Oct 4, 2014

യാത്ര ജീവിതത്തിന്റെ ഒഴുക്ക്


ഒരു ബിന്ദുവിൽ നിന്നും മറ്റൊരൂ ബിന്ദുവിലേക്കുള്ള ചലനം തൂലികയിലൂടെയാകുമ്പോൾ പുസ്തകങ്ങളായ് പിറക്കുന്നു, ബ്രഷിലൂടെയാകുമ്പോൾ ചിത്രരചനകളായും വാക്കുകളിലൂടെ കഥ പ്രസംഗങ്ങളും കവിതാ പരായണങ്ങളുമൊക്കെയായ് തീരുന്നു, മനുഷ്യാത്മാവിൽ നിന്ന് സ്വപ്നങ്ങൾ ജനിക്കുന്നു, മനുഷ്യ ചലനങ്ങൾ യാത്രകളായ് തീരുന്നു. ഏതൊരൂ ചലനവും അതിന്റെ പൂർണ്ണതയിലേക്കെത്താൻ ലക്ഷ്യബോധത്തോടെയായിരിക്കണം നിർവഹിക്കേണ്ടതെന്നു മാത്രം. യാത്രയുടെ എറ്റവും വലിയ യാഥാർത്ഥ്യമായ ജനനം മുതൽ മരണം വരെയുള്ള ജീവിതം ലക്ഷ്യബോധത്തോടെയാകുമ്പോഴാണ് അർത്ഥ സമ്പൂർണ്ണമാകുന്നത്. ഏതൊരൂ കാര്യത്തിലും പ്രധാനമായും വേണ്ടത് ലക്ഷ്യബോധവും നിശ്ചയദാർഢ്യവുമാണ്. അങ്ങിനെയുള്ള ചലനങ്ങളിലൂടെയും ആർജ്ജിക്കാനാവുന്നത് വ്യത്യസ്ത രീതിയിലുള്ള വളർച്ചയാണ്, വ്യക്തിവികാസത്തിന് വളർച്ചയുണ്ടാകണമെങ്കിൽ ചലനാത്മകമായിരിക്കണം, ചലനാത്മക സമൂഹത്തിൽ നിന്നെ പുരോഗതിയുണ്ടാവുകയുള്ളു.

ഇമാം ഗസ്സാലിയുടെ പ്രശസ്തമായ വാക്യമുണ്ട്, “ഭൂമിയിൽ ചുറ്റിക്കറങ്ങുകയാണെങ്കിൽ നിങ്ങളുടെ ജീവിതം സന്തുഷ്ടമാകും, വെള്ളം ഒഴുകിക്കൊണ്ടിരിന്നാൽ ശുദ്ധമാവുകയും കെട്ടിനിന്നാൽ മോശമാവുകയും ചെയ്യുന്നത് പോലെ”. ജീവിത ധർമ്മത്തിലേക്ക് ചേർത്തുവെക്കേണ്ട ഒന്നാണ് ഭൂമിയിലൂടെയുള്ള യാത്രകളെന്ന് ലളിതമായ് വ്യക്തമാകുന്നു. ഒഴുക്കുള്ള എന്തിനും ശക്തിയുണ്ടാവുകയുള്ളൂ, ജീവൻ നിലനിർത്താൻ വേണ്ട അതിപ്രധാനമായവയൊക്കെ തന്നെ ചലനാത്മകമാണ്, ചലിക്കാത്ത വള്ളത്തിനും വായുവിനും ശക്തിയില്ല, മ്ളേഛമായ ജീവനുകൾ തുടങ്ങുന്നത് കെട്ടികിടക്കുന്നവയിലാണ്. ഏത് മേഖലയിലാണെങ്കിലും ചലനം ആരോഗ്യകരമാണ്. വ്യായാമങ്ങൾ വഴി ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കുന്നതോടെ ആരോഗ്യകരമാകുന്നു, മനുഷ്യൻ ശക്തരാകണമെങ്കിൽ ചലനാത്മകമായിരിക്കണം. ചലനാത്മകമായ സമൂഹത്തിനാണ് പുരോഗതിയുണ്ടാവുക.

