Aug 20, 2013

ഉർദുഗാന് നേടാനായതും മുർസിക്ക് നേടാനാവാത്തതുംഇറാനികൾ 1981ൽ ഹജ്ജിനു വന്ന സന്ദർഭത്തിൽ മുസ്ലിം ലോകത്തിന്റെ ശത്രുക്കൾക്കെതിരെ പ്രകടനം നടത്താൻ പെർമിറ്റ് ചോദിച്ചപ്പോൾ സൌദി അതോറിറ്റി അനുവാദം നൽകിയിരുന്നു. ഹറമിനെ അതി പവിത്രതയോടെ കാണുന്ന ഏതൊരൂ വിഭാഗത്തിന്റെയും നിഷിദ്ധമല്ലാത്ത ചെയ്തികൾക്ക് കാർക്കശ്യമായ നിലപാട് അതോറിറ്റിയിൽ നിന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് നാല് ഇമാമീങ്ങളിൽ നിന്നും ഒന്നിലേക്ക് ഏകീകരിക്കപെട്ടപ്പോൾ ചില കർമ്മങ്ങളിൽ വ്യത്യസ്ത ഇമാമുമാരുടെ പാത സ്വീകരിച്ചിരുന്നവരുടെ കർമ്മങ്ങളെ നില നിർത്തുന്ന രീതിയിൽ നയ നിലപാടുകൾ സ്വീകരിച്ചത്. അതിന്റെ ശരിതെറ്റുകളിലേക്ക് പോകുന്നില്ല, മറിച്ച് അത്രമാത്രം വിശാല മനസ്കത കാണിച്ചത് പോലെയാണ് ഹറമിലേക്ക് വന്ന ഇറാനിയൻ ഹാജിമാർക്ക് പ്രകടനം നടത്താനും പെർമിറ്റ് നൽകിയത്. എന്നാൽ അതീവ രഹസ്യമായി ഇറാൻ രാഷ്ട്രീയ ചിന്തകൾ പേറുന്ന നോട്ടീസുകളും പ്രകടനത്തിൽ വിതരണം ചെയ്യപെട്ടു, ഇറാന്റെ രാഷ്ട്രീയ നിലപാടുകൾക്ക് പിന്തുണ നേടാൻ ഹജ്ജ് കർമ്മങ്ങളിൽ ഉപയോഗപെടുത്തണമെന്ന ആയത്തുള്ള ഖുമൈനിയുടെ ആഹ്വോനമനുസരിച്ചായിരുന്നു നോട്ടീസും പ്രകടങ്ങളുമെല്ലാം പ്ലാൻ ചെയ്തത്. യാതൊരൂ നിയന്ത്രണങ്ങളുമില്ലാതെ ലക്ഷകണക്കിന് ലോക മുസ്ലിംങ്ങൾ സ്നേഹത്തോടെയും സാഹോദര്യത്തോടെയും ഒത്തുചേരുന്ന ഹജ്ജ് കർമ്മം രാഷ്രീയ സ്വാധീനമുണ്ടാക്കാന് ഏറെ പറ്റിയ സ്ഥലമെന്ന ചിന്തയിലാണ് ഇറാൻ ഭരണകൂടം അത്തരം പദ്ധതികൾ രൂപപെടുത്തിയത്. കൂടാതെ ഇറാനും ഇറാഖും തമ്മിൽ ശക്തമായ യുദ്ധത്തിലാവുകയും യുദ്ധത്തിൽ സൌദി അറേബ്യ ഇറാഖ് പക്ഷത്തെ സാമ്പത്തികമായി സഹായിക്കുകയും ചെയ്ത സന്ദർഭത്തിൽ സൌദിയുടെ ശക്തിയെ ക്ഷയിപ്പിക്കുന്നതിനും ഇറാഖിനു നൽകികൊണ്ടിരിക്കുന്ന സാമ്പത്തിക സഹായത്തിന് തടസമുണ്ടാക്കുന്നതിനും പുറമെ പരിശുദ്ധ ഭവനങ്ങളുടെ അധികാരം ശിയാക്കളിൽ നിക്ഷിപ്തമാവണമെന്ന അടങ്ങാത്ത ആഗ്രഹവുമായാണ് 1987ൽ പരിശുദ്ധ ഹറം പിടിച്ചടക്കാൻ ഖുമൈനി പദ്ധതി തയ്യാറാക്കിയത്.

