മിഡിലീസ്റ്റിൻ്റെ പുരാതനവും ആധുനികവുമായ ചരിത്രത്തിൽ പ്രധാന പങ്കുവഹിച്ചിട്ടുള്ള ഒരു ചെറിയ ഭൂപ്രദേശമാണ് ഫലസ്തീൻ. പ്രധാന സെമിറ്റിക് മതങ്ങൾ പ്രാധാന്യം നൽകുന്നതിനാലും ആഫ്രിക്കയ്ക്കും ഏഷ്യയ്ക്കും ഇടയിലുള്ള വിലയേറിയ ഭൂമിശാസ്ത്രപരമായ ക്രോസ്റോഡിൽ സ്ഥിതി ചെയ്യുന്നതിനാലും പലസ്തീനിൻ്റെ ചരിത്രം തുടരെ തുടരെ രാഷ്ട്രീയ സംഘർഷങ്ങളാലും അക്രമാസക്തമായ ഭൂമി പിടിച്ചെടുക്കലുകളാലും അടയാളപ്പെട്ടതാണ്
ലോകത്ത് ഫലസ്തീനെ കുറിച്ച് അറിയാത്തവരുണ്ടാകില്ല, സയണിസ്റ്റ് ഭീകരരുടെ ഭീകരമായ പൊട്ടിത്തെറികൾക്കിടയിൽ പലസ്തീനികളുടെ ചിന്തിയ രക്തം, ചിന്നിചിതറിയ ശരീരഭാഗങ്ങൾ, നിലവിളികൾ, കണ്ണുനീർ എന്നിവ വർഷങ്ങളായി ലോകം നിസ്സഹരായി കണ്ടുകൊണ്ടിരിക്കുന്നു, അല്ല, അവഗണിച്ചുകൊണ്ടിരിക്കുന്നു. ഒലിച്ചിറങ്ങിയ രക്തവും ചിന്നിചിതറിയ ശരീരവും മനുഷ്യരുടേതാണെന്ന് അറിയാത്തതിനാലല്ല, നിലവിളികളുടെ ഭാഷ മനസ്സിലാകത്തത് കൊണ്ടല്ല, കൊലയാളി ഭീകരൻ പാശ്ചാത്യർ പാലൂട്ടി വളർത്തിയവനാണ്, ആയതിനാൽ മൗനികളാകുന്നതും പ്രശ്നപരിഹാരങ്ങൾക്ക് ആഖ്യാനങ്ങളും വ്യാഖ്യാനങ്ങളും ചർച്ചകളുമായ് ലക്ഷ്യമില്ലാതെ അവശേഷിപ്പിക്കുന്നതും.
ഫലസ്തീനികളിൽ നിന്നുയരുന്ന നിലവിളികൾക്ക് ഒരു പരിഭാഷ ആവശ്യമില്ല. ഒന്നിനുപുറകെ ഒന്നായി വേട്ടയാടപ്പെടുമ്പോൾ ദുരന്തത്തിൻ്റെ തീവ്രത ഒരു വിഷ്വലായി തുടരെ തുടരെ നുമുക്ക് മുന്നിലെ സ്ക്രീനിൽ മാറിമറിയുമ്പോൾ മനസ്സിനത് ഒരു സാധാരണ പ്രതിഭാസമായ് മാത്രം അവശേഷിക്കുന്നു. ചില ലോകരാഷ്ട്രങ്ങളിൽ നിന്നുയരുന്ന ചിതറിയ ദുർബലമായ ശബ്ദങ്ങൾ ഒഴിച്ച് നിർത്തിയാൽ ഒരു തരത്തിലും സംരക്ഷണമില്ലാത്ത സമൂഹം, മിസൈൽ സ്ഫോടനങ്ങൾ നിശബ്ദമാകുമ്പോൾ ആംബുലൻസുകൾ അലമുറയിടുന്നു, മരിച്ചവരും ജീവിച്ചിരിക്കുന്നവരും തമ്മിലുള്ള ഒരേയൊരു വ്യത്യാസം അവരിലെ സമയ സൂചിക മാത്രമാണ്, അടുത്ത ഊഴവും കാത്ത് ജീവിക്കാൻ വിധിക്കപ്പെട്ട ജനത!
