Jun 24, 2012

വാർത്തകൾക്കും വേണം എക്സ്പേറി ഡേറ്റ്

This video is no longer available because the YouTube account 
associated with this video has been terminated.  
(RT പ്രക്ഷേപണം ചെയ്ത വീഡിയോ കമ്പ്യൂട്ടറിൽ സേവ് ചെയ്തത് കഴിഞ്ഞപോസ്റ്റിലുണ്ട്)



കഴിഞ്ഞ പോസ്റ്റിൽ ചർച്ച ചെയ്ത വീഡിയോ ലോകത്തിലെ പല മീഡിയകളും പ്രക്ഷേപണം ചെയ്തിരുന്നു. എന്നാൽ ഒരാഴ്ച്ച കഴിഞ്ഞതോടെ അത് പല മീഡിയ പോർട്ടലുകളും ഡെലീറ്റ് ചെയ്തിരിക്കുന്നു. ഒരാഴ്ച്ച ഓടേണ്ട സമയം ഗംഭീരമായി പ്രദർശിപ്പിക്കപെട്ടു. അതിന് ശേഷം ചോദ്യം ചെയ്യപെടാതിരിക്കാൻ ആരും അറിയാതെ ഒഴിവാക്കുകയും ചെയ്തു. പറഞ്ഞു വരുന്നത്, ഇന്ന് വാർത്തകൾക്ക് എക്സ്പേരി ഡേറ്റ് ഉണ്ട്. വാർത്തകളിലൂടെ എന്തു വിഷയമാണ് ജനങ്ങളിലേക്ക് എത്തിക്കപെടേണ്ടത്, അത് നിർവഹിക്കപെട്ടതിനു ശേഷം പ്രസ്തുത വിഷയത്തിലെ സത്യാവസ്ത പുറത്തുവരുന്നതോടെ അതല്ലെങ്കിൽ സത്യാവസ്ഥ പുറത്തുവരുന്നതിന്  മുമ്പ് ന്യൂസ് തിരുത്തലുകളില്ലാതെ മൂടപ്പെടുന്നു. 

വിഭാഗീയത് ഉണ്ടാക്കുന്ന, അസത്യം നിറഞ്ഞ വീഡിയോ ഡെലീറ്റ് ചെയ്യാം, ന്യൂസ് പോർട്ടലിന്റെ ആർകേവ് ഫയലിൽ നിന്നും ഒഴിവാക്കാം, ന്യൂസ് കണ്ടവരെ വായിച്ചവരെ തങ്ങളുടെ രാഷ്ട്രീയ പ്രചാരവേലകളിൽ വീഴ്ത്തി കഴിഞ്ഞു. ന്യൂസ് പോർട്ടലിന്റെ യൂട്യൂബ് വീഡിയോ വരെ എടുത്തുമാറ്റാം. പ്രക്ഷേപണം ചെയ്തത് കളവായ, മോർഫ് ചെയ്തെടുത്ത വീഡിയോ ആയിരുന്നെങ്കിൽ അതിൽ ക്ഷമാപണം നടത്തേണ്ടിയിരുന്നു, അങ്ങിനെയുണ്ടായാൽ ജനങ്ങൾ സത്യം തിരിച്ചറിയുമല്ലൊ.. അതുണ്ടായില്ല. 