1987 ജൂലായ് മാസത്തിന്റെ ചൂടിലായിരുന്നു പരിശുദ്ധ ഹജ്ജ് കർമ്മം. പരിശുദ്ധ ഹറമിലേക്ക് വിശ്വാസികൾക്ക് സൌകര്യങ്ങളൊരുക്കി കൊണ്ട് ഹറമിനകത്ത് സേവന കർമ്മ നിരതരായി സെക്യൂരിറ്റികൾ നിശ്ചയിക്കപെട്ട ജോലികളിൽ വ്യാപൃതരായിരുന്നു. ഹറമിനു പരിസരത്ത് മരണപെട്ടവരുടെ ശരീരം നമസ്കാരത്തിന് ഹറമിനുള്ളിലേക്ക് കൊണ്ടുവന്നു മാരണാനന്തര നമസ്കാരത്തിനു ശേഷമാണ് ശ്മശാനത്തിലേക്ക് കൊണ്ടുപോവുക. ലക്ഷകണക്കിനാളുകൾ സംഘമിക്കുന്ന ഹറമിൽ എല്ലാ നമസ്കാര വേളകളിലും മരണപെട്ടവരും അവർക്ക് വേണ്ടി നമസ്കരിക്കുന്നതും സാധാരണമാണ്. ഈ ഒരു സാഹചര്യം മുതലാക്കി 1987ൽ മൃതശരീരങ്ങൾ കൊണ്ടുവരുന്ന മഞ്ചലിൽ നന്നായി കവർ ചെയ്തുകൊണ്ട് മൃതശരീരങ്ങൾക്ക് പകരം ആയുധങ്ങളുമായാണ് ഒരു കൂട്ടം ആളുകൾ ഹറമിനുള്ളിലേക്ക് കയറിയത്. പ്രീ പ്ലാൻ ചെയ്ത പദ്ധതിയുടെ ഭാഗമായി ഹറമിനുള്ളിൽ വെച്ച് ആ ആയുധങ്ങൾ ഗ്രൂപ്പിൽ പെട്ടവർക്ക് വിതരണം ചെയ്യുകയും മൂടിപുതച്ച വസ്ത്രങ്ങൾക്കുള്ളിൽ ആയുധങ്ങളുമായി അവർ നിശ്ചയിക്കപെട്ട സ്ഥലങ്ങളിൽ നിലയുറപ്പിക്കുകയും ചെയ്തു. ഹറമിനുള്ളിൽ സേവനം നടത്തികൊണ്ടിരിക്കുന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥർ മനുഷ്യ സ്നേഹത്തിന്റെ പ്രതീകങ്ങളാണ് എന്ന് ഹറമിൽ വന്ന ഏതൊരാൾക്കും അനുഭവിച്ചറിയുന്നതാണ്, കർമ്മനിരതരായി ജനങ്ങൾകൊപ്പം നിലകൊണ്ടിരുന്ന സെക്യൂരിറ്റിക്കാർ ഓരോരുത്തരായി മരിച്ചു വീഴുന്നതാണ് പിന്നെ കണ്ടത്. പവിത്രത കൊണ്ട് രക്തം ചിന്താൻ പാടില്ലാത്ത പുണ്യസ്ഥലത്ത് ഹറം സേവകരുടെ ചോര ചിന്തി. ഹാജിമാരുടെ കൂടെ സൌദി ഭരണകൂടം നിർത്തിയ വളണ്ടിയർമാർ ഓരോന്നായ് അക്രമികളുടെ ഇരകളായ് കൊണ്ടിരുന്നു. പുറത്തുനിന്നും അക്രമികളെ നേരിടാൻ വന്നവരും വീണുടഞ്ഞു. മുസ്ലിം ലോകത്തെ എല്ലാവരാലും പവിത്രമായി കരുതുന്ന ഹറമിൽ വളരെ വ്യവസ്ഥാപിതവും ആസൂത്രിതവുമായ അക്രമണം തീരെ പ്രതീക്ഷിക്കാത്തതിനാൽ പെട്ടെന്നൊരു പ്രതിരോധത്തിന് സാധിച്ചതുമില്ല. അവസാനം ഭരണകൂടം പരിശുദ്ധ ഹറമിലേക്ക് ടാങ്കറുകൾ കയറ്റിയാണ് അക്രമികളെ നേരിട്ടത്.