ഫലസ്തീൻ ഭൂമിയുടെ അധിനിവേശം ആരംഭിച്ച 1948 മുതൽ ഫലസ്തീനികളെ ഇല്ലാതാക്കുന്നതിനും ഭൂപടത്തിൽ നിന്ന് മായ്ക്കുന്നതിനുമുള്ള വ്യവസ്ഥകൾ സയണിസ്റ്റുകൾ തയ്യാറാക്കിയിരിക്കുന്നു. അതിൻ്റെ കാതൽ പാശ്ചാത്യർ ഒരുക്കികൊടുത്ത കൊളോണിയൽ പ്രോജക്റ്റാണ്, അത് ഒരു സമൂഹത്തെ അവരുടെ ഭൂമിയിൽ നിന്ന് നീക്കം ചെയ്യുന്നു, ഒപ്പം അന്യദേശവാസികളെ കുടിയേറ്റത്തിന് പ്രോത്സാഹിപ്പിക്കുകയും സൗകര്യമൊരുക്കുകയും ചെയ്യുന്നു. എന്താണ് പലസ്തീനികൾ ചെയ്ത അപരാധം? ഒരു ആധുനിക മതത്തെയും അവരുടെ സംസ്കാരവും ഭാഷയും സ്വീകരിച്ചെന്നല്ലാതെ അതിക്രമിച്ച് വന്നവരല്ല, പുരാതന കാലത്ത് ഈജിപ്തുകാർ, മെസൊപ്പൊട്ടേമിയൻ, അനറ്റോലിയൻ ജനതകളുമായി വിപുലമായി ഇടകലർന്ന പുരാതന കനാന്യരിൽ നിന്നാണ് ഫലസ്തീനികൾ വന്നതെന്ന് പുരാവസ്തുപരവും ജനിതകവുമായ പഠനങ്ങൾ തെളിയിക്കുന്നു. അത്തരം പഠനങ്ങളിൽ പുരാതന നിവാസികളുടെ ഫലസ്തീൻ എന്ന രാജ്യം മാത്രമെ ഉണ്ടായിരുന്നുള്ളൂ എന്നും ഇസ്രായേൽ എന്നൊരൂ അധിനിവേശ രാജ്യം മിത്തുകളെ അടിസ്ഥാനമാക്കി സയണിസ്റ്റ് ഗൂഢാലോചനയിൽ അതിക്രമിച്ചുണ്ടാക്കിയതാണ് എന്ന് ബോധ്യപ്പെടും.
ഗ്രീക്കുകാരാണ് ഫിലിസ്ത്യരുടെ ദേശം എന്ന് ആദ്യമായി ഉപയോഗിച്ചത്. ബിസി പന്ത്രണ്ടാം നൂറ്റാണ്ടിൽ മെഡിറ്ററേനിയൻ കടലിനും ഇറാഖിനും ഈജിപ്തിനും സിറിയക്കും ഇടയിലുള്ള പ്രദേശം, ഒരു പരമ്പരാഗത പ്രദേശത്തെ സൂചിപ്പിക്കാനുള്ള പൊതുവായ പദമായി പലസ്തീൻ എന്ന പേര് വളരെ കാലമായി ഉപയോഗിക്കുന്നു. പലസ്തീന്റെ കിഴക്കുഭാഗത്തുള്ള സുഗന്ധമുള്ളത് എന്നർത്ഥം വരുന്ന ജെറിക്കോം എന്ന നഗരം ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായ നഗരങ്ങളിലൊന്നാണ്. വൃത്താകൃതിയിലുള്ള വീടുകൾ കളിമണ്ണും വൈക്കോലും ചേർത്തുണ്ടാക്കിയ ഇഷ്ടികയിൽ നിർമ്മിച്ച മേൽക്കൂരയോട് കൂടിയ വീടുകൾക്ക് ഗോവണിയും അകത്തും പുറത്തും അടുപ്പുകളും. യുനെസ്കോയുടെ പട്ടികയിൽ ലോക പൈതൃക സൈറ്റായും കൂടാതെ "ഏറ്റവും പഴയ കോട്ടയുള്ള നഗരം" എന്ന് വിശേഷിപ്പിക്കപ്പെട്ടു.
ജസീറത്തുൽ അറബിൽ നിന്ന് ശുദ്ധജല സൗകര്യം തേടി പാലായനം ചെയ്ത ഗോത്രങ്ങൾ അനേകമുണ്ട്. അവരിൽ ചിലർ സിറിയ, ഇറാഖ്, ഈജിപ്ത് തുടങ്ങിയ ഭാഗത്തേക്ക് നീങ്ങി. ഈ പാലായകരിൽ കനാനികൾ പലസ്തീൻ താഴ്വരയിലും യാബീസികൾ ജറുസലേമിൻ്റെ ഭാഗത്തും ഫിനിഷ്യരും അമൂറികളും പലസ്തീനിലെ പർവതങ്ങളിലും താമസമുറപ്പിച്ചു. ഇങ്ങനെ പലസ്തീൻ ഇപ്പറഞ്ഞ ഗോത്രങ്ങൾക്കിടയിൽ വീതിക്കപ്പെട്ടു. ഈ ഗോത്രങ്ങളുടെയും പലസ്തീനിൽ അവർ താമസിക്കുന്ന സ്ഥലങ്ങളുടെയും മുഴുവൻ പേരുകൾ പുരാവസ്തുക്കളുടെയും ചരിത്രസാക്ഷ്യങ്ങളുടെയും പിൻബലത്തോടുകൂടി ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കാരണത്താലാണ് പുരാവസ്തു ശാസ്ത്രജ്ഞന്മാർ പലസ്തീനെ 'കനാൻ ദേശം' എന്ന് വിളിക്കുന്നത്.