വാർത്താ പോർട്ടലുകളിൽ മുന്നിൽ നിൽക്കുന്ന റഷ്യ റ്റുഡേയിൽ നിന്നും സിറിയൻ അനുകൂല മീഡിയകളും ഇസ്ലാം ഫോബിയ പിടികൂടിയവരും ആ വീഡിയോ വേണ്ടുവോളം ഉപയോഗപെടുത്തി. സ്ത്രീകളും കുട്ടുകളുമടങ്ങിയ നൂറ് കണക്കിന് മനുഷ്യരെ കൂട്ടകുരുതി കൊടുത്തത് സിറിയൻ വിമതരാണെന്നും, സൌദി അറേബ്യ തുടങ്ങിയ രാഷ്ട്രങ്ങളാണ് സിറിയയിൽ കാപിറ്റൽ ഒഫെൻസിന് കളിക്കുന്നതെന്നും വാർത്തയാക്കിയവർക്ക് വേണ്ടിരുന്ന ഏറ്റവും വലിയ തെളിവായിരുന്നു സൌദി ജിഹാദികളുടെ ലേലം വിളി. യഥാർത്ഥത്തിൽ സൌദി അറേബ്യ ജിഹാദി ചിന്തകളെ വിട്ടുവീഴ്ച്ചയില്ലാത്ത വിധം വളരെ കണിശമായി നേരിടുന്നു എന്ന സത്യം അറിയുന്നവർ പോലും ഈ കള്ളവർത്തക്ക് അമിത പ്രധാന്യം നൽകുകയുണ്ടായി. 

റോയിട്ടേർസ് റിപോർട്ട് ചെയ്തതാണെന്ന് ആർ.ടി. അടിക്കുറിപ്പെഴുതിയതോടെ  ടൈംസ് ഓഫ് ഇന്ത്യയുടെ ന്യൂസ് പോർട്ടലിലൂടെ വരെ ഈ ജിഹാദി ഹോക്സ് ക്ലിപ്പ് പുറത്തുവന്നു. കുറച്ചു ദിവസമാണെങ്കിലും ജിഹാദി ലേലം വിളി ലോകത്തിന്റെ പല ഭാഗത്തുള്ളവരേയും അറിയിച്ചുകഴിഞ്ഞു, അതിന് ശേഷം തിരുത്ത് കൊടുക്കാതെ ഡെലീറ്റ് ചെയ്തത് കൊണ്ട് മനുഷ്യ മനസ്സിൽ പ്രതിഷ്ഠിക്കപെട്ട ഇമേജ് ആര് തിരുത്തികൊടുക്കും?! ഇതു തന്നെയല്ലെ ലോകത്ത് നടക്കുന്ന അധിക ജിഹാദി ന്യൂസുകളുടേയും, ഇന്ത്യയിലെ മക്ക മസ്ജിദിലും മലേഗാവിലേയും ഗുജറാത്തിലുമുൾപ്പടെ നടന്ന അവസ്ഥ? രാഷ്ട്രീയ അജണ്ടകൾ ബ്രോഡ്കാസ്റ്റ് ചെയ്യപെടുന്നു, അവയുടെ യഥാർത്ഥ അവസ്ഥയും സത്യവും  തിരിച്ചറിഞ്ഞാൽ അതിനെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാതിരിക്കുക എന്നത് തങ്ങൾ ബ്രോഡ്കാസ്റ്റ് ചെയ്യുന്ന വാർത്തകളുടെ സത്യസന്ധത ചോദ്യം ചെയ്യപെടുമെന്നത് കൊണ്ട് മാത്രമല്ല, പ്രൊജക്റ്റ് ചെയ്യേണ്ട രാഷ്ട്രീയ ലക്ഷ്യങ്ങൾ തകിടം മറിയുമെന്നത് കൊണ്ട് തന്നെയാണ്.

ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഇത്തരം ബ്രൈൻ വാഷ് വാർത്തകളെ നേരിടാൻ മീഡിയാ രാജക്കന്മാരുടെ സപ്പോർട്ടില്ലാതെ സാധ്യമല്ല. വരും നാളുകളിൽ ഇനിയും ജിഹാദികൾ സൃഷ്ടിക്കപ്പെടും. എല്ലാ സൌകര്യങ്ങളുമുള്ള ഈ ആധുനിക ലോകത്ത് വാർത്തകളുടെ സത്യസന്ധത തിരിച്ചറിയണമെങ്കിൽ മിനിമം ഒരാഴ്ച്ച സമയം വേണമെന്നതാണ് സത്യം! അതു തന്നെ, ആ സത്യം നമ്മളെ തേടിവരില്ല, തേടിപിടിക്കേണ്ടിവരുന്നു എന്നതാണ് വർത്തമാന വാർത്തകൾ നമ്മോട് പറയുന്നത്!