പരിശുദ്ധ ഹറം അക്രമികളിൽ നിന്നും മോചിപ്പിക്കപെട്ടപ്പോൾ ലോക മുസ്ലിംങ്ങൾക്കെല്ലാം സമാധാനമായി. എന്നാൽ ഇറാനിലെ ശിയാ വിപ്ലവത്തിൽ ആകൃഷ്ടരായ ഇസ്ലാമിസ്റ്റുകളിൽ അതി തീവ്ര നിലപാട് സ്വീകരിച്ച മൌദൂദി സാഹിബിന്റെ അനുയായികൾക്ക് ഏറെ ദുഖമുണ്ടാക്കിയത് സൌദി ഭരണകൂടം ഹറമിൽ ടാങ്കറുകളുമായി അക്രമികളെ നേരിട്ടതിലായിരുന്നു. ഒറ്റൊയൊറ്റയായി ചോര ചിന്തി മരിച്ചുവീണ ഹജ്ജ് വളണ്ടിയർമാരായ സെക്യൂരിറ്റിയെ കുറിച്ചൊ ഹറമിന്റെ നിയന്ത്രണത്തെ കുറിച്ചൊ അവർക്ക് അലോചനയുണ്ടായില്ല, ടാങ്കറുകൾ കയറി അക്രമികൾ കൊല്ലപെട്ടതിലാണ് അവർക്ക് വ്യസനമുണ്ടായത്. അത്തരത്തിലായിരുന്നു ആയത്തുള്ള ഖുമൈനിയിൽ നിന്നും മൌദൂദിയിലേക്ക് കടന്നുവന്ന വിപ്ലവ ചിന്ത. ആ വിഷയത്തിലേക്കിപ്പോൾ പോകുന്നില്ല.

പരിശുദ്ധ ഹറമുകളും മുസ്ലിം ലോകത്തേയും തങ്ങളുടെ ലക്ഷ്യത്തിനു കീഴിലാക്കുക എന്നത് ശിയാ‌ വിപ്ലവത്തിനു ശേഷം രൂപം കൊണ്ട ഇറാൻ പദ്ധതിയാണ്. അതുമനസ്സിലാക്കിയും അത്തരത്തിലുള്ള ചിന്തകൾ വേരോടാതിരിക്കാനുമാണ് സൌദി ഭരണകൂടം പ്രയത്നിക്കുന്നതും. അതിന്റെ അലയൊലികളാണ് മിഡ്‌ലീസ്റ്റിൽ പല കാലങ്ങളായി നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇറാഖിലായാലും ബഹ്‌റൈനിലായാലും സിറിയയിലായാലും പലസ്തീനിലായാലും ഈജിപ്തിലായാലും എല്ലാം അതിന്റെ വ്യത്യസ്ത പോരാട്ടങ്ങളാണ്.

ബഹ്‌റൈനിൽ ഇപ്പോഴുള്ള ഭരണകൂടം മാറി പുതിയ ഇറാൻ അനുകൂല ഭരണകൂടം വന്നാൽ എന്തായിരിക്കും സ്ഥിതി? സൌദിയിൽ നിന്നും ലഭിക്കുന്ന ഊർജ്ജവും സപോർട്ടും ഇല്ലാതാവുകയാണെങ്കിൽ സാമ്പത്തിക പ്രശ്നങ്ങൾ തലപൊക്കി ആ രാജ്യം തകർക്കപെടുകയും അശാന്തിയുടെ ഭൂമിയായ് മാറുകയും ചെയ്യുമെന്നതിൽ രണ്ടഭിപ്രായമുണ്ടാവില്ല. സൌദിയോട് ചേർന്നു കിടക്കുന്ന ബഹ്‌റൈനെ സമ്പത്തികമായും മറ്റു നിലയിലും സഹായിക്കാൻ ഇറാന് പരിമിതികളുണ്ടെങ്കിലും മേഖലയിലെ താല്പര്യങ്ങൾ കൊണ്ടാണ് അവിടെ പ്രശ്നങ്ങളുണ്ടാക്കാൻ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്.  ശിയാ വിഭാഗം വളരെ ന്യൂനപക്ഷമായ സൌദിയിൽ പോലും അവരെ ഉപയോഗപെടുത്തി ഇറാൻ കളിച്ചുകൊണ്ടിരിക്കുന്നത് പ്രശ്നങ്ങളുണ്ടാക്കി അസ്ഥിരതയും അസമാധാനവും ഉളവാക്കുക വഴി തങ്ങൾക്കനുകൂലമായ രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കാനാണ്.