ബാബിലോണിയയിൽ ജനിച്ച ഇബ്രാഹീം നബി കനാൻ ദേശത്തേക്ക് കുടിയേറി, അദ്ദേഹത്തിൻ്റെ മകൻ ഇസ്ഹാഖ് നബിയുടെ മകനായ യഅ്കൂബ് നബിയുടെ ഇളയപുത്രൻ യൂസുഫ് നബി ഈജിപ്തിൽ എത്തിച്ചേരുകയും അവിടെ ഭക്ഷണവിതരണ ചുമതലയിലാവുകയും ചെയ്ത സന്ദർഭത്തിലാണ് കനാനിലെ കടുത്ത ഭക്ഷ്യക്ഷാമവും വരൾച്ചയും ഉണ്ടായത്. ആ സന്ദർഭത്തിലാണ് യഅ്കൂബ് നബിയും അദ്ദേഹത്തിൻ്റെ പുത്രന്മാരും മകൻ യൂസുഫിൻ്റെ ക്ഷണപ്രകാരം ഈജിപ്തിലേക്ക് കുടിയേറുന്നത്. അവിടെ പന്ത്രണ്ട് മക്കളിൽ നിന്നായ് പന്ത്രണ്ട് ഗോത്രങ്ങൾ രൂപം കൊണ്ടു. ഇസ്രായേല്യർ എന്നറിയപ്പെടുന്ന ഇവർ യഅ്കൂബ് എന്ന ഗോത്രപിതാവിൻ്റെ പിൻഗാമികളാണ്. അവരെയാണ് പിന്നീട് മൂസാനബി പലസ്തീനിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചത്. ആ യാത്രയിൽ ഖിദ്ർ (അ) മൂസനബി (അ)യെ സന്ദർശിക്കുമ്പോൾ മൂസാനബിയുടെ സഹായിയാണ് വർത്തിച്ച യുഷ ആണ് മൂസാനബിയുടെ പിൻഗാമിയായി ഇസ്രായേല്യരെ യുദ്ധത്തിലൂടെ പലസ്തീനിലേക്ക് എത്തിക്കുന്നത്. ശേഷം ഒരു സാധാരണ ഇടയനായിരുന്ന ദാവൂദ് നബിയാണ് അധികാരത്തിലെത്തുകയും ഫലസ്തീനെ പൂർണ്ണമായും തൻ്റെ കീഴിലാക്കുന്നതും. അദ്ദേഹം ജറുസലേമിനെ കേന്ദ്രമാക്കി ഭരിച്ചു, ശേഷം അദ്ദേഹത്തിൻ്റെ മകനായ സുലൈമാൻ നബി ഭരണം ഏറ്റെടുത്തു. സുലൈമാൻ നബിക്ക് ശേഷം രാജ്യം രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടു, വടക്കൻ രാജ്യം, ഇസ്രായേൽ എന്നും തെക്കൻ രാജ്യം, യഹൂദ എന്നും വിളിക്കപ്പെട്ടു. വടക്ക് ഇസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളിൽ പത്തും ചേർന്നതാണ്, തെക്കൻ രാജ്യം യഹൂദയും ബെഞ്ചമിനും ചേർന്നതായിരുന്നു. വടക്കൻ ഇസ്രായേലിലേക്കാണ് പ്രവാചകൻ ഇല്ല്യാസ്, അൽയസഅ്, യൂനുസ്, സക്കറിയ, യഹ്യ എന്നീ പ്രവാചകന്മാർ വന്നതും ശേഷം ഇമ്രാൻ്റെ മകൾ മറിയം ബീവിയുടെ മകനായ് ഈസ നബിയും വന്നത്.