27 comments:

Yousuf said...

ഇസ്ലാം നിന്ദക്ക് പക്ഷെ എക്സ്പേരി ഡേറ്റ് ഇല്ല!

Pradeep Kumar said...

വിരൽത്തുമ്പിലെത്തുന്ന വിവരങ്ങളെ വിശ്വസിക്കാൻ കൊള്ളാതായിത്തുടങ്ങിയിരിക്കുന്നു.പ്രൊജക്ട് ചെയ്യപ്പെടേണ്ട അജണ്ടകൾക്കനുസരിച്ച് വളച്ചൊടിക്കപ്പെട്ട വിവരങ്ങളാണ് ഏറെ കൊട്ടിഘോഷിക്കപ്പെട്ട വിരൽത്തുമ്പു വിവരങ്ങളേറെയും....

Noushad Kuniyil said...

"എല്ലാ സൌകര്യങ്ങളുമുള്ള ഈ ആധുനിക ലോകത്ത് വാർത്തകളുടെ സത്യസന്ധത തിരിച്ചറിയണമെങ്കിൽ മിനിമം ഒരാഴ്ച്ച സമയം വേണമെന്നതാണ് സത്യം! അതു തന്നെ, ആ സത്യം നമ്മളെ തേടിവരില്ല, തേടിപിടിക്കേണ്ടിവരുന്നു എന്നതാണ് വർത്തമാന വാർത്തകൾ നമ്മോട് പറയുന്നത്!" കൃത്യമായ വിലയിരുത്തല്‍. എലിസബത്ത് ആന്റണിയുടെ പെയിന്റിങ്ങുകള്‍ കോടിക്കണക്കിനു രൂപക്ക് എയര്‍പോര്‍ട്ട് അതോറിറ്റി വിലക്കുവാങ്ങി എന്ന അവാസ്തവ പ്രചാരണത്തിന്റെ സത്യാവസ്ഥ അനാവരണംചെയ്യപ്പെട്ടത് നുണവാര്‍ത്തയുടെ അല്പായുസ്സിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ്. പക്ഷെ, എലിസബത്ത് മാഡത്തിന്റെ തൃപ്തികരമായ വിശദീകരണം വന്നതിനു ശേഷവും സോഷ്യല്‍ മീഡിയയിലും, മറ്റും അവര്‍ക്കെതിരെയുള്ള പ്രചാരണങ്ങള്‍ നടന്നു എന്നത്, ചില പ്രോപഗണ്ടകള്‍ വായനക്കാരനെ/പ്രേക്ഷകനെ/ശ്രോതാവിനെ എങ്ങിനെ സ്വാധീനിക്കുന്നുവെന്നും, എന്നാല്‍ അത്തരം പ്രചാരണങ്ങളുടെ നിജസ്ഥിതി അവരില്‍ അധികപേരും അറിയുന്നില്ല, അല്ലെങ്കില്‍ ബെന്ചാലി സൂചിപ്പിച്ചപോലെ, സത്യം തേടിപ്പിടിക്കുവാന്‍ മാത്രം അവര്‍ പ്രബുദ്ധരാവുന്നില്ല എന്നതിന്റെ ഉദാഹരണമാണ്.