മിഡീസ്റ്റിൽ ആധിപത്യമുറപ്പിക്കുന്നതിന് എന്ത് കുതന്ത്രത്തിനും ഇറാൻ തയ്യാറാണ്. അതിനെ മറി കടക്കാൻ, ഇറാഖിൽ നഷ്ടപെട്ടത് സിറിയയിൽ നേടുക വഴി മേഖലയിൽ ആധിപത്യം സ്ഥാപിക്കാൻ രാഷ്ട്രങ്ങൾ പരിശ്രമിക്കുന്നതിൽ രാഷ്ട്രീയവും മതപരവുമായ വേർത്തിരിവുണ്ട്. ഇറാഖിൽ ഭൂരിപക്ഷമെന്ന കഷായ കണക്കിലാണ് ഇറാൻ അനുകൂല ശിയാക്കളിലേക്ക് അധികാരം വന്നെത്തിയത്. ജനാധിപത്യം എന്നത് രാഷ്ട്രീയ സമവാക്യങ്ങൾക്കനുസരിച്ചും കൈയ്യൂക്കിനനുസരിച്ചുമാണ്. അതുകൊണ്ടാണല്ലൊ ഹു‌സ്നി മുബാറക്കിന് 30 വർഷം അധികാരകസേര ലഭിച്ചത്. അതുകൊണ്ട് തന്നെ ജനാധിപത്യം ആവശ്യത്തിനനുസരിച്ച് വ്യത്യസ്ത മേഖലയിൽ വ്യത്യസ്ത രീതിയിൽ നടപ്പിലാക്കികൊണ്ടിരിക്കുന്നത്. വളരെ ന്യൂനപക്ഷമായ ബഷാറിന് സിറിയയിൽ ഭൂരിപക്ഷ ജനങ്ങളെ അടിച്ചമർത്തികൊണ്ട് അധികാരത്തിലിരിക്കാൻ ഒത്താശകൊടുക്കുന്ന ഇറാനെതിരെ ശബ്ദിക്കാൻ എത്ര ഇസ്ലാമിസ്റ്റുകൾ തയ്യാറായിട്ടുണ്ടാവും? എന്നാൽ ഈജിപ്തിന്റെ വിഷയത്തിൽ സൌദി അറേബ്യയെ പരിഹസിക്കാൻ നൂറ് നാവുണ്ട്!