ജൂതന്മാരിലേക്ക് നിയോഗിക്കപ്പെട്ട ഈസാ നബി ഒരു പുതിയ മതത്തെ രൂപപ്പെടുത്തിയിട്ടില്ല, അവരിലെ തിന്മക്കെതിരെ നിലകൊണ്ടു, പ്രബോധനത്തിൽ അജാതിയരെ കൂടി ക്ഷണിച്ചത് ദൈവത്താൽ തിരഞ്ഞെടുക്കപെട്ടവർ എന്ന് വിശ്വസിച്ചിരുന്ന യഹൂദർക്ക് സ്വീകാര്യമായില്ല, അവർ ഇസാ നബിയെ എതിർത്തു ക്രൂശിക്കാൻ ശ്രമിച്ചു, അല്ലാഹു അദ്ദേഹത്തെ ഉയർത്തി. ഈസാനബിയെ ഒരിക്കൽ പോലും ദർശിക്കാത്ത പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരുവനോ യേശുവിന്റെ ജീവിതകാലത്ത് അദ്ദേഹത്തിന്റെ അനുയായിയോ സഹചാരിയോ ആയിരുന്നില്ല പൗലോസ്, യഹൂദ റബ്ബിയും പ്രമുഖ യഹൂദറബ്ബി ഗമാലിയേലിന്റെ ശിഷ്യൻ കൂടിയായിരുന്നു പൌലോസ്. ഈ പൗലോസിൻ്റെ റോമൻ ബന്ധത്തിലൂടെയാണ് റോമൻ വിശ്വാസാചാരങ്ങൾ അവരിലേക്ക് വന്നു ചേർന്നതും ഒരു ക്രൈസ്തവ മതം രൂപപ്പെട്ടതും. റോമൻ സാമ്രാജ്യത്തിൻ്റെ ക്രൈസ്തവവൽക്കരണത്തോടെ ക്രൈസ്തവർ ശക്തിപാപിച്ചു. വിജാതീയർ, ജൂതന്മാർ, സമരിയക്കാർ എന്നിവരുടെ പരിവർത്തനം കാരണം റോം, ബൈസൻ്റൈൻ പാലസ്തീൻ എന്നിവിടങ്ങൾ ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ് രൂപപ്പെട്ടു.
ജനങ്ങളിൽ വലിയ തോതിൽ പല ഘട്ടങ്ങളായി പരിവർത്തനം നടക്കുകയും സ്വീകാര്യമായ വിശ്വാസത്തിൽ എത്തിചേരുകയും ചെയ്തതിനാൽ പലസ്തീനിലെ യഹൂദരുടെ എണ്ണം ഗണ്യമായ് കുറഞ്ഞു. കൂടാതെ ഈജിപ്തിൻ്റെയും ബാബിലോണിക്കാരുടെയും അക്രമണങ്ങൾക്ക് പലസ്തീൻ ഇരയായി. സകരിയ നബിക്ക് ശേഷം ബാബിലോണിയക്കാരുടെ അതി ഭീകരമായ അക്രമണത്തിൽ നല്ലൊരൂ ശതമാനം യഹൂദർ കൊല്ലപ്പെടുകയും സുലൈമാൻ നബി പണിത പള്ളിയും തോറയുടെ എല്ലാ പതിപ്പും തീയിട്ട് നശിപ്പിക്കുകയും ചെയ്തു, അവിടേന്ന് രക്ഷപ്പെട്ട് മറ്റു ദേശങ്ങളിലേക്ക് കുടിയേറിയവർ ഒഴികെ ജറുസലേമിൽ അവശേഷിച്ച യഹൂദരെ ബാബിലോണിയയിലേക്ക് തടവിലായ് കൊണ്ടുപോവുകയും ചെയ്ത്, കാലങ്ങൾക്ക് ശേഷമാണ് അവർ മോചിതരായത്. ശേഷം റോമക്കാരായ ക്രൈസ്തവരുടെ അക്രമണത്തിലും യഹൂദർ കൊല്ലപ്പേടുകയും ചിലർ ലോകത്തിൻ്റെ പല ഭാഗത്തേക്ക് കുടിയേറുകയും ചെയ്തു. റോമാ ചക്രവർത്തിയായ ടൈറ്റ്സ് ജറുസേലേം പിടിച്ചെടുത്തപ്പോൾ ജൂതന്മാരെ പലസ്തീനിന്റെ മണ്ണിൽനിന്ന് പൂർണ്ണമായി പുറത്താക്കിയിരുന്നു. ഫ്രാങ്കുകളുടെ രാജാവായിരുന്ന ഡാങ്കോബർട്ട് ജൂതന്മാരെ പുറത്താക്കിയതും ഹെറാക്ലിയസ് ചക്രവർത്തി ജൂതന്മാരുടെ ആരാധനാലയങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതും, അങ്ങനെ ജൂതന്മാർക്ക് എറ്റവും കൂടുതൽ നാശനഷ്ടങ്ങൾ തീർത്തതും അക്രമിച്ചതും അന്നത്തെ ക്രൈസ്തവ ലോകമാണ്.