സദ്ദാം ഹുസൈന്‍ കുവൈത്ത് പിടിച്ചടക്കിയ സമയത്ത്, അമേരിക്കന്‍ നേതൃത്വത്തില്‍ ഒരു യുദ്ധം അംഗീകരിക്കപ്പെടുന്നതിനുവേണ്ടി പാശ്ചാത്യമീഡിയ നടത്തിയ നുണപ്രചാരണങ്ങള്‍ പിന്നീട് പുറത്തുവന്നിരുന്നു. അതിലെ ഒരു സംഭവം ഓര്‍മവരുന്നു. യുദ്ധത്തിനു മുന്പ്, അമേരിക്കന്‍ കൊണ്ഗ്രസില്‍ സമര്‍പ്പിച്ച ഒരു സാക്ഷ്യപത്രത്തില്‍ , ഇറാഖ് കുവൈത്ത് പിടിച്ചടക്കിയ സമയത്ത് നടന്നതായി പ്രചരിപ്പിക്കപ്പെട്ട ഒരു ഇന്‍പുട്ടില്‍ കുവൈത്ത് കാരിയായ 'നയീറ'യെ ഉദ്ധരിക്കുന്നുണ്ട്. നയീറ പറയുകയാണ്‌. "ഞാന്‍ കുവൈത്ത് സിറ്റിയിലെ അല്‍ അദ്ദാന്‍ ആശുപത്രിയില്‍ സേവന നിരതയായിരുന്നു. അപ്പോള്‍ സായുധരായ ഇറാഖിഭടന്മാര്‍ ആശുപത്രിയിലേക്ക് ഇരച്ചുകയറി. അവര്‍ ഇങ്കുബേറ്ററുകളിലായിരുന്ന കൊച്ചു കുഞ്ഞുങ്ങളെ കൊലപ്പെടുത്തുവാന്‍ തണുത്ത തറയിലെറിഞ്ഞു ഇങ്കുബേറ്ററുകളുമായി കടന്നു കളഞ്ഞു." ഈ 'സാക്ഷ്യ'പത്രം അന്നത്തെ പത്രങ്ങള്‍ ആഘോഷിച്ചിരുന്നു. ലോക മന:സാക്ഷി ഇറാഖിവിരുദ്ധമാക്കുന്നതില്‍ ഈ വാര്‍ത്ത ഏറെ പങ്കുവഹിച്ചിട്ടുണ്ട്. സീനിയര്‍ ബുഷ്‌ തന്റെ യുദ്ധപൂര്‍വ പ്രഭാഷണങ്ങളില്‍ ഈ സംഭവം ആവര്‍ത്തിച്ച് ഉദ്ദരിക്കാരുണ്ടായിരുന്നു. പക്ഷെ, ഒന്നാം യുദ്ധ ശേഷമാണ് നാമറിഞ്ഞത്‌, സംഭവത്തില്‍ പറയപ്പെട്ട നയീറ അമേരിക്കയിലെ കുവൈത്ത് അംബാസഡറായിരുന്ന സഊദ് നാസര്‍ സബാഹിന്റെ പുത്രിയായിരുന്നുവെന്നും, ഇറാഖിന്റെ കുവൈത്ത് അധിനിവേശത്തിനു മുന്പ് തന്നെ അവര്‍ കുവൈത്ത് വിട്ടിരുന്നുവെന്നും!

Joselet Joseph said...

പിണറായി വിജയന്‍ പണ്ട് പറഞ്ഞ മാധ്യമ സിണ്ടിക്കെട്റ്റ്‌ എന്ന പ്രയോഗം അടിക്കടി ഇപ്പോള്‍ ഓര്‍മ്മിക്കപ്പെടുന്നു. എല്ലാവരും സെന്സേശന്റെ പിന്നാലെയാണ്. പ്രത്യാഘാതങ്ങള്‍ക്ക് പുല്ലു വില, കാരണം അവര്‍ക്കറിയാം പഴുതുകള്‍....!

സിയാഫ് അബ്ദുള്‍ഖാദര്‍ said...