ഈജിപ്തിൽ ഹുസ്നി മുബാറക് മാറിയപ്പോഴും തിരഞ്ഞെടുപ്പ് കഴിഞ്ഞു മുർസിയുടെ നേതൃത്വത്തിൽ ഇ‌ഖ്‌വാനികൾ അധികാരത്തിൽ എത്തിയപ്പോഴും ഒന്നിലും ഇടപെടാതെ സൌദി അറേബ്യ മാറ്റങ്ങളെ സശ്രദ്ധം വീക്ഷിക്കുകയായിരുന്നു. സലഫി പക്ഷമായ അന്നൂറ് പാർട്ടി ഭരണത്തിൽ പങ്കാളിയായതും പ്രതീക്ഷയോടെ നോക്കികണ്ടത്. എന്നാൽ സൌദിയുമായി ബന്ധം സലഫി സംഘടനകൾക്ക് സ്വാധീനവും ശക്തിയും കൂട്ടുമെന്ന് ഭയന്നൊ, ഭരണത്തിൽ പങ്കാളികളായ സലഫികളെ മാനസ്സികമായി അകറ്റിനിർത്തുന്നതിനോ വേണ്ടി സലഫികളോട് എന്നും ശത്രുതാപരമായ സമീപനം സ്വീകരിക്കുന്ന ഇറാനുമായി ഇഖ്‌വാൻ അടുത്തു, അതല്ലെങ്കിൽ ഇഖ്‌വാനിന്റെ രാഷ്ട്രീയ കളികളുടെ ഭാഗമായി ശിയാ വിപ്ലവങ്ങളേ അനുഭാവപൂർവ്വം കാണുന്ന ഇസ്ലാമിസ്റ്റുകൾ ഇറാനോട് ചങ്ങാത്തം കൂടാനാണ് കൂടുതൽ താല്പര്യം കാണിച്ചത്. മുർസിയുടെ വലം കൈ ഹിസ്ബുള്ളക്കും ഇറാനും നൽകിയപ്പോൾ ഇടതു കൈ തട്ടിമാറ്റി സൌദി മുഖം തിരിച്ചു. മിഡ്‌ലീസ്റ്റിലെ രാഷ്ട്രീയ അജണ്ടകൾ അറിയാത്തവരല്ല മുർസിയും ഈജിപ്തിലെ ഇഖ്‌വാനികളും, എന്നീട്ടും ബന്ധങ്ങളുടെ മുൻ‌ഗണന മാറ്റിമറിച്ചു! അത് വലിയ വീഴ്ച്ച തന്നെയായിരുന്നു. രാഷ്ട്രീയമായും ഭൂമിശാസ്ത്രപരമായും മിഡ്‌ലീസ്റ്റിലെ പ്രധാന ഇടമാണ് ഈജിപ്ത്. മേഖലയിൽ ഇറാൻ അനുകൂല രാഷ്ട്രം രൂപീകൃതമാവുന്നതും അതി ഗൌരവത്തോടെ കാണേണ്ടതാണ്. അതുകൊണ്ട് തന്നെ സൌദി അറേബ്യയും അനുകൂല രാജ്യങ്ങളും ഈജിപ്തിനു നൽകികൊണ്ടിരുന്ന സാമ്പത്തിക സഹായങ്ങൾ നിർത്തിവെച്ചതും. എന്നീട്ടും പാഠമുൾകൊള്ളാൻ മുർ‌സിയും ഇഖ്‌വാനും ശ്രമിച്ചില്ല. ഈജിപ്ത് ദാരിദ്യത്തിലേക്ക് കൂപ്പ് കുത്തി. ജനങ്ങൾക്ക് വേണ്ട അടിസ്ഥാന സൌകര്യങ്ങളൊരുക്കാൻ മുർസിക്കും കൂട്ടർക്കും കഴിയാതെയായി. പാചകവാതകങ്ങൾക്കും ഗ്യാസൊലിനും കറന്റിനും നിയന്ത്രണങ്ങൾ വന്നു, പെട്രോൾ സ്റ്റേഷനിൽ ആറു മണിക്കൂറോളം കാത്തിരിക്കേണ്ടിവന്നു, പാചകവാതകത്തിനും തഥൈവ. വൈദ്യുതിക്ക് പോലും മണിക്കൂറുകളോളം നിയന്ത്രണങ്ങൾ വന്നതോടെ മുർസിക്കെതിരെ ജനം പുറത്തിറങ്ങി.

പൊതു ജനത്തിന് വേണ്ടിയിരുന്ന അടിസ്ഥാന സൌകര്യങ്ങൾ ലഭിച്ചില്ലെങ്കിൽ ആര് അടങ്ങിയിരിക്കും? മില്ല്യൺ കണക്കിന് ജനങ്ങൾ മുർസിക്കെതിരെ തിരിയുകയും അവസാനം സൈനിക ഇടപെടലിലൂടെ അട്ടിമറിക്കപെടുകയും ചെയ്തു. ഭരണമാറ്റം കഴിഞ്ഞു രണ്ടു ദിവസങ്ങൾക്കകം ബില്ല്യൺ കണക്കിന് സാമ്പത്തിക സഹായ‍മാണ് സൌദിയും യു.എ.ഇ.യും കൂടി നൽകിയത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

സൌദി അറേബ്യയെ പരോക്ഷമായി വിമർശിച്ചുകൊണ്ട് രംഗത്തിറങ്ങുന്ന ഇസ്ലാമിസ്റ്റുകൾ തുർക്കിയുടെ വിഷയത്തിലേക്ക് വരില്ല. ഉർദുഗാനെ സപോർട്ട് ചെയ്യുന്ന സൌദി അറേബ്യയെ പോലുള്ള രാജ്യങ്ങൾ എന്തുകൊണ്ട് മുർസിയെ സപോർട്ട് ചെയ്തില്ല എന്നതിന് ന്യായീകരണം കണ്ടെത്താൻ ശ്രമിക്കുകയുമില്ല. രക്തം വീഴുന്നതിൽ മാത്രമാണ് അവരുടെ വിപ്ലവ ചിന്ത, ചോര ചിന്തുമ്പോഴും ജീവൻ നഷ്ടപെട്ട് മനുഷ്യർ വീണടഞ്ഞുതീരുമ്പോഴും ഉയർന്നു വരുന്ന വിപ്ലവ ചിന്തക്കാണ് ഇസ്ലാമിറ്റുകളിൽ പ്രസക്തി.