ശേഷം മുഹമ്മദ് നബിയിലൂടെ ഇസ്ലാം വ്യാപിക്കുകയും മിഡീലീസ്റ്റ് രാജ്യങ്ങൾ ഇസ്ലാമിന് കീഴിലാവുകയും ചെയ്തു. ഏഴാം നൂറ്റാണ്ടിൽ അറബ് റാഷിദൂണുകൾ പ്രദേശം കീഴടക്കി, അവർക്ക് ശേഷം ഉമയ്യദ് , അബ്ബാസി, ഫാത്തിമി എന്നിവയുൾപ്പെടെ മറ്റ് അറബ് മുസ്ലീം രാജവംശങ്ങൾ അധികാരത്തിൽ വരികയും കാലക്രമേണ പലസ്തീനികൾ അറബ് ഭാഷയും സംസ്കാരവും സ്വീകരിക്കുകയും ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്തു. എങ്കിലും വൻതോതിലുള്ള ഇസ്ലാമികവൽക്കരണ പ്രക്രിയ വളരെ പിന്നീടാണ് നടന്നത്, ഒരുപക്ഷേ മംലൂക്ക് കാലഘട്ടത്തിലായിരിക്കും. ഉസ്മാനിയ ഖിലാഫത്ത് ജൂതരെയും ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും ടെർക്കുകളെയും ഗ്രീക്കുകാരെയും ആർമേനിയക്കാരെയും അറബികളെയുമെല്ലാം കൂട്ടിയിണക്കിയുള്ള ഭരണ രീതിയായിരുന്നു, മൂന്ന് മത വിഭാഗങ്ങളുടെ പുണ്യ ദേശങ്ങളായി പരിഗണിച്ചുകൊണ്ട് പൊതുവായി അറബ് ഭാഷയിലൂന്നിയ സംസ്കാരമായിരുന്നു. റഷ്യ ഉൾപ്പെടെയുള്ള ക്രൈസ്തവ രാജഭരണം നിലനിൽക്കുന്ന രാജ്യങ്ങളിൽ നന്ന് പുറത്താക്കപ്പെട്ട ജൂതർക്ക് പലസ്തീൻ തുടങ്ങി ഉസ്മാനിയ സാമ്രാജ്യത്വത്തിന്റെ തലസ്ഥാനമായ ഇസ്താംബൂളിൽ വരെ അഭയം നൽകിയിരുന്നു. ജൂതമതവിശ്വാസികൾ അപമാനിക്കപ്പെടുകയും ആട്ടിയോടിക്കപ്പെടുകയും ചെയ്തപ്പോൾ അവരോട് കരുണ കാണിച്ചത് മുസ്ലീം ഭരണാധികാരികളായിരുന്നു. സ്പെയിനിൽ ഇസ്ലാമിക ഭരണം അവസാനിച്ചപ്പോൾ ജൂതമതവിശ്വാസികൾക്ക് അവിടം വിട്ടുപോകുകയോ ക്രിസ്തുമതത്തിൽ ചേരുകയോ വേണ്ടിവന്നുവെന്ന ചരിത്രം കൂടി മനസ്സിലാക്കിയാൽ ഇസ്ലാമിക ലോകം ജൂതന്മാർ തുടങ്ങിയ ഇതര മതവിശ്വസികളെ എത്ര സൗഹാർദപൂർവ്വമായിരുന്നു സ്വീകരിച്ചത് എന്ന് മനസ്സിലാക്കാം.
റോമാ ഭരണത്തിൽനിന്ന് ഖാലിദ്ബിൻ വലീദിന്റെ സൈന്യം ജറുസലേം പിടിച്ചെടുത്തതിനുശേഷമാണ് ജൂതർക്ക് പലസ്തീനിൽ ജീവിക്കാൻ പ്രയാസമില്ലാതായത്. അവിടുത്തെ ജനതയിൽ ഭൂരിപക്ഷം മുസ്ലീങ്ങളും അതുകഴിഞ്ഞാൽ ക്രിസ്ത്യാനികളുമായിരുന്നു. വൃദ്ധരായ ജൂതമതവിശ്വാസികൾ പുണ്യസ്ഥലമായ ജറുസലേമിൽ അവസാനകാലം കഴിച്ചുകൂട്ടാനായി വന്നുതാമസിച്ചിരുന്നു. എന്നാൽ പിന്നീട് സയണിസ്റ്റ് ആശയങ്ങളിൽ പെട്ട ജൂതന്മാർ പലസ്തീനിലേക്ക് വലിയ തോതിൽ വന്നെത്തുകയും വലിയ തോതിൽ ഭൂമി വാങ്ങികൊണ്ട് അജണ്ടകളുടെ ഭാഗമായ് കുടിയേറി. ഉസ്മാനിയ ഭരണകൂടം അതിന് അനുകൂലമായ ഭൂപരിശ്കരണങ്ങളും സ്വീകരിച്ചു. ഒന്നാം ലോക മഹായുദ്ധത്തിൽ ഉസ്മാനിയ ഖിലാഫത്ത് അവസാനിച്ചതോടെ സയണിസ്റ്റ് അജണ്ടകൾക്കനുസരിച്ച് ബ്രിട്ടൺ ഫലസ്തീനിൽ ഒരു സയണിസ്റ്റ് രാഷ്ട്രം സൃഷ്ടിച്ചെടുത്തു.