അസത്യ പ്രചരണം എങ്കില്‍ അവയെ ചെറുക്കാന്‍ ഇസ്ലാമിസ്റ്റ്‌ മാധ്യമങ്ങള്‍ക്ക് എന്ത് കൊണ്ട് കഴിയുന്നില്ല ?ആരും അത് വിശ്വസിക്കില്ല എന്നാണെങ്കില്‍ ആരാണ് ആ വിശ്വാസം നഷ്ടപ്പെടാന്‍ കാരണം ?പാതി വെന്ത വാര്‍ത്തകള്‍ അപ്പോള്‍ തന്നെ തുറന്നു കാണിക്കപ്പെട്ടാല്‍ ലോകം അസത്യത്തിന്റെ കൂടെ നില്കുമോ ?ഒരു ഭാഗത്ത് മാത്രം നിലകൊള്ളുകയും ഇസ്ലാമിക വാദികള്‍ക്ക്‌ എതിരായ വാര്‍ത്തകളെയും ഇതേ പോലെ ഇസ്ലാമിസ്റ്റ്‌ പത്രങ്ങളും മാധ്യമങ്ങളും മുക്കുകയും വളചോടിക്കകയും ചെയ്യുന്നുണ്ടാവില്ലേ ?അപ്പോഴും ഇതേ രോഷപ്രകടനം നടത്തെണ്ടതല്ലേ?

Jefu Jailaf said...

ലക്‌ഷ്യം കണ്ടു കഴിഞ്ഞാല്‍ പിന്നെന്തിനു കുമ്പസാരം. അത് കൊണ്ട് തന്നെ സത്യം നമ്മള്‍ തേടിപ്പിടിക്കേണ്ടി വരുന്നു..

നൌഷാദ് കുനിയിലിന്റെ കമന്റ് കൂടി ചേര്‍ത്ത് വായിച്ചപ്പോള്‍ മാധ്യമ (ദു)സ്വാതന്ത്ര്യത്തിന്റെ ഏകാപക്ഷീകമെന്നത് വല്ലാതെ ചീഞ്ഞു നാറുന്നു.

അഭിനന്ദനങ്ങള്‍ ഇക്കാ..

കൊമ്പന്‍ said...

ഒരു മാധ്യമവും തെറ്റി കൊടുത്ത വാര്‍ത്തയും തെറ്റായി കൊടുത്ത വാര്‍ത്തകളും തിരുത്തി കൊടുക്കാനോ ക്ഷമാപണം നടത്താനോ മുതിരാര്‍ ഇല്ല മാധ്യമ രംഗത്ത് ഇന്ന് കാണുന്ന ജീര്‍ണതയുടെ മൂല കാരണവും അത് തന്നെ ആണ് സ്വയം തിരുത്തലുകള്‍ ഇല്ലാതെ നീതി യുക്തമായി നിലനില്‍ക്കാന്‍ ഒന്നിനും കഴിയില്ല

‍ആയിരങ്ങളില്‍ ഒരുവന്‍ said...

ഒരു മീഡിയ അത് പുറത്ത് വിടുന്ന ഒരു സ്കൂപ്പിന്റെ ലക്ഷ്യം കണ്ടെത്തിക്കഴിഞ്ഞാൽ പിന്നെ അപ്രസക്തമാക്കപ്പെടുന്നു.. വാർത്തകളുടെ യാഥാർത്ഥ്യം ആരും അന്വഷിക്കുന്നില്ല..

Trends in Economics, Finance and Management said...