ജീവിതത്തിൽ ആറ്റിക്കുറുക്കിപ്പറയാവുന്ന രൂപകമാണ് യാത്ര. രൂപകത്തിലെ യാത്ര സമയത്തിലൂടെയുള്ള യാത്രയാണ്. യഥാർത്ഥ യാത്ര സ്ഥല കാലങ്ങളെ മറികടന്നു പോവുന്നു, ദേശം ഒരു പരിമിതിയിലുള്ളതാണ്. ദേശങ്ങളെ മറികടക്കുന്ന യാത്ര പരിമിതിയുടെ ഉല്ലംഘനമാണ്, ജീവിതത്തിന്റെ ഒഴുക്കാണ്. ശുദ്ധ പ്രകൃതിയിലേക്കുള്ള ഒഴുക്കിൽ മ്ളേഛങ്ങളില്ലാതാവും, വ്യത്യസ്ഥ സമൂഹങ്ങളിലൂടെ നടന്നു നീങ്ങുമ്പോഴേ സ്വാർത്ഥത മനുഷ്യനിൽ നിന്ന് അകന്നു നിൽക്കൂ, ആർത്തിക്ക് അതിരുകളുണ്ടാവുകയുള്ളൂ. ഇതര സമൂഹത്തിലേക്ക് എത്തിച്ചേർന്നാൽ ആ സമൂഹത്തിന്റെ നാഡിമിടിപ്പറിയാതെ പിന്തുണയില്ലാതെ മുന്നോട്ട് പോവുക സാധ്യമല്ല. സ്വാർത്ഥതക്ക് അർത്ഥമില്ലാതാവുന്നത് അങ്ങിനെയാണ്. സ്വാർത്ഥതയും ആർത്തിയും മനുഷ്യമനസ്സിൽ കുടിയേറുന്നത് സമൂഹത്തോട് സമ്പർക്കമില്ലാതെ ഒറ്റപെട്ടു ജീവിക്കുമ്പോഴാണ്. യാത്രകളിലൂടെ അപരിചിത കാഴ്ച്ചകളും സംസ്കാരവും വൈവിധ്യമാർന്ന ജീവിത രീതികളുമെല്ലാം അനുഭവിച്ചറിയുക വഴി മനസ്സിന് വികാസമുണ്ടാകുന്നു, ഉന്നതമായ സംസ്കാരത്തിലേക്ക് ഉയർത്തെപെടാനും പുരോഗമന ചിന്തകൾ കൈമാറ്റപെടാനും ഉതകുന്ന സംസ്കരണമാണ് യാത്ര നേടിതരുന്നത്. ലോകമാനവിക സംസ്കാരം അതി ശക്തമായ് വളർന്നത് യാത്രയിലൂടെയാണ്.