ആയുധ, അടിമ വ്യാപാരത്തിലും സാമ്പത്തിക രംഗത്തും ഇടപെട്ട് ശക്തിയാർജ്ജിച്ച സയണിസ്റ്റുകൾ സാമ്പത്തികമായും ആയുധ വ്യാപാരങ്ങളാലും ബ്രിട്ടൺ അടക്കം പല പാശ്ചാത്യ രാജ്യങ്ങളിലും സ്വാധീനമുണ്ടാക്കിയിരുന്നു, അതുകൊണ്ട് തന്നെ ബ്രിട്ടൺ സയണിസ്റ്റ് അജണ്ട പലസ്തീനിൽ അടിച്ചേൽപ്പിച്ചു. പലസ്തീനിൽ ക്രൈസ്തവരും മുസ്ലിംങ്ങളുടെ കൂടെ സയണിസ്റ്റ് അതിക്രമങ്ങളിൽ ഇരയായിരുന്നെങ്കിലും പാശ്ചാത്യരെ ബൈബിളിലെ വാഗ്ദത്തഭൂമിയെന്ന ക്രൈസ്തവ വിശ്വാസത്തെ ഉപയോഗപ്പെടുത്തി ക്രൈസ്തവരെ നിശബ്ദരാക്കി. പലസ്തീനികൾക്ക് നേരെ അതിക്രൂരമായി അവരുടെ വീടുകളിൽ നിന്നും നാട്ടിൽ നിന്നും ആട്ടിയോടിക്കപെട്ടു. പലരും ജോർദ്ധാൻ ലെബനാൻ തുടങ്ങിയ അറബ് രാജ്യങ്ങളിലേക്ക് കുടിയേറി. ബാക്കിയുള്ള ഭാഗങ്ങളെ പലവിധത്തിലായി കൈയ്യേറ്റം ചെയ്തുകൊണ്ട് സയണിസ്റ്റ് അതിക്രമം നടന്നുകൊണ്ടിരിക്കുന്നു.
1948-ലെ നക്ബയുടെ കാലത്ത് ജൂത മിലിഷ്യകൾ പലസ്തീനിയൻ ഗ്രാമങ്ങളും പട്ടണങ്ങളും ആക്രമിച്ചപ്പോൾ പലസ്തീനിയൻ മുസ്ലീങ്ങളെപ്പോലെ തന്നെ പലസ്തീൻ ക്രിസ്ത്യാനികളും ലക്ഷ്യമിട്ടിരുന്നു. ക്രിസ്ത്യാനികളുടെ വിശുദ്ധ നഗരമായ യേശുക്രിസ്തുവിൻ്റെ ജന്മസ്ഥലമായ ബെത്ലഹേമിൽ 70 വർഷം മുമ്പ് 86% ക്രിസ്ത്യാനികളായിരുന്നു എങ്കിൽ ഇന്നത് 12 ശതമാനമാണ്. പാശ്ചാത്യ രാജ്യങ്ങളിലെ ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യങ്ങളിലെ നേതാക്കൾ ഫലസ്തീൻ ക്രിസ്ത്യാനികളുടെ ദുരവസ്ഥയെക്കുറിച്ച് ഞെട്ടിക്കുന്ന മൗനം പാലിക്കുന്നു. ഇസ്രായേൽ ക്രൂരതയും പാശ്ചാത്യ നിശ്ശബ്ദതയും അവഗണിച്ച് മുസ്ലീം, ക്രിസ്ത്യൻ പലസ്തീനികൾ ഇന്നും ഐക്യമുന്നണിയായി നിലകൊള്ളുന്നു എന്നതാണ് ഈ ഇരുണ്ട കാലത്ത് പലർക്കും പ്രതീക്ഷ നൽകുന്നത്. അറബിയാണ് ആയിരം വർഷത്തിലേറെയായി പ്രദേശത്തെ മിക്ക ക്രിസ്ത്യാനികളുടെയും ഭാഷ. വിഭജിച്ച് ഭരിക്കുക എന്ന തന്ത്രമാണ് സയണിസ്റ്റുകളും സാമ്രാജ്യത്ത സിൽബന്ധികളും പണ്ടേ പ്രയോഗിക്കുന്നത്, എന്നാൽ കഴിഞ്ഞ ഇസ്രായേൽ കൊളോണിയൽ അക്രമത്തിനും വംശീയതയ്ക്കും മുന്നിൽ അവരുടെ ഐക്യം എന്നത്തേക്കാളും ശക്തമാണെന്ന് അവർ തെളിയിച്ചു. മുൻകാലങ്ങളിൽ സംഘർഷങ്ങൾ ഉണ്ടായിരുന്നിട്ടും ജറുസലേമിലെ പുണ്യസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ മുസ്ലീം, ക്രിസ്ത്യൻ ഫലസ്തീനികളെ പരസ്പരം മനസ്സിലാക്കാനും അവരുടെ ഭൂമിയിലെ കോളനിവൽക്കരണം അവസാനിപ്പിക്കാൻ ഒന്നിച്ചുനിൽക്കാനും പ്രേരിപ്പിച്ചു. സംയുക്ത മാനുഷിക ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുകൊണ്ടും പ്രതിഷേധങ്ങൾ ഏകോപിച്ചുമുള്ള ശ്രമങ്ങൾ സ്വാതന്ത്ര്യത്തിനായുള്ള ഒരു കൂട്ടായ പോരാട്ടത്തിന് അവരിൽ ഐക്യദാർഢ്യം സാധ്യമാക്കി.
ബോംബിട്ട് തകർക്കുന്നതിൽ മുസ്ലിം പള്ളി മാത്രമല്ല, പുരാതന ഗ്രീക്ക് ഓർത്തോഡോക്സ് ചർച്ചും അക്രമിക്കപ്പെട്ടപ്പോൾ അനേകം പേരുടെ ജീവനാണ് നഷ്ടമായത്. നിലവിൽ പലസ്തീനിൽ ജീവിക്കുന്ന ക്രൈസ്തവരുടെ എണ്ണം വളരെ ശുഷ്ക്കമാണ്, അതുകൊണ്ട് തന്നെ ശതമാനമനുസരിച്ച് മുസ്ലിംങ്ങളേക്കാൾ കൂടുതൽ ക്രൈസ്തവരും ഇക്കഴിഞ്ഞ സയണിസ്റ്റ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. വർഗീകരിക്കപ്പെടാത്ത ഫലസ്തീനികളെ എന്നെങ്കിലും വിശ്വസിക്കാൻ ഇക്കൂട്ടരെകൊണ്ട് കഴിയുമോ? ലോകമെമ്പാടുമുള്ള രാഷ്ട്ര തലസ്ഥാനങ്ങളിൽ അഭൂതപൂർവമായ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നിട്ടും, രാഷ്ട്ര തലവന്മാർക്ക്, സയണിസ്റ്റ് സ്റ്റൂജുകൾക്ക് ഫലസ്തീനിയൻ കഷ്ടപ്പാടുകൾ അപൂർണ്ണവും നിയമവിരുദ്ധവും ആകസ്മികവുമാണ്.
സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിൻ്റെ അവകാശത്തെ പലരും വിളിച്ചുപറയുന്നു. ഉന്മൂലനത്തെക്കുറിച്ചുള്ള സയണിസ്റ്റുകളും പാശ്ചാത്യരും പൊലിപ്പിച്ച് നിർത്തിയ യഹൂദ ഭയം മനസ്സിലാക്കുന്നു, എൻ്റെ വീക്ഷണത്തിൽ അത് ചെറിയ രീതിയിൽ മാത്രം യാഥാർത്ഥ്യമാണ്, എന്നിരുന്നാലും അവരുടെ ഓർമ്മയിൽ സയണിസ്റ്റുകൾ കയറ്റിവെച്ച ഭയത്തെ കുറച്ചു കാണുന്നില്ല. എന്നാൽ ഫലസ്തീനികളുടെ ശാശ്വതമായ സമാധാനത്തെ മായ്ച്ചുകളഞ്ഞുകൊണ്ട് അവരെ ഭീകരമായി അക്രമിക്കുമ്പോൾ പലതീനികളുടെ ഭയത്തേക്കാളും ചിതലുപിടിച്ച യഹൂദ ഭയത്തിന് സ്വീകാര്യത നൽകുന്നതിലെ സയണിസ്റ്റ് സ്റ്റൂജുകളുടെ ലോജിക്കാണ് മനസ്സിലാകാത്തത്.