കാലാകാലങ്ങളായി ഉള്ള ഒരു പ്രതിഭാസം ഇപ്പോള്‍ ഇന്റര്‍നെറ്റ് ഇന്‍റെ connectivity കാരണം ലോകം ഒട്ടുക്കും എത്തിയതിന്റെ ഒരു ഉദാഹരണം ആണിത്. അതിശയിപ്പിക്കുന്ന കുരുട്ടു ബുദ്ധിയോടെ ജൂത ലോബി ഇസ്ലാമിനെതിരെ നടത്തുന്ന മീഡിയ/electronic തേര്‍വാഴ്ചയുടെ ഒരു ഉദാഹരണം. freedom flotilla യുടെ മറവില്‍ ഇത്തരം ഒരു കളി കളിച്ചു അവര്‍ ഇളിഭ്യരായിരുന്നു...(അങ്ങിനെ എണ്ണിയാലോടുങ്ങാത്ത ഉദാഹരണങ്ങള്‍). പക്ഷെ സത്യം പുറത്തു വരുമ്പോഴേക്ക് മാധ്യമങ്ങള്‍ മറ്റു പല കൊടുങ്കാറ്റുകളിലും ഏറ്റു പിടിച്ചിട്ടുണ്ടാകും; ചിലപ്പോള്‍ സ്വന്തം അമളി മറച്ചു വെക്കാന്‍ വേണ്ടി, പിന്നീട് വരുന്ന സത്യാവസ്തയുടെ വാര്‍ത്ത മുക്കുകയും ചെയ്യും. മലയാള മണ്ണില്‍ ഇത്തരം മലക്കം മറിച്ചിലുകള്‍ ധാരാളം കണ്ടു വരുന്നു: ലൌ ജിഹാദിന്റെ ജീവ പരിണാമം നാം പച്ചയോടെ കണ്ടതാണ്, കൈരളി ചൂണ്ടിക്കാണിച്ച സ്റ്റിക്കര്‍ ഏറ്റവും പുതിയത്! ഇത്തരം തൊലിയുരിയുന്ന ആരോപണങ്ങള്‍ പിന്നീട് ജല രേഖകളായി തെളിയിക്കപ്പെടുമ്പോള്‍, അതുണ്ടാക്കിതീര്‍ത്ത മുറിവ് എന്നെന്നേക്കുമായി നില നില്‍ക്കുന്നുമുണ്ടാകും! ഇടപെടലിന്, കാക്കദൃഷ്ടിക്ക്, വൈകാതെ എടുത്തു മാറ്റപ്പെടാന്‍ സാധ്യതയുണ്ട്‌ എന്ന് കണ്ടു സേവ് ചെയ്ത ദീര്‍ഘദൃഷ്ടിക്കു ഒരു സല്യൂട്ട്.

The life journal said...

ചൂണ്ടിക്കാട്ടിയ സംഭവം ഉള്‍പ്പെടെ അഫ്ഗാന്‍-ഇറാഖു യുദ്ധ സാഹചര്യങ്ങളില്‍ ലോക മീഡിയ ആടിയ വ്യാജ നാടകങ്ങള്‍ അനാവരണം ചെയ്യുന്നുണ്ട് എന്‍ എം ഹുസൈന്റെ ഒരു പുസ്തകം. (പേര് മറന്നു!).ബിന്‍ ലാദന്റെ പേരില്‍ അടക്കം നെറ്റിലൂടെ പ്രചരിച്ച നിരവധി വീഡിയോ ടേപ്പ്‌കളും വ്യാജമായിരുന്നു എന്ന്‌ നാം അറിഞ്ഞത് വളരെ വൈകി മാത്രമാണ്.എങ്കിലും,ഇത്തരം ഫാബ്രിക്കേറ്റഡു വാര്‍ത്തകളുടെ നിജസ്ഥിതി മുന്‍കാലത്തെ അപേക്ഷിച്ച് ഇക്കാലത്ത് വേഗം നമുക്ക് അറിയാനാകുന്നു.ഇതിനു നാം സോഷ്യല്‍ മീഡിയകളോട് കടപ്പെട്ടിരിക്കുന്നു!

Mohammed Kutty.N said...

'സത്യസന്ധത'-ഛെ!അങ്ങിനെ ഒന്നുണ്ടോ നമ്മുടെ പല മീഡിയാ 'അജണ്ട'കളിലും!
അസത്യങ്ങള്‍ വിളമ്പിയൂട്ടി അവസാനം കൊല്ലാക്കൊലകള്‍ ചെയ്തതിനു ശേഷം ഒരു കുറ്റബോധമെങ്കിലും !!നുണകള്‍ നീണാള്‍ വാഴട്ടെ!വിഴുങ്ങാനേറേ പേര്‍ ഉണ്ടല്ലോ !!!

mujeebedavanna said...