കാഴ്‌ച്ചകളിലൂടെ ദേശങ്ങളെ കണ്ടും സൃഷ്ടിപ്പിന്റെ വ്യതിരിക്തതയറിഞ്ഞും പറഞ്ഞും വിഭവങ്ങൾ ആസ്വദിച്ചും ദൈവത്തിന്റെ അത്ഭുതങ്ങളായ പ്രകൃതിയുടെ താളലയങ്ങളിൽ ആത്മീയമായ അതിരുകളിലൂടെയാവണം യാത്ര. കൂടെ കുടുംബങ്ങളെയും കൂട്ടുകയാണെങ്കിൽ യാത്രകൾ മഹത്തരമായി തീർന്നിടും, സ്നേഹവും അറിവും പങ്കുവെച്ചുകൊണ്ടുള്ള യാത്ര മനസ്സുകളെ തമ്മിൽ ശക്തമായ സ്നേഹവലയങ്ങളിൽ ബന്ധിതരാക്കും. നബി തിരുമേനി ഭാര്യമാരെയും യാത്രകളിൾ കൂടെ കൂട്ടിയിരുന്നു. മനസ്സിന്‌ അയവുനല്കുണന്ന വേളകളാകണം യാത്രകൾ, അത് മാനസ്സികാസ്വദനത്തിലൂടെ ഒഴുകിപോകണം, തിരക്കുപിടിച്ചതായാൽ ആസ്വാദനം നഷ്ടപെടും. ഒഴുക്കെന്നർത്ഥമുള്ള സിയാഹ എന്ന പദമാണ് യാത്രപ്രിയങ്കരായ അറബികൾ ഉല്ലാസ യാത്രക്ക്  പറയുന്നത്. യാത്രയിൽ തൃപ്‌തികരമല്ലാത്തതും ദു:ഖകരവുമായ അവസ്ഥകള്‍ കഴിയുന്നത്ര ഉണ്ടാകാതിരിക്കാനുള്ള വേണ്ട മുങ്കരുതലുകൾ സ്വീകരിക്കണം.  യാത്രക്ക് ഭാഷയൊ സംസ്കാരമൊ ജീവിത രീതിയോ വിലങ്ങു തടിയാക്കരുത്ഭൂമിയാകട്ടെ നാം അതിനെ വികസിപ്പിക്കുകയും, അതില്‍ ഉറച്ചുനില്ക്കുഷന്ന പർവ്വതങ്ങൾ നാം സ്ഥാപിക്കുകയും കൌതുകമുള്ള എല്ലാ സസ്യവർഗങ്ങളും നാം അതിൾ മുളപ്പിക്കുകയും ചെയ്തിരിക്കുന്നു. (സത്യത്തിലേക്ക്‌) മടങ്ങുന്ന ഏതൊരു ദാസന്നും കണ്ടുമനസ്സിലാക്കുവാനും അനുസ്മരിക്കുവാനും വേണ്ടി. (ഖുർആൻ, ഖാഫ് 7-8). സുന്ദരമായ പ്രകൃതിയോട് പുറംതിരിഞ്ഞു നിൽക്കുന്നത് നിഷ്‌ക്രിയത്വമാണ്. മനുഷ്യന് നൽകിയ അലങ്കാരത്തെ നിഷിദ്ധമാക്കിയവനാരുണ്ട് എന്നത് സൃഷ്ടി വൈഭവത്തെ കണ്ടറിയാൻ ശ്രമിക്കാത്തവരോടാണല്ലൊ ചോദിക്കുന്നത്. അടിഞ്ഞുകൂടിയുള്ള ആരാധനകൾക്കപ്പുറം ചുറ്റുപാടുകളെ അറിയുകയും അതിലെ മനോഹര ദൃഷ്ടാന്തങ്ങളെയും അനുഭവിച്ചറിഞ്ഞുകൊണ്ട് ആത്മീയ ബോധത്തോടെ ആനന്ദകരമായ ജീവിതം നയിക്കാൻ വിശ്വാസി ബാധ്യസ്ഥനാണ് എന്നാണാതിന്റെ വിവക്ഷ. സമ്പത്തും സ്വദഖയും ഓഹരി വെക്കുന്നിടത്ത് ഇസ്‌ലാം യാത്രക്കാരനെ ഒരു വിഭാഗമായി പരിഗണിക്കുന്നതിലൂടെ യാത്രക്കുള്ള പ്രാധാന്യമാണ് കാണിക്കുന്നത്.

യാത്രക്ക് വ്യത്യസ്ത തലങ്ങളുണ്ട്, വ്യാപാരവും തൊഴിലുമെല്ലാം ഏറെ കാലമായ് സമൂഹത്തിൽ നില നിൽക്കുന്നെങ്കിലും തീർത്ഥാടനവും പാലായനവുമാണ് കാലങ്ങളായുള്ള ആത്മീയതയുടെ അടയാളങ്ങൾ. ഹിജ്റ നിർബന്ധിതാവസ്ഥയിലുള്ള പാലായനമാണെങ്കിൽ ഹജ്ജ് വിശ്വാസിയുടെ പഞ്ചസ്തംഭങ്ങളിലുള്ള കർമ്മമാണ്. ഹജ്ജിലും ഹിജ്റയുടെ അംശമുണ്ട്, ഇബ്രാഹീം നബിയുടെ ഹിജ്റയും ഹാജറ ബീവിയുടെ ഓട്ടവും വിസ്മരിക്കപെട്ട ഹജ്ജില്ല. എന്നാൽ അനുകൂലമല്ലാത്ത ജീവിത സാഹചര്യങ്ങളിൽ നിന്നും മാറി നിൽക്കുകയാണ് ഹിജ്റ, അത് പ്രകൃതിപരമായ നിയമമാണ്. അനുകൂല ജീവിത സാഹചര്യത്തിന് വേണ്ടി ജീവികൾ മാറിപോകുന്നതാണ് ദേശാടനം. മനുഷ്യ ജിവിതത്തിന്റെ ഭാഗമായ ആത്മീയവൃത്തിക്ക് അനുകൂലമല്ലാത്ത സാഹചര്യങ്ങളിൽ നിന്നും മനുഷ്യർ മാറിപോകണമെന്ന കല്പനയാണ് ഹിജ്റ. ഇസ്ലാമിക ചരിത്രത്തിൽ ഹിജ്റക്ക് വലിയ പ്രാധാന്യമുണ്ട്. വിശുദ്ധ പ്രമാണം പോരാട്ടങ്ങളേക്കാൾ മുൻഗണന പലായനത്തിനാണ് നൽകിയിട്ടുള്ളത്. ഇസ്ലാമിക കലണ്ടറുമായ് ബന്ധപെട്ട ചർച്ചയിൽ നബി(സ) ജനനവും നുബൂവത്തും പരിഗണിക്കാതെ  നബി(സ)യുടെ മക്കയിൽ നിന്നും മദീനയിലേക്കുള്ള പാലായനമാണ് ഹിജ്റ കലണ്ടറിന്റെ തുടക്കമായ് തിരഞ്ഞെടുത്തത്, അത് മനുഷ്യ വികാസത്തിനും വ്യാപനത്തിനും വേണ്ടിയുള്ള പറിച്ചു നടലായിരുന്നു.

ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളിലൊന്നായ ആത്മീയ യാത്രയാണ് ഹജ്ജ്, നിരവധി യാത്രകളുടെ ഓർമ്മകളിലൂടെയുള്ള സഞ്ചാരമാണത്. യാത്ര ചെയ്യാനാവുന്നവർക്കാണ് ഹജ്ജ് നിർബന്ധമാകുന്നത്. സാമ്പത്തികമായ കഴിവ് പരിഗണിക്കുന്നതിൽ പ്രധാന ഭാഗം യാത്രക്കുള്ളതാണ്, പണമല്ല ഹജ്ജിന്റെ പ്രധാന ഉപാദി, യാത്രയാണ്. ഹജ്ജിന്റെ വിളിയടയാളങ്ങളിൽ ദൂരദിക്കുകളിൽ നിന്നും നൂറ്റാണ്ടുകളായി ജന സമൂഹം ഒഴുകിയെത്തികൊണ്ടിരിക്കുന്നു. (നാം അദ്ദേഹത്തോട്‌ പറഞ്ഞു:) ജനങ്ങൾക്കിടയിൽ നീ തീർത്ഥാടനത്തെപറ്റി വിളംബരം ചെയ്യുക. നടന്നുകൊണ്ടും, വിദൂരമായ സകല മലമ്പാതകളിലൂടെയും വരുന്ന എല്ലാ വിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത്‌ കയറിയും അവർ നിന്റെയടുത്ത്‌ വന്നു കൊള്ളും. (ഖുർആൻ ഹജ്ജ്:27)  ഹജ്ജിനേക്കാൾ പുരാതനമായ ഒരു യാത്ര മനുഷ്യ സംസ്‌കൃതിയുടെ സംസാരത്തിൽ കേൾക്കാനാകില്ല.  ലക്ഷ്യബോധം പരമോന്നതായതിനാൽ പരിമിതികളിൽ ക്ഷമാലുക്കളാകുന്നവർക്കെ യാത്ര വിജയകരമാക്കാനാവൂ, ക്ലേശങ്ങളിൽ ക്ഷമപുലർത്താത്ത യാത്രക്ക് ലക്ഷ്യപ്രാപ്തിയില്ല. ഇബ്‌നു തൈമിയ്യ ക്ഷമയെ മൂന്നായി തിരിച്ചു പറഞ്ഞു. ഒന്ന്, ദൈവകല്പ്പ്നകളിലുള്ള ക്ഷമ. രണ്ട്, ധിക്കാര പ്രവൃത്തികള്‍ ചെയ്യാതിരിക്കുക. മൂന്ന്, ഇച്ഛ പ്രകാരമല്ലാതെ സംഭവിക്കപെടുന്ന അപകടങ്ങളിൽ പിടിച്ച് നിൽക്കുക. ക്ഷമിക്കുവർക്ക് അതിന്റെ അനന്തര ഫലമായ് ഗുണങ്ങൾ ആര്ജിക്കാനാവും, ക്ഷമയില്ലാത്തവർക്ക് എല്ലാ നിലയിലും നഷ്ടം മാത്രമെയുണ്ടാവുകയുള്ളൂ. അതിനാൽ തന്നെ യാത്രയിൽ ക്ഷമക്ക് വളരെ പ്രാധാന്യമുണ്ട്, പ്രത്യേകിച്ച് ഹജ്ജ് പോലുള്ള യാത്രകൾ. ക്ഷമാശീലരെ കുറിച്ച് അല്ലാഹു പറഞ്ഞത്, “അല്ലാഹുവിന്റെ ഭൂമിയാകട്ടെ വിശാലമാകുന്നു. ക്ഷമാശീലർക്കു തന്നെയാകുന്നു തങ്ങളുടെ പ്രതിഫലം കണക്കുനോക്കാതെ നിറവേറ്റികൊടുക്കപ്പെടുന്നത്‌ (ഖുർആൻ, സുമർ:10). ക്ഷമയില്ലാത്ത ഒന്നിനും ചൈതന്യമില്ല.

ഇസ്ലാമിക ചരിത്രത്തിന്റെ യാത്രനടത്തിവരിൽ നിന്നാണ് പണ്ഢിതന്മാരെയും പ്രസിദ്ധമായ ഗ്രന്ഥങ്ങളും ലഭിച്ചത്, ഹിജാസിനുള്ളിൽ മതപഠനങ്ങളിൽ അടിഞ്ഞുകൂടിയവരിൽ നിന്നും ഇസ്ലാമിക ലോകത്തിന് വേണ്ടത്ര സംഭാവനകൾ ലഭിച്ചിട്ടില്ല, ഉസ്ബകിസ്ഥാനിൽ നിന്നുള്ള  ഇമാം ബുഖാരിയും പേർഷ്യയിൽ നിന്നുള്ള  ഇമാം മുസ്ലിമും അടങ്ങി അനേക വിശിഷ്ട വ്യക്തിത്വങ്ങളുടെ രചനകൾ ഹിജാസിനു പുറത്തുനിന്നുള്ളവരുടേതായിരുന്നു എന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ട വസ്തുതയാണ്. ജ്ഞാന സമ്പന്നനായ ഗുരുവിൽ നിന്നു ജ്ഞാനം നേടുന്നതിനേക്കാൾ ഉത്തമം യാത്രചെയ്തു വിവിധ നഗരങ്ങളിലെ ജ്ഞാനികളിൽ നിന്നുള്ള അറിവുനേടലാണെന്ന ഇമാം അഹ്മദിന്റെ വക്കുകളിൽ നിന്നും ഊർജ്ജം നേടികൊണ്ട് യാത്രയുടെ മഹത്വവും നേട്ടവും തിരിച്ചറിയേണ്ടതുണ്ട്.