ഫലസ്തീനികളുടെ ജീവിക്കാനുള്ള അവകാശം മാത്രമല്ല, ഫലസ്തീനികൾ ചെറുത്തുനിൽക്കാൻ മാത്രമല്ല ജീവിക്കുന്നത് എന്ന വസ്തുതയും ലോകം തിരിച്ചറിയേണ്ടതുണ്ട്. അവരും പ്രണയിക്കുന്നു, ചിരിക്കുന്നു, പാടുന്നു, കളിക്കുന്നു, പ്രാർത്ഥിക്കുന്നു, നൃത്തം ചെയ്യുന്നു, പാചകം ചെയ്യുന്നു, പ്രണയിക്കുന്നു, കലയുണ്ടാക്കുന്നു, അഭിനയിക്കുന്നു, എഴുതുന്നു, പണിയുന്നു, കൃഷി ചെയ്യുന്നു, കഥകൾ പറയുന്നു, സ്വപ്നം കാണുന്നു, ദുഃഖിക്കുന്നു, മറക്കുന്നു, ക്ഷമിക്കുന്നു, ഓർക്കുന്നു. ഖേദകരമെന്നു പറയട്ടെ, നമ്മൾ അവരെ അങ്ങനെ കാണുന്നില്ല!
അമ്മിഞ്ഞപ്പാലിൻ്റെ മണമുള്ള കുരുന്നുകൾ, സയണിസ്റ്റ് വ്യാഖ്യാനത്തിൽ തൊട്ടിലിൽ കിടക്കുന്ന ഭീകരന്മാർ! ഓരോ 10 മിനിറ്റിലും ഗാസയിലെ അവശിഷ്ടങ്ങൾക്കടിയിലോ വാവിട്ട് കരയുന്ന അമ്മയുടെ കൈകളിലോ അവസാനിക്കുന്നു എന്ന സത്യത്തെ മറപിടിച്ച് യുദ്ധത്തിനായി ആഹ്ലാദിക്കുന്ന, കുഞ്ഞുങ്ങളെ കൊല്ലുമ്പോൾ സ്മൈലിയിടുന്ന മനുഷ്യ കോലങ്ങളെ കാണുമ്പോൾ നമുക്ക് ചുറ്റുമുള്ള ശാന്തതയുടെ കാലങ്ങളോക്കെ അസ്തമിച്ചുപോയെന്നും അവസരം വന്നാൽ ഇക്കൂട്ടർ ഭ്രാന്തനായ വേട്ടക്കാരനായ് ഇറങ്ങുമെന്നും തോന്നും! അവർ സോഷ്യൽ സമൂഹത്തിനു മുമ്പിൽ ഗാസയെ കുറിച്ച് അട്ടഹസിക്കുന്നു, “മനുഷ്യ മൃഗങ്ങൾ; ഗാസ നിരപ്പാക്കുക; ബോബിട്ട് തകർക്കുക; അവശിഷ്ടങ്ങളിൽ കുഴിച്ച് മൂടുക; മെയിൻ കാംഫിനെ അവരുടെ കുട്ടികളെ അവരുടെ കട്ടിലിനടിയിൽ സംരക്ഷിക്കുന്നു; ആ അമ്മമാർ രാക്ഷസന്മാരെ വളർത്തുന്നു; അവരുടെ ആശുപത്രികളിലും സ്കൂളുകളിലും തീവ്രവാദികളെ ഒളിപ്പിച്ചു; അവരെല്ലാം ക്രൂരന്മാരാണ്." ഇങ്ങനെ കമൻ്റടിച്ച് വെറുപ്പിനെ ചേർത്ത് മൂടിപുതച്ച് കിടക്കുന്നവരുടെ ബോധ്യത്തിലേക്ക് സത്യത്തിൻ്റെ കിരണങ്ങളെങ്ങനെയാണ് പ്രവേശിക്കുക!
സയണിസ്റ്റ് ഫാസിസ്റ്റുകളുടെ രോഷത്തെ ശമിപ്പിക്കുന്നതിനായ് സാധാരണ ജനങ്ങളെ ക്രൂരമായ് അക്രമിക്കുകയും ബോബിട്ട് കൊല്ലുന്നതിനെയും വിലമതിക്കുന്നവർ അറിയണം, വിലപിക്കുന്ന അമ്മമാരുടെ കണ്ണുനീരിന് വിലയുണ്ടാകുന്ന ഒരുനാൾ ഉയർന്നുവരിക തന്നെ ചെയ്യുമെന്ന്!