ചില വാര്ത്തകള്‍ എഡിറ്റര്മാരുടെ മനോനിലക്ക് അനുസരിച്ച് അവരുടെ ബ്ലു പെന്സിലിലൂടെ രാസമാറ്റം വരുത്തിയാണ് പുറത്തു വിടുക.

mujeebedavanna said...
This comment has been removed by the author.
ഷാജു അത്താണിക്കല്‍ said...

മാധ്യമങ്ങൾ മാധ്യമ ധർമ്മത്തെ ചളിവാറ്റി തേക്കുന്നു

ajith said...

വാര്‍ത്തകള്‍ ബോധപൂര്‍വം പ്ലാന്റ് ചെയ്യപ്പെടുകയാണ്. വിത്തിട്ടുകഴിഞ്ഞാല്‍ പിന്നെ എവിടെയെങ്കില്‍മൊക്കെ മുളപൊട്ടുമെന്ന് അവര്‍ക്കറിയാം.

Fayas said...

അജണ്ടകള്‍ തീരുമാനിക്കുന്നത്‌ മാധ്യമങ്ങളാണ്. നാം അത് സ്വീകരിക്കാന്‍ വിധിക്കപെട്ടവര്‍. വാര്‍ത്താശകലങ്ങള്‍ എത്ര കാലം പ്രേക്ഷകര്‍ കാണണം, അതല്ലെങ്കില്‍ ഒരു വാര്‍ത്തയുടെ മേല്‍ എത്രത്തോളം പൊതു ചര്‍ച്ചയാകാം എന്നൊക്കെ അവര്‍ തീരുമാനിക്കുന്നു. Expire ആകാത്ത എത്രയോ വാര്‍ത്തകള്‍ നമ്മുടെ മുമ്പിലുണ്ട്. Expire ആയ ഒരുപാട് വാര്‍ത്തകള്‍ ചികഞ്ഞെടുക്കാനും നമുക്ക് കഴിയും. ഓസ്ലോ കൂട്ടകൊല എത്ര പെട്ടന്നാണ് Expire ആയത്. ആരെങ്കിലും അതിനെ കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നുണ്ടോ ?

Basheer Vallikkunnu said...

പോസ്റ്റ് വായിച്ചു. നൗഷാദ് കുനിയിലിന്റെ കമന്റും.. രണ്ടും ശ്രദ്ധേയം.

Cv Thankappan said...

നാട്ടിന്‍പുറത്തെ ചൂടും,ചൂരും,എരിവും
ചേര്‍ത്തു വീമ്പിളക്കുന്ന പ്രചാരകന്‍റെ
റോളായി മാധ്യമങ്ങള്‍ മാറുമ്പോഴാണ്
മഹനീയമായ മാധ്യമധര്‍മ്മം വഴി
തെറ്റുന്നത്.
ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഇത്തരം ബ്രൈൻ വാഷ് വാർത്തകളെ നേരിടാൻ മീഡിയാ രാജക്കന്മാരുടെ സപ്പോർട്ടില്ലാതെ സാധ്യമല്ല. വരും നാളുകളിൽ ഇനിയും ജിഹാദികൾ സൃഷ്ടിക്കപ്പെടും...

അഷ്‌റഫ്‌ സല്‍വ said...

വിവാദങ്ങളെ വാര്‍ത്തകള്‍ ആക്കുവാനാണ് മാധ്യമങ്ങള്‍ക്ക് താല്പര്യം.. അവര്‍ അതില്‍ വിജയിക്കുകയും ചെയ്യുന്നു.

MT Manaf said...