ഹജ്ജത്തുൽ വിദാഇൽ പ്രവാചകന്റെ അവസാന പ്രസംഗം ശ്രവിച്ച ലക്ഷകണക്കിന് സഹാബികൾ ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് യാത്രയായതിലൂടെയാണ് ലോകത്ത് ഇസ്ലാമിക സന്ദേശം വ്യാപിച്ചത്. ഇസ്ലാമിക സാഹിത്യ രചനകളിൽ ഇബ്‌നുബത്തൂത്തയുടെ പ്രസിദ്ധമായ യാത്ര വിവരണം, മുഹമ്മദ് അസദിന്റെ `മക്കയിലേക്കുള്ള പാതതുടങ്ങി അനേകം ഗ്രന്ഥങ്ങളുണ്ട്. മുഹമ്മദ്‌ മര്മരഡ്യൂക്‌ പിക്‌താൾ, ഇദ്‌രീസ്‌ തൗഫീഖ് തുടങ്ങി അനേകമാളുകൾ ഇസ്‌ലാമിലേക്ക്‌ ആകൃഷ്‌ടരായതിനു പ്രേരകമായത്‌ യാത്രയാണ്. ഒരു കാലത്ത് കച്ചവടാവശ്യാർഥം വിവിധ നാടുകളിലേക്ക്‌ യാത്ര ചെയ്‌ത അറബികളിലൂടെയാണ് ഇസ്‌ലാമിക പ്രചാരണമുണ്ടായത്. കച്ചവടത്തിലൂടെയാണ് അറബികൾ മരുഭൂമിയിലെ ജീവിതം എളുപ്പമാക്കിയത്, ലോകത്ത് സ്വന്തമായ് ഒരു രാഷ്ട്രമില്ലാത്ത ജൂതന്മാർ അതി ശക്തരായതും വിവിധ രാജ്യങ്ങളിലൂടെയുള്ള വാണിജ്യയാത്രകളിലൂടെയാണ്. സാമ്രാജ്യത്വ ശക്തികളും ലോകം കീഴടക്കിയത് വിവിധ ഭാഗങ്ങൾ സഞ്ചരിച്ചാ‍ണല്ലൊ. യാത്ര മനുഷ്യ സമൂഹത്തിന് ഊർജ്ജം നൽകുന്നു, അതുകൊണ്ട് യാത്രകളെ പ്രോത്സാഹിപ്പിക്കാം, പക്ഷെ യാത്രകൾ കേവലം വിനോദത്തിനുവേണ്ടി മാത്രമാവരുത്‌. പ്രയോജനകരമായ മറ്റു നേട്ടങ്ങളും യാത്രയിലൂടെ കരസ്ഥമാക്കാന്‍ കഴിയണം, അത്തരത്തിലുള്ള ലക്ഷ്യബോധത്തോടെയുള്ള യാത്രകളായിരിക്കണം നമ്മുടേത്.


13 comments:

പട്ടേപ്പാടം റാംജി said...

സ്വാർത്ഥതയും ആർത്തിയും മനുഷ്യമനസ്സിൽ കുടിയേറുന്നത് സമൂഹത്തോട് സമ്പർക്കമില്ലാതെ ഒറ്റപെട്ടു ജീവിക്കുമ്പോഴാണ്.

യാത്രകള്‍ നല്‍കുന്ന ജീവന്‍.

Cv Thankappan said...