ഉർദുഗാന്റെ നിലപാടുകളും രാഷ്ട്രീയ പോളിസികളും ഇഖ്‌വാനിൽ നിന്നും എത്ര ദൂരത്തായിരുന്നു? ഈജിപ്തിനെ പോലെ, അതല്ലെങ്കിൽ അതിനേക്കാൾ ശക്തരായ അൾട്ര സെക്യൂലറുകളേയും സൈനിക ഭരണദല്ലാളുമാരെയും നിലക്ക് നിർത്തി ഉർദുഗാൻ വിജയം നേടാനായതിനു പുറകിൽ മിഡ്‌ലീസ്റ്റിലെ മതപരമവും രാഷ്ട്രീയവുമായ ഇടപെടലുകളുടെ നയപ്രഖ്യാപനമുണ്ടായിരുന്നു, അവിടെയാണ് മുർസിക്കും ഇഖ്‌വാനും തെറ്റിയത്, അല്ല പടുവിഡ്ഡികളായത് എന്ന് പറയുന്നതാവു ശരി. അടിസ്ഥാനപരമായി ഈജിപ്ത് അറബ് രാജ്യമാണ്, അവരുടെ അയല്പക്കമാണ്, അവർക്ക് ബന്ധമുണ്ടാവേണ്ടിയിരുന്നതും സാമ്പത്തിക ശക്തികളായ അറബ് രാജ്യങ്ങളോടായിരുന്നു, ഏറ്റവും മിനിമം തങ്ങളുടെ അധികാര കസേര ഉറപ്പിക്കുന്നത് വരെയെങ്കിലും.

വിപ്ലവ ചിന്തകൾകൊണ്ട് അലമുറയിട്ട് ആർത്തിരമ്പാനും മുഷ്ടിയുരുട്ടി ചുറ്റി ആകാശത്തെ ഇടിച്ചുവീഴ്ത്താനുമൊക്കെ ശ്രമിക്കാം, ജനങ്ങളുടെ അരചാൺ വയറിനത് പോര. പട്ടിണി നിഷേധിയാക്കുമെന്ന് പ്രാമാണിക വാക്ക് പുലർന്നതാണ് ഈജിപ്തിൽ നാം കണ്ടത്.

അടിതെറ്റിവീണ ഇഖ്‌വാൻ കണ്ണുമിഴിച്ചു നോക്കുകയാണ്, ഹുസിനി മുബാറക്കിന്റെ കാലത്ത് സ്ഥാപിക്കപെട്ട ഉദ്യോഗസ്ഥ വിഭാഗങ്ങളിൽ കാരണങ്ങൾ പരതുകയാണിപ്പോൾ.. ശരിയായിരിക്കാം, അവരാരും മുർസിക്കെതിരെ അടങ്ങിയിരിക്കുന്നവരല്ല.  അവരെയെല്ലാം ഒതുക്കാമായിരുന്നു, അതിന് ആദ്യവും അവസാനവുമായ് വേണ്ടത് സാമ്പത്തിക ഭദ്രതയാണ്. അവിടെയാണ് മുർസി പരാജയപെട്ടത്, ഒറ്റയടിക്ക് മാറ്റി എല്ലാം മാറ്റിമറിക്കാമെന്ന് മൂഢവിശ്വാസിയായി മുർസി, അതല്ലെങ്കിൽ അധികാരത്തിന്റെ കടിഞ്ഞാൺ ലഭിച്ചാൽ എല്ലാം ഭദ്രമായി എന്നു വിശ്വസിച്ചു. ഉർദുഗാനിൽ നിന്നും മുർസിയും കൂട്ടരും ഏറെ പഠിക്കാനുണ്ട്. പക്ഷെ ഇനിയതിന് എത്രകാലം?, എത്ര ജീവനുകൾ മിസ്‌റിന്റെ മണ്ണിലമരണം, എത്ര ചോരചാലുകൾ നൈൽ നദീ തീരത്ത് ഒഴുകണം! മിസ്‌റികൾക്ക് സാമാധാനവും ശാന്തിയുമുണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ..
Related Posts Plugin for WordPress, Blogger...