മാധ്യമ വെറി, മാധ്യമ വയലന്‍സ്, മാധ്യമ ഭീകരത തുടങ്ങിയ പദങ്ങള്‍ ജനിച്ചപ്പഴേ
ചക്രശ്വാസം വലിച്ചവയാണ് .കാരണം അവയ്ക്ക് മുലയൂട്ടേണ്ട മാതാവ് പ്രസ്തുത ഭീകരര്‍ തന്നെയാണല്ലോ!

Abdhul Vahab said...

ഒടപ്പിറന്നോൻ മരിച്ചാലും വേണ്ടീല്ലാ നാത്തൂന്റ് കണ്ണിലെ കണ്ണിര് കണ്ടാൽ മതി :) എന്ന നിലപാട്.... എല്ലാം പണത്തിനു വേണ്ടിയുള്ള മായാ ലീലകൾ

M. Ashraf said...

കൃത്യമായ വിലയിരുത്തല്‍.. അഭിനന്ദനങ്ങള്‍

Akbar said...

വാർത്തകൾക്കും വേണം എക്സ്പേറി ഡേറ്റ്, പക്ഷെ എന്റെ വായന എക്സ്പൈര്‍ ആയില്ല. നല്ല വിഷയം, നല്ല അവതരണം.

വഴിപോക്കന്‍ | YK said...

ഇത്തരം വാര്‍ത്തകള്‍ക്ക് എക്സ്പേരി ഡേറ്റ് അല്ല മെച്വരിറ്റി ഡേറ്റ് അഥവാ റിവ്യൂ പീരീഡ്‌ ആണ് ആവശ്യം, അതായത് വാര്‍ത്ത സത്യമാണ് എന്ന് ഒരംഗീകൃത ഏജന്‍സി ഉറപ്പ് വരുത്തുന്ന സമയവും അതിനുള്ള (ഒരിക്കലും നടക്കാത്ത) ഒരു സംവിധാനവും.

സുബൈദ said...

ജനുവരി /ഫെബ്രുവരിയില്‍ നാം ചര്ച്ച. ചെയ്ത വിഷയത്തിന്റെ പരിണിതി വീണ്ടും ചര്ച്ചി ചെയ്യേണ്ടിയിരിക്കുന്നു.
അന്ന് ചര്ച്ച യില്‍ ഇടപെട്ടവരെ അറിയിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇവിടെ ഈ ലിങ്ക് ഇടുന്നത്. താല്പര്യമില്ല എങ്കില്‍, എന്തെങ്കിലും അസൌകര്യമോ താല്പര്യ കുറവോ തോന്നുന്നുവെങ്കില്‍ സാദരം ക്ഷമിക്കണമെന്നും ലിങ്ക് ഡിലിറ്റ് ചെയ്യണമെന്നും വിനീതമായി അപേക്ഷിക്കുന്നു.
അഭിപ്രായങ്ങളും നിര്ദ്ദേ ശങ്ങളും പ്രതീക്ഷിക്കുന്നു. വിയോജിപ്പുകള്‍ ഏറെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു.

Sidheek Thozhiyoor said...

ബ്രോഡ്കാസ്റ്റ് ചെയ്യപെടുന്നവയുടെ യഥാർത്ഥ അവസ്ഥയും സത്യവും തിരിച്ചറിഞ്ഞാൽ അതിനെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാതിരിക്കുക എന്നത് തങ്ങൾ ബ്രോഡ്കാസ്റ്റ് ചെയ്യുന്ന വാർത്തകളുടെ സത്യസന്ധത ചോദ്യം ചെയ്യപെടുമെന്നത് കൊണ്ട് മാത്രമല്ല, പ്രൊജക്റ്റ് ചെയ്യേണ്ട രാഷ്ട്രീയ ലക്ഷ്യങ്ങൾ തകിടം മറിയുമെന്നത് കൊണ്ട് തന്നെയാണ്.
തീര്‍ച്ചയായുംഅതാണ് സത്യം.

Related Posts Plugin for WordPress, Blogger...