നന്നായിരിക്കുന്നു ലേഖനം
ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

ജീവിതത്തിൽ ആറ്റിക്കുറുക്കിപ്പറയാവുന്ന രൂപകമാണ് യാത്ര.
രൂപകത്തിലെ യാത്ര സമയത്തിലൂടെയുള്ള യാത്രയാണ്. യഥാർത്ഥ യാത്ര സ്ഥല കാലങ്ങളെ മറികടന്നു പോവുന്നു,
ദേശം ഒരു പരിമിതിയിലുള്ളതാണ്. ദേശങ്ങളെ മറികടക്കുന്ന യാത്ര പരിമിതിയുടെ ഉല്ലംഘനമാണ്,
ജീവിതത്തിന്റെ ഒഴുക്കാണ്. ശുദ്ധ പ്രകൃതിയിലേക്കുള്ള ഒഴുക്കിൽ മ്ളേഛങ്ങളില്ലാതാവും, വ്യത്യസ്ഥ സമൂഹങ്ങളിലൂടെ നടന്നു നീങ്ങുമ്പോഴേ സ്വാർത്ഥത മനുഷ്യനിൽ നിന്ന് അകന്നു നിൽക്കൂ, ആർത്തിക്ക് അതിരുകളുണ്ടാവുകയുള്ളൂ.
ഇതര സമൂഹത്തിലേക്ക് എത്തിച്ചേർന്നാൽ ആ സമൂഹത്തിന്റെ നാഡിമിടിപ്പറിയാതെ പിന്തുണയില്ലാതെ മുന്നോട്ട് പോവുക സാധ്യമല്ല. സ്വാർത്ഥതക്ക് അർത്ഥമില്ലാതാവുന്നത് അങ്ങിനെയാണ്. സ്വാർത്ഥതയും ആർത്തിയും മനുഷ്യമനസ്സിൽ കുടിയേറുന്നത് ....

ajith said...

നന്മയിലേക്കുള്ള യാത്ര

Pradeep Kumar said...

നല്ല ലേഖനം....

ഫൈസല്‍ ബാബു said...

യാത്രകളെകുറിച്ച് ഒരു വേറിട്ട ചിന്ത നല്‍കുന്ന ലേഖനം ,, നല്ല പോസ്റ്റ്‌ ;

ഷാജി പരപ്പനാടൻ said...

യാത്രക്കാർക്കു സകാത്തിൽ നിന്ന് അർഹതയുണ്ടെന്നു പ്രവാചക വചനങ്ങളിൽ കാണാം. യാത്രക്കാരന്റെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കുമെന്നും തിരുവചനം.പിന്നെ യാത്ര ഒരു പരീക്ഷണം കൂടിയാണ്.. യാത്ര യുടെ ഇസ്ലാമിക വായന തീർത്ത ഒരു നല്ല പോസ്റ്റ്‌ . അഭിനന്ദനങ്ങൾ

Sudheer Das said...

നല്ല ലേഖനം. പുതിയ കാഴ്ചകള്‍, അറിവുകള്‍, അനുഭവങ്ങള്‍... ശരിയാണ് യാത്രകള്‍ക്ക് ചിന്തകളെ ശുദ്ധീകരിക്കുവാനും നവീകരിക്കുവാനും കഴിയും.

Thanal said...

masha allah

മിനി പി സി said...

യാത്രകള്‍ സായൂജ്യമാവുന്നത് ഇങ്ങനെയാണ് അല്ലെ ....വിശുദ്ധിയിലെയ്ക്കുള്ള ചുവടുകള്‍ !

Jefu Jailaf said...

യാത്രകളുടെ ഉള്ളറകൾ . ലേഖനം മനോഹരം

Akbar said...

ഓരോ യാത്രയും പുതിയ അറിവുകൾ നൽകുന്നു. യാത്രകളെ കുറിച്ചുഇങ്ങിനെ ഒരു ലേഖനം ആദ്യമായാണ്‌ വായിക്കുന്നത്. യാത്ര വെറും നേരംപോക്ക് മാതമല്ല എന്ന് സമർതിക്കുകയാണ് ലേഖകൻ . ഈ ബ്ലോഗിൻറെ സവിശേഷത വിഷയ വൈവിദ്യവും വിഷയങ്ങളുടെ ആധികാരികതയുമാണ്. തുടരുക..

Shinoy Paulose Alappatt said...

നന്നായിരിക്കുന്നു ...ഇനിയും പ്രതീക്ഷിക്കുന്നു ...

സമയമുണ്ടെങ്കിൽ എന്റെ ബ്ലോഗ്ഗിലേക്കും സ്വാഗതം

Related Posts Plugin for WordPress, Blogger...