം പല രാഷ്ട്രങ്ങളിലും ജയിലുകളാണ് കുറ്റവാളിയെ സൃഷ്ടിക്കുന്നത്, മനപരിവർത്തനമുണ്ടാകുന്നത് കുറ്റവാസനയിലേക്കാണ്, ജയിലുകളും ജയിൽ വാർഡന്മാരും ഇടപെടുന്ന രീതിയും സൃഷ്ടിക്കുന്ന പരിതസ്ഥിതി അത്തരത്തിലാണ്. അതിൽ നിന്നും മാറ്റമുണ്ടാവണമെങ്കിൽ ഉദ്യോഗസ്ഥന്മാരുടെ മനസ്സ് മാറുകയും കുറ്റവാളികൾക്ക് വായിക്കാനും അറിവ് നേടാനും അവസരങ്ങളും ജോലിചെയ്ത് നല്ല മാർഗത്തിലൂടെ സമ്പാദിച്ചു ശീലിക്കാനും ഉതകുന്നതായിരിക്കണം. അങ്ങിനെ അവസരങ്ങളെ പോസിറ്റീവായി ഉപയോഗപെടുത്താൻ ട്രൈനിങ്ങുകളും കൌൺസിലിങ്ങുകളും ഉണ്ടെങ്കിൽ വലിയ മാറ്റങ്ങളുണ്ടാവും. ജയിലുകളിലുള്ളവരെ അദ്ധ്വോന ശീലരാക്കുന്നതിനും അതുവഴി സമ്പാദന ശീലമുണ്ടാക്കുന്നതിനും വേണ്ടി പല തരത്തിലുള്ള തൊഴിലുകൾ നൽകുന്നുണ്ട്. അത് ദുർവിനിയോഗം ചെയ്യപെടാനും പാടില്ല.

അമേരിക്ക ശീതയുദ്ധത്തിനുവേണ്ടി നിർമ്മിച്ച ആയുധപുരകൾ പിന്നീട് പ്രൈവറ്റ് ജയിലുകളായി മാറിയതിനു പിന്നിൽ കോർപറേറ്റ് കമ്പനികളും അവരെ നയിക്കുന്ന അധികാരവർഗങ്ങളുമായിരുന്നു. പൌരന്മാരെ തൊലിയുടെ നിറം നോക്കി അകാരണമായി അക്രമിക്കുകയും കുറ്റങ്ങൾ ചാർത്തി ജയിലിലടക്കുകയും ചെയ്യാൻ പ്രൈവറ്റ് ജയിലുകൾക്ക് വേണ്ടി നിശ്ചയിച്ചിട്ടുള്ള ഉദ്ദ്യേഗസ്ഥന്മാർക്ക് അനുമതിയുണ്ടായിരുന്നു. വഴിയിൽ കണ്ടവരിലെല്ലാം അകാരണമായി കേസ് ചാർജ്ജ് ചെയ്തുകൊണ്ട് പ്രൈവറ്റ് ജയിലുകൾ നിറക്കുകയും വളരെ കുറഞ്ഞ പ്രതിഫലത്തിൽ അവരെ ജോലി ചെയ്യിപ്പിക്കുക എന്ന തന്ത്രം നടപ്പിലാക്കുകയും ചെയ്തു. ജയിലിന് പുറത്ത് ഡോളറുകൾ മണിക്കൂറിന് നൽകണമെങ്കിൽ ജയിലിനുള്ളിലുള്ളവർക്ക് അതിന്റെ പത്തിലൊന്ന് പോലും നൽകേണ്ടതില്ലായിരുന്നു. പ്രൈവറ്റ് ജയിലുകൾ വഴി കോർപ്പറേറ്റ് കമ്പനികൾ പല പ്രോഡക്റ്റുകളും നിർമ്മിച്ചു ലോകത്ത് വിതരണം ചെയ്തു വമ്പിച്ച ലാഭമുണ്ടാക്കി. ഭരണകൂടത്തിന്റെ ലക്ഷ്യം മാറുമ്പോൾ ജയിലുകൾ ചൂഷണത്തിന്റെതായ് മാറുന്നു.

ശീതയുദ്ധത്തിനു ശേഷമാണ് സ്വന്തം ജനങ്ങളെ പോലും അകാരണമായി കൊള്ളയടിക്കുന്ന സംസ്കാരം അമേരിക്കൻ ഭരണകൂടത്തിനുണ്ടായത്. മുമ്പ് വർണ്ണവിവേചനം ഉണ്ടായിരുന്ന കാലത്തും അക്രമങ്ങളും അനീതികളും ഉണ്ടായിരുന്നെങ്കിലും ചൂണത്തിന്റെ കോർപറേറ്റ് ചിന്തകൾ ഭരണകൂടത്തെ ഭരിച്ചിരുന്നില്ല. മാൽകം എക്സിനെ പോലുള്ള കരുത്തുറ്റ സമുദായ പോരാളികൾ സൃഷ്ടിക്കപെട്ടത് ജയിലുകളിൽ നിന്നായിരുന്നു. ചെറുപ്പത്തിൽ തന്നെ വർണ്ണ വെറിയന്മാരുടെ കൈകളാൽ പിതാവ് നഷ്ടപെട്ട മാൽകം പിന്നീട് ന്യൂയോർക്കിന്റെ തെരുവ് പുത്രനായി അക്രമിയായിട്ടാണ് വളരുന്നത്. അതിനുശേഷം കുറ്റവാളിയായി ശിക്ഷിക്കപെട്ട് ജയിലിലെ ലൈബ്രറിയിലൂടെ അറിവിന്റെ ലോകത്തേക്ക് എത്തപെടുകയായിരുന്നു. വർഷങ്ങൾ കഴിഞ്ഞു, ജയിൽ മോചനത്തിനുവേണ്ടി സഹോദരി മാൽകമിനെ സമീപിച്ചപ്പോൾ പുറത്തുവരാൻ തയ്യാറായില്ലെന്നും കൂടുതൽ വലിയ ലൈബ്രറി സൌകര്യമുള്ള ജയിലിലേക്ക് മാറ്റുന്നതിനു വേണ്ടി ശ്രമിക്കണമെന്നാണ് ആവശ്യപെട്ടത്. അങ്ങിനെ അറിവിന്റെ, വായനയുടെ ലോകത്ത് എത്തുകയും അടിച്ചമർത്തപെട്ട സമൂഹത്തെ ഉന്നതിയിലേക്ക് നയിക്കാൻ മാത്രം കരുത്താർജ്ജിക്കുകയും ചെയ്തു. പ്രസിഡന്റ് കെന്നഡി കൊല്ലപെട്ടപ്പോൾ ന്യൂയോർക്ക് ടൈംസിൽ മാൽകമിന്റെ വാക്കുകളായിരുന്നു ഏറെ ചർച്ചചെയ്യപെട്ടത്.

വായനലൂടെ, വിദ്യാഭ്യാസത്തിലൂടെ കരുത്താർജ്ജിക്കുകയും പൊതുസമൂഹത്തിന്റെ മുന്നിലേക്ക് വന്നെത്തുവാനും ലൈബ്രറി അടക്കമുള്ള വിദ്യഭ്യാസ സംവിധാനങ്ങളൊരുക്കുകയും നല്ല അറിവുകളുടെ ലോകത്തേക്ക് കുറ്റവാളികളെ തിരിച്ചുവിട്ടുകൊണ്ട് പോസിറ്റീവായ് ഉപയോഗപെടുത്താനുമായാൽ ജയിലുകളിൽ നിന്നും പുറത്തുവരുന്നതിൽ നല്ലൊരൂ ഭാഗം സാമൂഹിക ബോധമുള്ളവരായിരിക്കും. ജയിലുകൾ സാമൂഹിക പരിവർത്തന പരിഷ്കരണ കേന്ദ്രങ്ങളുമാവും. നല്ല അറിവുകൾ നേടിയവരിൽനിന്നെ നല്ല പ്രവർത്തികളുണ്ടാവൂ.

മലയാളം ന്യൂസ് ഈ ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.



Related Posts Plugin for WordPress, Blogger...